തിരുവനന്തപുരം: പുതുതലമുറയുടെ ആവേശം പ്രചോദനമേകുന്നുവെന്നും അവരുടെ ആസ്വാദന നിലവാരമനുസരിച്ചായിരിക്കും ഇനിയുള്ള തന്റെ സിനിമകളെന്നും സംവിധായകന് ജയരാജ്. ഇനി കൊമേഴ്സ്യല്‍ മെയിന്‍സ്ട്രീം സിനിമകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നാല് അവാര്‍ഡുകള്‍ നേടിയ ശേഷം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംവിധായകന്റെ ജീവിതത്തിലെ സ്വപ്നങ്ങള്‍ക്കും ചിന്തകള്‍ക്കും അപ്പുറമുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ചത്. ഇത് എന്നില്‍ വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും നല്ല സിനിമയ്ക്ക് പ്രേക്ഷകരുടെ പിന്തുണയും കൂടിയായപ്പോള്‍ അത് പൂര്‍ണമായി. പരീക്ഷണാടിസ്ഥാനത്തിനുള്ള ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ സഹായം നല്‍കുന്നതിനും മാത്രമായാണ് സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് സ്ഥാപിച്ചിട്ടുള്ളതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല നടക്കുന്നത്. റിലീസിനായി ഇവിടെ അഭയാര്‍ഥികളെ പോലെ തങ്ങള്‍ യാചിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ല.
സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ബാലവേല. ജൂറി അംഗങ്ങളുടെ മനസില്‍ ഉണ്ടാക്കിയ ഇംപാക്ട് തന്നെയാണ് കൂടുതല്‍ അംഗീകാരങ്ങള്ക്കുപിന്നില്. ഈ ചിത്രത്തില്‍ കുട്ടി അനുഭവിക്കുന്ന കറുത്ത മുഖങ്ങള്ക്കുപരി അവന് നഷ്ടമാകുന്നത് സ്വപ്നതുല്യമായ അന്തരീക്ഷമാണ്. അതിനു പ്രധാന്യം നല്‍കാനുള്ള തീരുമാനമാണ് ഈ അംഗീകാരത്തിനു ഹേതു. മുംബൈയില്‍ നടന്ന മാമി ഫെസ്റ്റില്‍ കുട്ടികള്‍ ജൂറിയായി നല്കിയ അംഗീകാരവും എന്നെ ഏറെ ആഹഌദിപ്പിച്ചു. 2000-ല്‍ കരുണത്തിന് സുവര്‍ണ മയൂരം ലഭിച്ചു.
തന്റെ സിനിമകളായ കരുണം, രൗദ്രം,ബീഭത്സം, അത്ഭുതം തുടങ്ങിയ സിനിമകള്‍ക്കുശേഷം ഇനി വീരം ചെയ്യുനദ്ദേശിക്കുന്നു. കളരി എന്ന ആയോധനകലയെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരിക്കുമത്. 2000-നുശേഷം കച്ചവട സിനിമകള്‍ ചെയ്തത് ബാലിശമായിപ്പോയെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി.
ആ തിരിച്ചറിവാണ് ഒറ്റാലുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാന്‍ ഇടയാക്കിയത്. അതോടെ ഉത്തരവാദിത്വവും വര്‍ദ്ധിച്ചു.
വളരെ ഗൗരവമായി സിനിമയെ കാണുന്നവരാണ് പുതുതലമുറക്കാരെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി. അതിനാല്‍ പുതുതലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്. ഒറ്റാലിന്റെ ഓണ്‍ലൈന്‍ റിലീസിംഗിന് അനുകൂല പ്രതികരണമാണുണ്ടായത്. ഓണ്‍ലൈനിലൂടെ സിനിമകള്‍ വിജയിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒറ്റാല് സിനിമയിലെ നടന് കുമരകം വാസുദേവന്‍, നിര്‍മ്മാതാവ് മോഹന്‍, നടിയും ജയരാജിന്റെ ഭാര്യയുമായ സബിതാ ജയരാജ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: