പത്തനംതിട്ട: സേഫ് കേരള-ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനും മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്റര്‍, സോഡാ നിര്‍മാണ യൂണിറ്റ്, ഐസ് ഫാക്ടറികള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി 650 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
47 ഹോട്ടലുകളുകള്‍ക്കും ഒന്‍പത് കൂള്‍ബാറുകള്‍ക്കും 11 ബേക്കറികള്‍ക്കും രണ്ട് കാറ്ററിംഗ് സെന്ററുകള്‍ക്കും ഭക്ഷണം കൈകാര്യം ചെയ്യുന്ന 12 മറ്റ് സ്ഥാപനങ്ങള്‍ക്കും പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്കി. 12 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കായി ശുപാര്‍ശ ചെയ്തു. ആകെ 1418 തൊഴിലാളികളില്‍ 759 പേര്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്ന് കണ്ടെത്തി. പുകവലി നിരോധിത മേഖല എന്ന ബോര്‍ഡ് ഇല്ലാത്ത 60 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.
ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക്, ഡെപ്യൂട്ടി ഡി.എം.ഒമാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 57 ടീമുകളാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: