ശബരിമല: ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്കുന്ന വര്‍ഷാശനം 100 കോടിരൂപയാക്കി ഉയര്‍ത്തണമെന്നും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുത്ത് കേന്ദ്ര ഗവണ്മെന്റിനെ കൊണ്ട് ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അനുവദിപ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍. പി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദീര്‍ഘവീക്ഷണമില്ലാത്ത ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടെത്തിയിട്ടില്ല. വിവിധ വകുപ്പുകളുടെ കടന്നു കയറ്റം ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു. പ്രസാദത്തിന് എഫ്എസ്എസ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ഭക്തന്മാര്ക്ക് നേര്‍ക്കുള്ള കടന്നു കയറ്റമാണ്.
സന്നിധാനത്ത് അടുത്തകാലത്തുണ്ടായ വിവാദങ്ങളില്‍ പോലീസ് നേരിട്ട രീതി ഒരു കാനന ക്ഷേത്രത്തിന്റെ പരിപാവനത ഇല്ലായ്മ ചെയ്യാന്‍ കരുതികൂട്ടി തയ്യാറാക്കിയതായി സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭണ്ഡാരം കുറ്റമറ്റതാക്കുന്നതിലേക്കായി വിശാലമായ ഒരു ഹാള്‍ നിര്‍മ്മിച്ച് ആധുനിക സംവിധാനങ്ങള്‍ ഒരുക്കുക, പരിശോധനയ്ക്കായി സ്കാനര്‍ സംവിധാനം ഏര്‍പ്പെടുത്തുക, ജീവനക്കാര്‍ക്ക് ഭക്ഷണം നല്കുന്ന കാര്യത്തിലുള്ള വിവേചനം അവസാനിപ്പിക്കണം. ചികിത്സയ്ക്കായി ചിലവഴിച്ച പണം തിരികെ നല്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുകയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നിവ ക്ഷേത്ര ജീവനക്കാര്‍ക്ക് ബാധകമാക്കേണ്ടതുമാണ്.
ക്ഷേത്ര ജീവനക്കാരുടെ ഫാമിലി പെന്ഷന് പക്ഷഭേദമില്ലാതെ തുല്യമാക്കണം. തീര്‍ത്ഥാടന കാലത്ത് ഡ്യൂട്ടി അലവന്‍സ് ശബരിമലയിലേതിന് തുല്യമായി പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടി നോക്കുന്നവര്‍ക്കും ബാധകമാക്കേണ്ടതാണ്.
പരിധിയില്ലാതെ ആശ്രിത നിയമനം നടത്തിയ അതേ മാനദണ്ഡം അവലംബിച്ച് നിലവിലുള്ള മുഴുവന്‍ ഒഴിവുകളിലും ലോ പെയ്ഡ് പ്രമോഷന് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം.
ക്ഷേത്ര ജീവനക്കാര്‍ക്ക് കെഎസ്ആര് ബാധകമാക്കുന്നതിന് തടസ്സമായുള്ള നിലവിലെ നിയമങ്ങള്‍ ലഘുകരിച്ച് നടപ്പിലാക്കണെമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നല്‍കിയതായും എംപ്ലോയീസ് സംഘ് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ്, ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാകേഷ്, സെക്രട്ടറിമാരായ ശ്രീകുമാര്‍, പുഷ്പരാജ്, സംസ്ഥാന സമിതിയംഗങ്ങളായ മുരളീധരന്‍നായര്‍, സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: