ശബരിമല: ശബരിമലയെ പ്രത്യേക മേഖലയാക്കി പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്.എം. സുബ്ബയ്യയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് ഇതില്‍ പ്രധാനം. ഇത്തവണ മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് അഞ്ചുദിവസം പുല്‍മേട്-സന്നിധാനം വനപാതയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ കവറേജ് ഏര്‍പ്പെടുത്തും. മകരവിളക്കിന് രണ്ടുദിവസം മുന്‍പ് മുതലാണ് ഈസേവനം ലഭിക്കുക. സന്നിധാനത്തെയും ഇടുക്കി ജില്ലയിലെയും റിപ്പീറ്റേഴ്സ് സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്തിയാണ് കവറേജ് ലഭ്യമാക്കുന്നത്. സത്രത്തില്‍ പോലീസ് വയര്‍ലെസ് സ്റ്റേഷനോട് ചേര്‍ന്നാണ് ഇതിനുള്ള ക്രമീകരണം ഒരുക്കുന്നത്.
ശബരിമല തീര്‍ത്ഥാടനകാലത്തു പ്രയോജനപ്പെടുത്തുന്നതിനായി ഗവിയില്‍ ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. അത് സ്ഥിരം സംവിധാനമാക്കുന്നത് പരിഗണിക്കും. സന്നിധാനത്തും പമ്പയിലും ശബരിമലയ്ക്കുള്ള തീര്‍ത്ഥാടന പാതകളിലും പൂര്‍ണ്ണ മൊബൈല്‍ കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ടുജി, ത്രിജി കവറേജ് ലഭ്യമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ത്രിജി ടവറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനത്തെയും പമ്പയിലെയും തീര്‍ത്ഥാടന പാതകളിലെയും മൊബൈല്‍ സംവിധാനം വിലയിരുത്തിയ ശേഷമാണ് ആര്. എം. സുബ്ബയ്യ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: