ശബരിമല: തീര്‍ത്ഥാടകര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ വിശ്രമിക്കാന്‍ മതിയായ സ്ഥലമില്ലാതെ സന്നിധാനം. പ്രതിദിനം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദര്‍ശനം നടത്തുന്നത്. മണിക്കൂറുകള്‍ യാത്ര ചെയ്തെത്തുന്ന ഭക്തന് അഞ്ചുമിനിട്ടുപോലും സ്വസ്ഥമായി വിശ്രമിക്കാന്‍ സന്നിധാനത്ത് സ്ഥലമില്ല.
സന്നിധാനത്ത് ഒരേ സമയം പതിനായിരം പേര്‍ക്കുപോലും വിശ്രമിക്കാന്‍ സ്ഥലമില്ല. വലിയ നടപ്പന്തല്‍, വലിയ തിരുമുറ്റം, മാളികപ്പുറത്തെ നടപ്പന്തല്‍, മാവുണ്ട വിരി, അന്നദാനമണ്ഡപം എന്നീ സ്ഥലങ്ങളിലാണ് ഭക്തര്‍ വിശ്രമിക്കാനായി തെരഞ്ഞെടുക്കുന്നത്. ഇതില്‍ വലിയ നടപ്പന്തലില്‍ ബാരിക്കേഡിനു ശേഷം കുറച്ചു സ്ഥലം മാത്രമാണുള്ളത്. മഴ പെയ്താല്‍ വലിയ തിരുമുറ്റത്ത് വിശ്രമിക്കാന്‍ സാധിക്കില്ല. കുട്ടികളുമായും പ്രായമായവരെയും കൊണ്ട് ദര്‍ശനത്തിന് എത്തുന്നവരാണ് കൂടുതല്‍ വിഷമിക്കുന്നത്. രാത്രിയില്‍ ഇത് കൂടുതല്‍ ദയനീയമാണ്. കുട്ടികള്‍ അടക്കമുള്ളവര്‍ തണുത്ത് വിറച്ച് കരയുന്നത് പതിവ് കാഴ്ചയാണ്. കത്തുന്ന വെയിലായാല്‍ സ്ഥിതി ഇതിലും പരിതാപകരമാകും.
ഭക്തരുടെ പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയങ്ങളില്‍ വാടകയിനത്തില്‍ വന്‍കിട നഗരങ്ങളെപ്പോലും വെല്ലുന്ന രീതിയിലുള്ള വാടകയാണ് ബോര്‍ഡ് ഇടാക്കുന്നത്. പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, മണികണ്ഠ, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിങ്ങനെ പത്ത് കെട്ടിട സമുച്ചയങ്ങളാണ് ഭക്തര്‍ക്ക് വാടകയ്ക്ക് നല്‍കാനായി നിര്‍മ്മിച്ചിരിക്കുന്നത്.
12മണിക്കൂര്‍ കണക്കാക്കിയാണ് ഓരോ മുറികളും നല്‍കുന്നത്. കൂടുതല്‍ സൗകര്യമുള്ള ശബരി ഗസ്റ്റ് ഹൗസും സന്നിധാനത്തുണ്ട്. പ്രണവത്തില്‍ രണ്ടുപേര്‍ക്ക് 250, സഹ്യാദ്രി, കൈലാസ് എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് 450, പാലാഴിയില്‍ നാലുപേര്‍ക്ക് 1600, സോപാനത്തില്‍ രണ്ടു പേര്‍ക്ക് 800. മണികണ്ഠയില് നാലു പേര്‍ക്ക് 1600, ചിന്മുദ്ര മൂന്നുപേര്‍ക്ക് 400, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് 650, മരാമത്ത് കെട്ടിടത്തില്‍ രണ്ടുപേര്‍ക്ക് 450 രൂപയുമാണ് ഈടാക്കുന്നത്.
പ്രണവം, സഹ്യാദ്രി, കൈലാസ്, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടെ അധികമായി താമസിക്കുന്ന ഓരോരുത്തരില്‍ നിന്നും 100 രൂപവീതവും പാലാഴി, സോപാനം, മണികണ്ഠ എന്നിവിടെ 250 രൂപവീതവും മരാമത്ത് കെട്ടിടത്തില്‍ 150 രൂപയും ഈടാക്കുന്നു. ഭക്തരില്‍ നിന്നും തലയെണ്ണി പണം വാങ്ങുമ്പോള്‍ ഇവര്‍ക്ക് കിടക്കാന്‍ പായ പോലും നല്‍കുന്നില്ല. പായ വേണമെങ്കില്‍ വീണ്ടും 10രൂപ വീതം നല്‍കണം. തിരക്കുള്ള ദിവസം ഇതും ലഭിക്കാറില്ല.
ഓരോ മണ്ഡല കാലത്തും വലിയ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍ ഭക്തര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കുന്നതില്‍ പിന്നോട്ടു പോകുന്നു. ക്ഷേത്രത്തിന് അന്‍പത് മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് വിരിവയ്ക്കാനുള്ള സൗകര്യവും പുതിയ വിശ്രമ പന്തലുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: