നെയ്യാറ്റിന്‍കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്‍ നഗരസഭ യുഡിഎഫ് ഭരണസമിതി രാജീവ് ഗാന്ധി ഭവനനിര്‍മാണ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെരുവിലിറക്കിയെന്ന് ബിജെപി ആരോപിച്ചു. ഭവനനിര്‍മാണ പദ്ധതിക്കാവശ്യമായ തുക ഉപഭോക്താക്കള്‍ക്ക് കൊടുക്കാനില്ല എന്നറിഞ്ഞുകൊണ്ട് ഉള്ള തുക എല്ലാവര്‍ക്കുംകൂടി പങ്കുവച്ചു. ഇതറിയാത്ത പാവപ്പെട്ട ഉപഭോക്താക്കള്‍ പുതിയ കോണ്‍ക്രീറ്റ് വീട് നിര്‍മിക്കുന്നതിനായി ചെറിയ കൂരമേഞ്ഞ വീടുകള്‍ പൊളിച്ച് ബെയ്സ്മെന്റ് കെട്ടുകയും ചെയ്തു. തുടര്‍ന്ന് നിര്‍മാണത്തിനാവശ്യമായ ഫണ്ട് ഇല്ലാതെ കുടുംബങ്ങള്‍ തെരുവില്‍ അഭയം പ്രാപിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വോട്ടു നേടുന്നതിന് ഇത്തരത്തില്‍ കുടുംബങ്ങളെ തെരുവിലിറക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി നെയ്യാറ്റിന്‍കര ടൗണ്‍ ഏര്യാകമ്മറ്റി ആവശ്യപ്പെട്ടു. അറുന്നൂറോളം കുടുംബങ്ങളെ വഴിയാധാരമാക്കിയ നടപടിക്കെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏര്യാകമ്മറ്റി പ്രസിഡന്റ് കൂട്ടപ്പന മഹേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: