ആലപ്പുഴ: ഭിത്തി പൊട്ടിപ്പിളര്‍ന്ന് റോഡിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന ജീര്‍ണിച്ച കെട്ടിടം പൊളിച്ചു നീക്കാത്തത് യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. എസ് ഡി വി സെന്‍ട്രല്‍ സ്‌കൂള്‍, ഗവ. എസ്ഡിവി ജെബിഎ സ്‌കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ നിരന്തരം യാത്ര ചെയ്യുന്ന വൈ എം സി എ റോഡിനോട് ചേര്‍ന്നുള്ള ഇടറോഡിലാണ് സ്വകാര്യ വ്യക്തിയുടെ ജീര്‍ണിച്ച കെട്ടിടം ഏത് സമയവും നിലംപൊത്താവുന്ന നിലയില്‍ നില്‍ക്കുന്നത്.
കെട്ടിടത്തിന്റെ ഭിത്തി പിളര്‍ന്ന് റോഡിലേക്ക് ഏത് സമയവും വീഴാവുന്ന നിലയിലായത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസെത്തിയെങ്കിലും ഇവര്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാക്ഷേപമുണ്ട്. ജീര്‍ണിച്ച കെട്ടിടം പൊളിച്ചു നീക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനും നഗരസഭക്കുമാണെന്ന് പറഞ്ഞ് പോലീസ് കൈയൊഴിയുകയായിരുന്നു.
ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചെങ്കിലും പോലീസിന് വിവരം കൈമാറി അവരും കൈയൊഴിഞ്ഞതോടെ നാട്ടുകാര്‍ അങ്കലാപ്പിലായിരിക്കുകയാണ്. നിലംപൊത്താറായ കെട്ടിടം പൊളിച്ചു നീക്കാതെ ദുരന്തം വിളിച്ചുവരുത്താനുള്ള കെട്ടിട ഉടമയുടെയും പോലീസ് അധികൃതരുടെയും നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
















