പേട്ട: രാജ്യാന്തരവിമാനത്താവളത്തിലെ പെയ്ഡ് ട്രോളി സര്‍വ്വീസ് പ്രതിസന്ധിയില്‍. യാത്രക്കാരുമായി പോകുന്ന പെയ്ഡ് ട്രോളി ജീവനക്കാരെ തടഞ്ഞ് നിര്‍ത്തിയുള്ള ഫ്രീ ട്രോളി ജീവനക്കാരുടെ ഭീഷണിയും പ്രവര്‍ത്തനത്തിനാവശ്യമായ പാസ് യഥാക്രമം അധികൃതര്‍ നല്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.
പെയ്ഡ് ട്രോളി സംവിധാനം നിര്‍ത്തലാക്കുന്നതിനായി ജീവനക്കാരുടെ ലോബിയും ചരടുവലി നടത്തുന്നതായി ആരോപണമുണ്ട്. ഉത്തരേന്ത്യന്‍ കമ്പനിയായ സപ്തഗിരി പെയ്ഡ് ട്രോളി പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇതിനിടയില്‍ നിരവധി തവണ ഫ്രീ ട്രോളി ജീവനക്കാരുടെ ഭീഷണിയുണ്ടായി. ഇത് സംബന്ധിച്ച് പരാതി വിമാനത്താവള അതോറിയില്‍ ഉന്നയിച്ചെങ്കിലും നടപടിയായില്ല. ഫ്രീട്രോളി കരാറുകാരനുമായി ചര്‍ച്ച നടത്താനാണ് കൊമേഴ്സ്യല്‍ വിഭാഗത്തില്‍ നിന്നുള്ള മറുപടി.
വിമാനത്താവളത്തിലെ സംവിധാനങ്ങള്‍ അറിയാത്ത യാത്രക്കാര്‍ക്ക് വഴികാട്ടിയെന്ന നിലയിലാണ് പെയ്ഡ് ട്രോളിയുടെ പ്രവര്‍ത്തനം. 200 രൂപ കൗണ്ടറില്‍ അടച്ചാല്‍ എമിഗ്രേഷന്‍ അപേക്ഷ പൂരിപ്പിക്കുന്നതു മുതല്‍ ട്രോളിയില്‍ ലഗേജുകള്‍ നിശ്ചിത സ്ഥലത്ത് എത്തിക്കുക, ആവശ്യാനുസരണം യാത്രക്കാര്‍ക്ക് താമസ സൗകര്യം തരപ്പെടുത്തുക തുടങ്ങിയ എല്ലാവിധ ആവശ്യങ്ങളും ട്രോളി എക്സിക്യൂട്ടീവുകള്‍ ചെയ്തുകൊടുക്കും. 500 രൂപ അടച്ചാല്‍ ക്യൂ നില്‍ക്കാതെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വരെ സാധ്യമാകും. കമ്പനിയുടെ പ്രവര്‍ത്തനം തുടക്കമെന്നോളം ഒരു ഷിഫ്റ്റിന് 10 പേരെന്ന ക്രമത്തില്‍ 30 പാസ്സുകളാണ് അതോറിട്ടിയോട് കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പാസ്സെന്ന ക്രമത്തില്‍ ഇതുവരെ പന്ത്രണ്ട് പാസ്സുകളാണ് സപ്തഗിരിക്ക് നല്‍കിയിട്ടുള്ളത്. കൂടുതല്‍ പാസ്സുകള്‍ വിതരണം ചെയ്യാന്‍ കഴിയുകയില്ലെന്ന നിലപാടിലാണ് പാസ് വിതരണം നടത്തുന്ന ഉദ്യോഗസ്ഥര്‍. പരാതിപ്പെട്ടെങ്കിലും ഔദ്യോഗിക കാര്യത്തില്‍ കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കാന്‍ ഡയറക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തയ്യറാവുന്നില്ല. അതേ സമയം ഫ്രീ ട്രോളിയില്‍ അനുവദിച്ചിരിക്കുന്ന 40 പാസ്സിന്മേല് എണ്‍പതോളം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. 500 മുതല്‍ 1000 രൂപ വരെ നിര്‍ബന്ധിത കൂലിയായി യാത്രക്കാരില്‍ നിന്നും വാങ്ങിയാണ് ഫ്രീട്രോളി സര്‍വ്വീസ് നടത്തുന്നത്. പ്രതിസന്ധി ഉണ്ടാക്കി സപ്തഗിരി കമ്പനിക്കാരെ കരാറില്‍ നിന്നും പിന്‍വലിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: