കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമല പമ്പ കാനനപാത നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ് നല്കയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യം മൂലം ശബരിമലയിലെ പരിസരമലനീകരണം കൂടുന്നുവെന്നും മൃഗങ്ങള്‍ക്ക് ദോഷം ചെയ്യുന്നുവെന്നും നേരത്തെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
ശബരിമലയില്‍ ചെരിഞ്ഞ ആനയുടെ ആന്തരികാവയവ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നതിനു ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്. എന്നാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുപോകുന്നതില്‍ ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പെെട്ടന്നുള്ള നിരോധനം തീര്‍ത്ഥാടകരെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇളവ് നല്കുന്നതെന്നു ഡിവിഷന് ബെഞ്ച് പറഞ്ഞൂ.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ലൈസന്‍സുള്ള താല്‍ക്കാലിക കടകളില്‍ വില്‍ക്കുന്ന ഭക്ഷ്യസാമഗ്രികളുടെ വില നിര്‍ണ്ണയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ഭക്ഷ്യവില പ്രദര്ശനനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്ക്വാഡ് പരിശോധന നടത്തണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
അച്ചന്‍കോവില്‍, ആര്യന്‍കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ കടകള്‍ സംബന്ധിച്ചാണ് കോടതി കൊല്ലം ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അവശ്യവസ്തു നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണം, സസ്യാഹാരം അവശ്യവസ്തുവായി ഉള്‍പ്പെടുത്തണം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലും ശബരിമല റൂട്ടിലുള്ള സമീപപ്രദേശങ്ങളിലും ഇത് കര്‍ശനമായി പാലിക്കണം. ഇതിനായി ജില്ല കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: