ശബരിമല: പമ്പ ഗാര്‍ഡ് റൂമില്‍ ആവശ്യത്തിന് വനിതാ പോലീസില്ലാത്തതിനാല്‍ തിരക്കേറുന്നതോടെ യുവതികള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മലകയറാന്‍ സാദ്ധ്യത ഏറി. ഇവിടെ കഴിഞ്ഞ വര്‍ഷം ഓരോ ഊഴത്തിലും ആറ് വനിതാ പോലീസുകാരെ വീതം നിയോഗിച്ചിരുന്നു. എന്നാല്‍ ഇക്കുറി രണ്ട് വനിതാ പോലീസുകാര്‍ മാത്രമാണുള്ളത്.
ഇവരില്‍ ഒരാള്‍ സ്കാനര്‍ പരിശോധിക്കുന്നിടത്തും മറ്റൊരാള്‍ കുട്ടികള്‍ കൂട്ടം തെറ്റാതിരിക്കാന്‍ ബാഡ്ജ് ധരിപ്പിക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നതോടെ യുവതികളെ പരിശോധിക്കാന്‍ വനിതാ പോലീസ് ഇല്ലാത്ത അവസ്ഥയാണ്.
പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ മലകയറുന്നത് ആചാരലംഘനമാണെന്നിരിക്കെ ഇതറിയാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി സ്ത്രീകളാണ് തീര്‍ത്ഥാടനത്തിന് എത്തുന്നത്. ഇവരെ പമ്പാ ഗാര്‍ഡ് റൂമിന് മുന്‍വശത്ത് ദേവസ്വം ജീവനക്കാരും വനിതാ പോലീസുകാരും ചേര്‍ന്ന് തടയുകയും ഒപ്പമുള്ളവര്‍ ദര്‍ശനം നടത്തിവരുന്നതു വരെ ഗാര്‍ഡ് റൂം പ്രവൃത്തിക്കുന്ന കെട്ടിടത്തില്‍ താമസിപ്പിക്കുകയുമാണ് ചെയ്യുന്നത്.
മണ്ഡല തീര്‍ത്ഥാടന ആരംഭത്തില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനിയെ വലിയ നടപ്പന്തലില്‍ പോലീസ് തടഞ്ഞ് തിരിച്ച് അയച്ചിരുന്നു. വരുംദിവസങ്ങളില്‍ തിരക്ക് ഏറുന്നതോടെ പരിശോധന പ്രഹസനമാകാനാണ് സാധ്യത. അതിനാല്‍ കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: