ശബരിമല: പമ്പയിലെയും ശബരിമലയിലെയും മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബജ്രംഗ്ദള്ന്റെ നേതൃത്വത്തില്‍ തുടര്‍ ശുചീകരണ പദ്ധതികള്‍ നടത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജെ.ആര്. കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി സമാന മനസ്ഥിതിയുള്ള സംഘടനകള്‍, ദേവസ്വം, പോലീസ് അധികൃതരുമായി ചര്‍ച്ച നടത്തി പദ്ധതികള്‍ തയ്യാറാക്കും. 29, 30 തീയതികളില്‍ പമ്പ, തീര്‍ത്ഥാടന പാത, സന്നിധാനം എന്നിവിടങ്ങളില്‍ നടക്കുന്ന ശുചീകരണത്തില്‍ ആയിരം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശുചീകരണത്തോടൊപ്പം അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ ശബരിമലയെ പവിത്രമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതുമൂലം പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും ഉണ്ടാകുന്ന ദുരന്തത്തെ കുറിച്ച് ബോധവത്ക്കരണം നടത്തും. ഇതിലൂടെ ശബരിമലയിലേക്ക് മലിന വസ്തുക്കള്‍ കൊണ്ടുവരുന്നതില്‍ നിന്നും അയ്യപ്പന്മാരെ പിന്തിരിപ്പിക്കാന് സാധിക്കും.
കുടിവെള്ള കുപ്പികളാണ് ശബരിമലയെ കൂടുതല്‍ മലിനമാക്കുന്നത്. ഇത് ഉപേക്ഷിക്കുന്നതില്‍ നിന്നും അയ്യപ്പന്മാരെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ തീര്‍ത്ഥാടന പാതയില്‍ സ്ഥാപിക്കുന്നതിനൊപ്പം കുപ്പികള്‍ സംഭരിക്കുന്നതിനായി കൂടുതല്‍ പെട്ടികള്‍ സ്ഥാപിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അലംഭാവം തുടരുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ താമസിച്ചാല്‍ ബദല്‍ സംവിധാനം ഒരുക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാറുകാരും തൊഴിലാളികളും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്നീക്കം ചെയ്തില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്ത് കരാറുകാരില്‍ നിന്നും പിഴ ഈടാക്കണം. ശബരിമലയിലെ മാലിന്യപ്രശ്നങ്ങള്‍ കോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ത്ഥാടന പാതകളില്‍ ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. നാരായണന്, സംഘടനാ സെക്രട്ടറി എം. സി. വത്സന്, ബജ്രംഗ്ദള് സംസ്ഥാന സംയോജകന്‍ വി. പി. രവീന്ദ്രന്, സംഘടനാ വിശേഷ സമ്പര്‍ക്ക പ്രമുഖ് കെ. വിപിന്‍ എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: