വന്‍ മൂലധന മുതല്‍മുടക്കില്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതും റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുക്കുന്നതും കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിര്‍മിക്കുന്നതുമാണ് വികസനമെന്ന് തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിലാണ് സമൂഹം.
പ്രകൃതിക്ക് മാറ്റം വരുത്തി നടത്തുന്ന ഈ വികസന പ്രവൃത്തികള്‍ പലപ്പോഴും പ്രകൃതി ദുരന്തങ്ങളിലാണ് ചെന്നെത്തുന്നത്. ചെന്നൈ പ്രളയം അതുപോലെ ഒന്നാണ്. അശാസ്ത്രീയമായി ആസൂത്രണരഹിതമായി വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ നഗരങ്ങള്‍ക്ക് ഇതൊരു അടയാളമാണ്. സൂചികയാണ്. കൊച്ചിയും തിരുവനന്തപുരവും ഏതാണ്ട് ചെന്നൈ രൂപത്തിലുള്ള വികസനത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കയാണ്.
2050 ന് മുമ്പ് ലോകത്തില്‍ പ്രളയവും പേമാരിയും നിമിഷപ്രളയവും നിരന്തര പ്രതിഭാസങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങളാണിവ. സമുദ്രനിരപ്പിലെ ഉയര്‍ച്ചയും വരള്‍ച്ചയും കാട്ടുതീയും മഞ്ഞുമലകളുടെ ഉരുകലും കൊടുങ്കാറ്റുകളുടെ വരവും ഈ നൂറ്റാണ്ടിലെ പ്രത്യേകതകളാണെന്ന് ശാസ്ത്രസമൂഹം ആണയിടുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ അശാസ്ത്രീയ വികസനത്തിന്റെ പുറകെ പോകുന്ന നഗരങ്ങള്‍ക്ക് ചെന്നൈ പ്രളയം താക്കീതാണ്. കുന്നിടിച്ച് മണ്ണും കരിങ്കല്ലും എടുത്ത് ചതുപ്പ് നികത്തല്‍, തണ്ണീര്‍ത്തടങ്ങള്‍ രൂപാന്തരപ്പെടുത്തല്‍, പാടശേഖരങ്ങള്‍ നികത്തി വീടുവയ്ക്കല്‍, പുഴത്തീരം കയ്യേറുക, നദീബന്ധനം, പശ്ചിമഘട്ടത്തിലെ പാറഖനനം, കാടു നശിപ്പിക്കല്‍, അമിതമായ മണ്ണെടുപ്പ് എന്നിവയെല്ലാം നഗരവല്‍ക്കരണത്തിന്റെ സന്തതസഹചാരികളാണ്.
പ്രകൃതിയെ രൂപാന്തരപ്പെടുത്തി മനുഷ്യന് ഉണ്ടാക്കുന്നതെല്ലാം തച്ചുടക്കാനും അലങ്കോലമാക്കാനും പ്രകൃതിക്ക് അധികസമയം വേണ്ടെന്നുള്ള മുന്നറിയിപ്പാണ് ചെന്നൈ പ്രളയദുരിതവും സുനാമിയും കൊടുങ്കാറ്റും. പ്രകൃതിദുരന്തങ്ങള്‍ ഇതിന്റെ സൂചകങ്ങളായി മനുഷ്യനു മേല്പ്പതിച്ചതാണ്. എന്നിട്ടും ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് മനുഷ്യന് നശീകരണത്തിലൂടെ മുന്നേറുകയാണ്. മുന്നേറ്റമെന്ന് കരുതുന്ന വികസനമെല്ലാം പുറകോട്ടടിക്കുന്ന പ്രതിഭാസങ്ങളാണ് ഈ പ്രകൃതി ദുരന്തങ്ങള്‍. ചെന്നൈ പ്രളയത്തില്‍ ധനവാനും ദരിദ്രനും ഒരേപോലെ ദുരിതമനുഭവിച്ചു.
ആശങ്കയും വേവലാതിയും കഷ്ടപ്പാടും എല്ലാവര്ക്കും ഒന്നായിരുന്നു. ഗതാഗതം നിലച്ചു. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം കറന്റില്ലാതെ നിശ്ചലമായി. വെള്ളം, പാല്, ഭക്ഷണം എന്നിവ ലഭ്യമല്ലാതായി. പത്രങ്ങള്‍ വരെ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടന്നവരെ ഹെലികോപ്റ്റര്‍ വഴി രക്ഷിക്കേണ്ടിവന്നു. സാധാരണക്കാര്‍ മരുന്നില്ലാതെയും ചികിത്സ ലഭിക്കാതെയും കഷ്ടപ്പെട്ടു. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന 18 രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരണമടഞ്ഞു. ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പ്രളയം മൂലം യാതന സഹിച്ചവര്‍ ലക്ഷക്കണക്കിനാണ്. നമ്മുടെ വികസന സങ്കല്‍പ്പം ഇതാണോ?
ചെന്നൈ പ്രളയത്തിന്റെ കാരണം അന്വേഷിച്ചെടുക്കുമ്പോള് സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും റിയല്‍ എസ്റ്റേറ്റ് ലോബിയെയും പഴിക്കുന്നവര്‍ നിരവധിയാണ്. ജനകീയ ഭരണം ജനങ്ങളെ മറന്ന് തന്നിഷ്ടപ്രകാരം ഭരണം നടത്തി എന്നതാണ് സ്ഥിതി. നിയമങ്ങള്‍ പാലിപ്പിക്കേണ്ടതിന് പകരം നിയമങ്ങളില്‍ വേണ്ടതിലധികം ഇളവുകള്‍ നല്കി അഴിമതി വികസിച്ചുവെന്നതാണ് ശരി. നിരന്തരം പ്രളയഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ പോലും വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല എന്ന കെടുകാര്യസ്ഥതയാണ് ജനങ്ങള്‍ ഭരണനേതൃത്വത്തിന് മേല്‍ ആരോപിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യം എടുക്കേണ്ട മുന്നൊരുക്കങ്ങളോ, നേരിടുന്നതിനുള്ള നടപടിയോ സ്വീകരിക്കാത്ത ഭരണയന്ത്രം കാലഹരണപ്പെട്ടതാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
ചെന്നൈ പ്രളയത്തിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്ന ചില വസ്തുതകള്‍.
1) ചെന്നൈ എയര്‍പോര്‍ട്ട് പണിതീര്‍ത്തിരിക്കുന്നത് അടയാര്‍ നദിയുടെ പ്രളയപ്രതലത്തിലാണ്.
2) ബസ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത് പ്രളയ ബാധിത പ്രദേശമായ കോയമ്പേട് ആണ്.
3) മാസ്റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം പണിതിരിക്കുന്നത് പള്ളിക്കാരനൈ ചതുപ്പും ബക്കിങ്ഹാം കനാലും നികത്തിയെടുത്താണ്.
4) എക്സ്പ്രസ് ഹൈവേകളും ബൈപാസ് റോഡുകളും പ്രാദേശിക ജലമൊഴുക്കോ പ്രളയസാധ്യതയോ കണക്കിലെടുക്കാതെയാണ്.
5) ഐടി കോറിഡോറും എഞ്ചിനീയറിങ് കോളേജുകള്‍ പടുത്തുയര്‍ത്തിയ നോളഡ്ജ് കോറിഡോറും പണിതീര്‍ത്തിരിക്കുന്നത് ജലാശയങ്ങള്‍ നികത്തിയെടുത്താണ്.
6) ഓട്ടോമൊബൈല്‍ വ്യവസായങ്ങളും ടെലികോം വ്യവസായങ്ങളും സ്പെഷ്യല്‍ ഇക്കണോമിക് സോണുകളിലാണ് പണിതിരിക്കുന്നത്. ഇതും വന്‍കിട പാര്‍പ്പിട സമുച്ചയങ്ങളും പണിതീര്‍ത്തിരിക്കുന്നത് വൃഷ്ടിപ്രദേശങ്ങളിലും അഴുക്കുചാലുകള്‍ നികത്തിയുമാണ്.
7) വേളച്ചേരിയിലെ ഐടി കോറിഡോറും ഓള്‍ഡ് മഹാബലിപുരം റോഡും (ഒഎംആര്‍) നികത്തി റിയല്‍ എസ്റ്റേറ്റ് വ്യവഹാരത്തിനായി മാറ്റിയത് മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി.
8) കോശസ്തലയാര്, കൂവം, അഡയാര്‍ നദികളും ബക്കിങ് ഹാം കനാലും ബന്ധിപ്പിക്കുന്ന 1448 കോടി രൂപയുടെ 2007-2008 കാലഘട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ജനോറം പദ്ധതി നടപ്പാക്കിയില്ല.
9) സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് 1.5 ലക്ഷം അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 300 ജലാശയങ്ങള്‍ അപ്രത്യക്ഷമാക്കി.
10) ചെന്നൈ നഗരത്തിന്റെ തെക്കേ പ്രാന്തപ്രദേശത്തെ പള്ളക്കാരനൈ ചതുപ്പ് 250 ചതുരശ്ര കി.മീ. ഉണ്ടായിരുന്നത് 4.3 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.
11) ബക്കിങ്ഹാം കനാലിന്റെ അടയാര്‍ തോട് മുതല്‍ കോവാലം വരെ 25 മീറ്റര്‍ വീതിയുണ്ടായിരുന്നത് വെറും 10 മീറ്ററായി ചുരുങ്ങി.
12. അടംമ്പാക്കം മുതല്‍ പള്ളിക്കാരനൈവരെയുള്ള വീരങ്കല്‍ ഓട കാണാനില്ല.
13) പ്രളയ ജലം ഉള്‍ക്കൊണ്ടിരുന്ന വിരുഗംബാക്കം, പാടി, വില്ലിവാക്കം ജലസംഭരണികള്‍ സര്‍ക്കാര്‍ തന്നെ നികത്തിയെടുത്ത് ഇല്ലാതാക്കി.
സുരക്ഷിതമല്ല കൊച്ചിയും
കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവും നിരന്തരം വികലമായ വികസനനയവും പ്രവര്‍ത്തനങ്ങളും മൂലവും ആസൂത്രണം ഇല്ലാതെയുള്ള കെട്ടിടനിര്‍മാണവും അനധികൃത നിര്‍മാണങ്ങളും ജലാശയങ്ങള്‍ മണ്ണിട്ടു നികത്തലും മൂലം വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളായി തീര്‍ന്നിരിക്കുന്നു. ചെന്നൈയില്‍ സംഭവിച്ച അതേ രീതിയില്‍ കൊച്ചിയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കാവുന്നതാണ്.
കൊച്ചിയിലെ നഗരവികസനത്തിനായി ചെങ്ങമനാട്, കാലടി, ശ്രീമൂലനഗരം തുടങ്ങിയ സ്ഥലങ്ങളിലെ ഫലപുഷ്ടമായ പാടശേഖരങ്ങള്‍ കുഴിച്ച് ഇഷ്ടിക ചുട്ട് ഉപയോഗിച്ചു. നദികളിലെ (പെരിയാര്‍, മൂവാറ്റുപുഴ, ഭാരതപ്പുഴ) മണല്‍ ഖനനം ചെയ്ത് ഉപയോഗിച്ചു. പുക്കാട്ടുപടി, കാക്കനാട്, കാഞ്ഞിരമറ്റം, കിഴക്കമ്പലം തുടങ്ങിയ എറണാകുളം ജില്ലയുടെ പ്രാന്തപ്രദേശത്തെ കുന്നുകള്‍ തച്ചുടച്ച് മണ്ണെടുത്ത് കൊച്ചിക്കായലും ചതുപ്പും താഴ്ന്ന പ്രദേശങ്ങളും നികത്തിയെടുത്തു. അശാസ്ത്രീയമായ യാതൊരു ആസൂത്രണവും നയങ്ങളുമില്ലാതെ റോഡ് റെയില്‍ വികസനം നടന്നു. മഴ വന്നാല്‍ സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളക്കെട്ടാണ്. നഗരത്തിലെ ജലത്തിന്റെ ഒഴുക്കും ചരിവും കണക്കിലെടുക്കാതെ ആവശ്യത്തിന് കലുങ്കുകള്‍ ഇല്ലാതെ ഇടപ്പള്ളി അരൂര്‍ റോഡ് റെയില്‍ സംവിധാനങ്ങള്‍ നിര്‍മിച്ചു.
കണ്ടെയ്നര്‍ റോഡും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡും ജലത്തിന്റെ ഒഴുക്കിനെ കണക്കിലെടുക്കാതെ നിര്‍മിച്ചിരിക്കുന്നു. കൊച്ചിയുടെ അഴുക്കുചാല്‍ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ പോലും തയ്യാറായിട്ടില്ല. ജലാശയങ്ങള്‍ മണ്ണിട്ട് നികത്തി പ്രളയ ജലം കായലിലെത്തിക്കുവാനുള്ള പ്രകൃതിദത്ത സംവിധാനങ്ങള്‍ അടച്ചു. കരയും കായലും ചേരുന്ന സ്ഥലങ്ങളില്‍ നിരനിരയായി ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. അനധികൃതമായ കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുവാന്‍ കൊച്ചിനഗരസഭ, മരട് മുനസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ല. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് പണിത നിര്‍മാണപ്രവര്‍ത്തനങ്ങളും അഴിമതിയും ചൂണ്ടിക്കാട്ടി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നോട്ടീസ് നല്‍കിയിട്ടും അധികാര കേന്ദ്രങ്ങള്‍ അനങ്ങിയില്ല.
എജി, ലോക്കല്‍ ഫണ്ട്, ഓഡിറ്റര്‍ തുടങ്ങിയ തെറ്റുതിരുത്തല്‍ സംവിധാനങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ടൗണ്‍ പ്ലാനിങ്ങിലെ പിഴവുകള്‍ നഗരസഭകള്‍ മുഖവിലയ്ക്കെടുക്കുന്നില്ല. തോടുകളുടെയും ഇടത്തോടുകളുടെയും നെറ്റ്വര്‍ക്ക് ആയ കൊച്ചി നഗരത്തിലെ തോടുകളുടെ ഇടത്തോടുകളും പലതും കയ്യേറിയും നികത്തിയെടുത്തും നാമാവശേഷമാക്കിയിരിക്കുന്നു. കൊച്ചിയില്‍ അപ്രത്യക്ഷമായ ഇടതോടുകളും ജലാശയങ്ങളും കണ്ടല്തുരുത്തുകളും എണ്ണമറ്റതാണ്. നഗരത്തിലെ പ്രളയജലം ഒഴുക്കിവിടുവാനുള്ള സംവിധാനങ്ങളായ മുല്ലശ്ശേരി കനാലിലും പേരണ്ടൂര്‍ കനാലിലും സ്ഥാപിച്ചിരിക്കുന്ന പെട്ടിയും പറയും സംവിധാനം കാലഹരണപ്പെട്ടുകഴിഞ്ഞു.
കൊച്ചിയില്‍ പണിതീര്‍ത്തിരിക്കുന്ന പ്രളയജല ഒഴുക്കിനുള്ള തോടുകള്‍ക്ക് പെയ്ത്തുവെള്ളം ഉള്‍ക്കൊള്ളുവാനുള്ള ശേഷിയില്ല. സമുദ്രനിരപ്പില്‍ മാറ്റം വരുമെന്ന കാലാവസ്ഥാ പ്രവചനം നഗരത്തില്‍ വന്‍ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ഇതൊന്നും അധികാരികള്‍ ചെവിക്കൊണ്ടിട്ടില്ല. തകൃതിയായി നിര്‍മാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. യാതൊരു പ്ലാനിങ്ങും ഇല്ലാതെ പുറമ്പോക്ക് ഭൂമിയും താഴ്ന്ന പ്രദേശങ്ങളും നികത്തിയെടുക്കലും അനധികൃത കെട്ടിടനിര്‍മാണങ്ങളും കൊച്ചിയെ ചെന്നൈ പ്രളയംപോലെ രൂക്ഷമായ വെള്ളപ്പൊക്കത്തിലെത്തിക്കുമെന്നത് തീര്‍ച്ചയാണ്.
കൊച്ചിയിലെ കയ്യേറ്റം ഒഴിപ്പിക്കേണ്ട തോടുകളും ഇടത്തോടുകളും
1. ഇടപ്പള്ളി തോട്
2. പുഞ്ചത്തോട്
3. തേവര-പേരണ്ടൂര്‍ കനാല്‍
4. മുല്ലശ്ശേരി കനാല്‍
5. തേവര ചമ്പക്കര കനാല്‍
6. വൈറ്റില കാരണംകോട് തോട്
7. ചങ്ങാടം പോക്ക് തോട്
8. തുകലന്‍ കുത്തിയതോട്
ഉപതോടുകളും കനാലുകളും
കോട്ടെയില്‍ കനാല്‍, കണ്ണച്ചന് തോട്, സീനാ തോട്, പൊറ്റക്കുഴി തോട്, കണ്ണന്തോട്, വാടതോട്, പുഞ്ചത്തോട്, കരീത്തോട്, പുനത്തില്‍ തോട്, മാമംഗലം വൈറ്റില തോട്, അറിമുടി തോട്, റെയില്‍വെ കനാല്‍, വിക്രംസാരാഭായ് തോട്, രാമേശ്വരം കനാല്‍, കല്പത്തി കനാല്‍, മാന്ത്രത്തോട്, ചെറളായി തോട്, പുല്ലാരത്തോട്, കെഎംവി തോട്, കണ്ണങ്ങാട് തോട്, കട്ടത്തറ തോട്, ആറനാട്ട് തോട്, പഷ്ണിത്തോട്, പള്ളിച്ചാല്‍ തോട്, പണ്ടാരച്ചാല്‍.
കൊച്ചിയിലെ വെള്ളക്കെട്ടിനുള്ള മറ്റ് കാരണങ്ങള്‍
1) തോടുകളും ഉപതോടുകളും മാലിന്യനിക്ഷേപത്താല്‍ ആഴം കുറഞ്ഞിരിക്കുന്നു.
2) നിരന്തര കയ്യേറ്റം മൂലം വീതി കുറഞ്ഞിരിക്കുന്നു.
3) തോടുകളുടെ വൃഷ്ടിപ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജലത്തിന്റെ തോടുകളിലേക്കുള്ള ഒഴുക്കിന് തടസ്സമായിരിക്കുന്നു.
4) ചെറിയ കാനകളില്‍നിന്നും വെള്ളം പ്രധാന കനാലുകളില്‍ എത്തിച്ചിരുന്ന ബന്ധം അടഞ്ഞുപോയിരിക്കുന്നു.
5) ജലപാതകളുടെ നഗരത്തിലെ ശൃംഖല മുറിഞ്ഞുപോയിരിക്കുന്നു.
6) കാനകളിലെത്തിയിരിക്കുന്ന ഖരമാലിന്യങ്ങളും പ്ലാസ്റ്റിക്കും സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു.
7) റോഡുകള്‍ അനിയന്ത്രിതമായി ഉയര്‍ത്തുമ്പോള്‍ കാനകളുമായുള്ള ബന്ധം വിഛേധിക്കപ്പെടുന്നു.
തിരുവനന്തപുരം തമ്പാനൂരിലെ വെള്ളപ്പൊക്കം
മഴ തുടങ്ങിയാല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പ്രദേശവും കിഴക്കേ കോട്ട ഭാഗവും വെള്ളക്കെട്ടിലാകും എന്നതാണ് അവസ്ഥ. തമ്പാനൂര്‍-പഴവങ്ങാടി കനാല്‍, ആമയിഴഞ്ചന്‍ കനാലിന്റെ ഉപ്പിളമൂട്-വഞ്ചിയൂര്‍ ഭാഗം വീതി കുറഞ്ഞതിനാലും മണ്ണ് വന്നടിഞ്ഞതിനാലും ഒഴുക്കില്ലാത്ത അവസ്ഥയിലാണ്. ആമയിഴഞ്ചന്‍ കനാലിന്റെ പേട്ട ഭാഗത്തെ മണ്ണടിയല്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. കരിമാടം കോളണി, ഗംഗാനഗര്‍, യമുനാ നഗര്‍, കാവേരി ഗാര്ഡന്, തമ്പാനൂര്‍ തോപ്പ് ഭാഗം എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് ഇനിയും പരിഹാരമായിട്ടില്ല.
തമ്പാനൂര്‍ മുതല്‍ വഞ്ചിയൂര്‍ വരെ ആഴത്തിലും വീതിയിലും കനാല്‍ നിര്‍മിക്കാതെ വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്ന അവസ്ഥയുണ്ട്. അനധികൃത കെട്ടിട നിര്‍മാണവും കാനകളുടെ ശോച്യാവസ്ഥയുമാണ് തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. കയ്യേറി കെട്ടിടം നിര്‍മിച്ച തോടുകളും പുറമ്പോക്കുകളും ഒഴിപ്പിച്ചെടുക്കണം. നഗരത്തിലെ ജലത്തിന്റെ ഒഴുക്കിന് വിഘാതമായി പണിതീര്‍ത്തിട്ടുള്ള നിര്‍മിതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ചുനീക്കണം. കാനകള്‍ കയ്യേറിയവരെ ഒഴുപ്പിച്ചെടുക്കണം.
പഴവങ്ങാടി കനാലിന്റെ വെള്ളയമ്പലം കണ്ണംമൂല ഭാഗം ആഴംകൂട്ടിയും വീതി കൂട്ടിയും കൂടുതല്‍ വെള്ളം ഒഴുക്കുവാന്‍ സാഹചര്യം ഉണ്ടാകണം. കോടികളുടെ കനാല്‍ പദ്ധതികള്‍ അഴിമതിമൂലവും കെടുകാര്യസ്ഥത മൂലവും ഇഴഞ്ഞുനീങ്ങുന്നതിനാല്‍ തിരുവനന്തപുരം നിവാസികള്‍ മഴക്കാലത്തെ പേടിയോടെയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: