ശബരിമല: മാളികപ്പുറം ദേവീക്ഷേത്രത്തിനു സമീപത്തെ കൊക്കരണി (ഭൂഗര്ഭനീരുറവ) ക്ഷേത്രക്കിണറായി മാറ്റിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കടുത്ത വേനലിലും വറ്റാത്ത നീരുവയില്‍ നിന്നുള്ള ജലം മാളികപ്പുറത്തെ അഭിഷേകത്തിനും വഴിപാട് വയ്ക്കാനും ഉപയോഗിക്കുന്നതിനും തീരുമാനമായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി.മുരളീകൃഷ്ണന്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, പിആര്‍ഒ: മുരളി കോട്ടയ്ക്കകം എന്നിവര്‍ കഴിഞ്ഞ ദിവസം കൊക്കരണി സന്ദര്‍ശിച്ചിരുന്നു.
കൊക്കരണിയുടെ ഉത്ഭവവും അവസാനവും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. മാളികപ്പുറം ക്ഷേത്ര ഗോപുരവുമായി ബന്ധിപ്പിക്കുന്ന കടയുടെ ഒരറ്റത്തായി ഷട്ടറിട്ടാണ് നിലവില്‍ കൊക്കരണി സംരക്ഷിച്ചിരിക്കുന്നത്. നാലുവശവും കരിങ്കല്‍ അടുക്കി ചെറിയ കുളത്തിന്റെ രൂപത്തിലാണ്. കരകവിഞ്ഞൊഴുകുന്ന ജലം പൈപ്പ് വഴി ഭസ്മക്കുളത്തില്‍ എത്തിക്കാനും തീരുമാനമുണ്ട്.
മാളികപ്പുറം ക്ഷേത്രം പുനരുദ്ധരിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. വാസ്തുവിദഗ്ദ്ധന് കാണിപ്പയ്യൂരിന്റേതാണ് രൂപരേഖ. ക്ഷേത്രങ്ങളുടെ കിണറിന്റെ സ്ഥാനത്ത് വടക്ക്-കിഴക്ക് മൂലയില്‍ തന്നെയാണ് ഭൂഗര്‍ഭ തീരുവ എന്നതിനാല്‍ അമ്പലം പുനര്‍ നിര്‍മ്മാണം നടത്തിയാലും കൊക്കരണിയുടെ സ്ഥാനം മാറ്റേണ്ടവരില്ല. പുരാതന കാലത്ത് മാളികപ്പുറം ക്ഷേത്ര കിണറായി കൊക്കരണി ഉപയോഗിച്ചിരുന്നതായി കരുതുന്നു. നടപ്പന്തല്‍ ഉള്‍പ്പെടെയുള്ള നവീകരണമാണ് മാളികപ്പുറത്ത് ദേവസ്വം ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: