ഹരിപ്പാട്: പോലീസില്‍ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും, കേസിലെ പ്രതിയായി സസ്പെന്‍ഷനില്‍ കഴിയുന്ന സന്ദീപിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ബിജെപി കാര്‍ത്തികപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തിന് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. തട്ടിപ്പിലെ മുഖ്യ കണ്ണി എന്നു പറയപ്പെടുന്ന ശരണ്യയുടെ പേരില്‍ മാത്രം അന്വേഷണം നടത്തി ഉന്നത കോണ്‍ഗ്രസ് നേതാക്കന്മാരെ രക്ഷപെടുത്തുവാനുള്ള ശ്രമമാണ് ആഭ്യന്തരമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
മന്ത്രിക്കും, മന്ത്രിയുടെ ഓഫീസിനും ബന്ധമുള്ള തട്ടിപ്പ് കേസ് മന്ത്രിയുടെ പോലീസ് അന്വേഷിക്കുന്നത് ഉചിതമല്ലന്നും, മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പുളിക്കി ജംഗഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധമാര്‍ച്ച് ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്യുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ചിത്രാംഗദന്‍, വൈസ്പ്രസിഡന്റ് വി.കെ. ശശീന്ദ്രന്, കാര്‍ത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.ഉല്ലാസ്, സെക്രട്ടറി അനീഷ്, വൈസ്പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
















