കുഞ്ഞുകുഞ്ഞു സ്വപ്നങ്ങള്‍ക്ക് പിന്നാലെ പൂര്‍ണമനസ്സോടെ പായുക, ലോകം നിങ്ങള്‍ക്കൊപ്പമുണ്ടാവും എന്ന് പറയുകയാണ് സ്മൃതി നാഗ്പാല്‍ എന്ന ഇരുപത്തഞ്ചുകാരി. ബധിരകലാകാരന്മാര്‍ക്കായി ഒരു സംരംഭം ഒരുക്കി വ്യത്യസ്തയാവുകയാണ് ഈ പെണ്‍കുട്ടി. കേള്‍വി ശക്തിയില്ലാത്ത സ്വന്തം സഹോദരങ്ങളോട് ആശയവിനിമയം ചെയ്യുന്നതിനായിട്ടാണ് അവള് ആംഗ്യഭാഷ പഠിച്ചത്. പിന്നീട് ആ ഭാഷയെ സമാനമായ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു. സ്മൃതിയുടെ കാരുണ്യം നിറഞ്ഞ ആ പ്രവൃത്തിക്ക് ഇപ്പോള്‍ അംഗീകാരവും ലഭിച്ചിരിക്കുന്നു. ബിബിസി ഈ വര്‍ഷം തെരഞ്ഞെടുത്ത 100 പ്രചോദിത വനിതകളുടെ പട്ടികയില്‍ സ്മൃതി നാഗ്പാലും ഇടംപിടിച്ചിരിക്കുകയാണ്. ഈ ആഗോള പട്ടികയില്‍ ആശ ഭോസ്ലെയും സാനിയ മിര്‍സയും ഉള്‍പ്പെടുന്നു. ദ്വാരക സ്വദേശിനിയായ നാഗ്പാല്‍ യുവസംരംഭകരുടെ വിഭാഗത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്.
ബിസിനസില്‍ ബിരുദം സമ്പാദിച്ചശേഷം നാഗ്പാല്‍ ബധിരകലാകാരന്മാര്‍ക്കായി അതുല്യകല എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു. സ്മൃതിയുടെ രണ്ട് സഹോദരങ്ങളും കേള്വിശക്തിയില്ലാത്തവരായിരുന്നു. ഈ ചുറ്റുപാടില്‍ വളര്‍ന്നതിനാല്‍ത്തന്നെ ആംഗ്യഭാഷയും സ്മൃതിക്ക് വശമായി. 16-ാമത്തെ വയസ്സില്‍ ബധിരര്‍ക്കായുള്ള ദേശീയ അസോസിയേഷന്റെ ഓഫീസില്‍ ആംഗ്യഭാഷയുടെ അര്‍ത്ഥം വിശദമാക്കുന്ന ജോലിയില്‍ പ്രവേശിച്ചു. ആ ഓഫീസ് നിറയെ ബധിര കലാകാരന്മാരുടെ ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു എന്നതും അവളെ ഏറെ സ്വാധീനിച്ചു.
കോളേജ് പഠനകാലത്ത് ദൂര്‍ദര്‍ശനില്‍ ബധിരര്‍ക്കുവേണ്ടിയുള്ള വാര്‍ത്താവായനയിലും നാഗ്പാല്‍ പങ്കാളിയായിട്ടുണ്ട്. ദീപാവലിയോട് അനുബന്ധിച്ചു നടന്ന സംഭവമാണ് ബധിരകലാകാരന്മാര്‍ക്കുവേണ്ടി തന്നാലാവുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ സ്മൃതിയില്‍ ഉളവാക്കിയത്. ദീപാവലി ആഘോഷത്തിനിടയിലാണ് ഒരു ബധിര കലാകാരന് ജോലി കണ്ടെത്തുന്നതിന് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നാഗ്പാലിനെ സമീപിച്ചത്.
ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഇയാള്‍ ഒരു സന്നദ്ധ സംഘടനയ്ക്കുവേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊടുത്തിരുന്നു. ഇയാളുടെ കഴിവില്‍ മതിപ്പുതോന്നിയ നാഗ്പാല്‍ അയാളുടെ കോളേജിലെ മറ്റ് ബധിരകലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി. അപ്പോഴാണ് ആ കലാകാരന്മാര് ഒരു പ്രത്യേക ലോകത്താണ് ജീവിക്കുന്നതെന്നും ആശയവിനിമയത്തിന് സാധിക്കാതെയുള്ള ജീവിതമാണ് അവരുടേതെന്ന് നാഗ്പാല്‍ തിരിച്ചറിഞ്ഞത്. ഒരു കലാകാരന് വളരണമെങ്കില്‍ അവര്‍ക്ക് ആശയവിനിമയവും സഹവര്‍ത്തിത്വവും കൂടിയേ തീരു. അതാണ് അവര്‍ക്ക് നഷ്ടമാകുന്നതെന്ന് അവള് വേദനയോടെ തിരിച്ചറിയുകയായിരുന്നു.
തന്റെ 22-ാമത്തെ വയസ്സിലാണ് നാഗ്പാല്‍ ബധിരകലാകാരന്മാര്‍ക്കുവേണ്ടി ‘അതുല്യകല’ എന്ന സ്ഥാപനം ആരംഭിച്ചത്. നാലു പേരടങ്ങുന്ന ചെറിയ സംരഭമായിട്ടായിരുന്നു ഇതിന്റെ തുടക്കം.
വ്യവസായം, സാമൂഹ്യ ദൗത്യം എന്നീ രണ്ടു പാതയില്‍ക്കൂടിയാണ് അതുല്യകല ഇന്ന് സഞ്ചരിക്കുന്നത്. ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങളായ ബാഗുകള്‍, ജേര്‍ണലുകള്‍, ആര്‍ട്ട് ഫ്രെയിമുകള്‍ എന്നിവയാണ് കേള്‍വി ശേഷിയുള്ള ഒരു കലാകാരന്റെ സഹകരണത്തോടെ അവര്‍ നിര്‍മിക്കുന്നത്. കൂടാതെ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി ഇല്ലസ്ട്രേഷനുകള്‍, ഡിസൈനുകള്‍ തുടങ്ങിയവ തയ്യാറാക്കുന്ന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ഡിസൈന്‍ സ്റ്റുഡിയോയും രൂപീകരിച്ചിട്ടുണ്ട്. ആംഗ്യ ഭാഷ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
ആംഗ്യഭാഷയെയും മുദ്രണ കലയെയും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ബധിരകലാകാരന്മാര്ക്ക് തങ്ങളുടെ പരിമിതികളെ മറികടക്കുന്ന വിധത്തില്‍ ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ബധിര കലാകാരന്മാര്ക്ക്, കേള്വിശേഷിയുള്ള കുട്ടികളെ വരയ്ക്കാന്‍ പഠിപ്പിക്കുന്നതിനും മറ്റുമുള്ള അവസരങ്ങള്‍ ശില്‍പ്പശാലകള്‍ വഴി ഒരുക്കിക്കൊടുക്കുന്നതും.
അംഗീകാരത്തിനും വിജയത്തിനും വേണ്ടി താന്‍ കാത്തിരിക്കാറില്ലെന്നും സ്മൃതി നാഗ്പാല്‍ പറഞ്ഞു. ആശാ ഭോസ്ലെ, സാനിയ മിര്‍സ എന്നിവരുടെ ഒപ്പം തന്റെ പേരും ചേര്‍ന്നതില്‍ അച്ഛന് അഭിമാനമുണ്ടെന്നും സ്മൃതി പറയുന്നു.
സ്മൃതി തന്റെ മകളാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്നതുതന്നെയാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്നും ഈ പെണ്‍കുട്ടി പറയുന്നു. ഒരു ബോളിവുഡ് ചിത്രം പോലെയാണ് തന്റെ സ്വപ്നങ്ങളെന്നും സ്വപ്നങ്ങള്‍ക്ക് അവസാനമില്ലെന്നും ചെറിയ കാര്യത്തില്ത്തിനിന്നും മറ്റൊരു വലിയ ഉദ്യമത്തിലേക്ക് കടക്കാന്‍ ഇതിലൂടെ സാധിക്കുമെന്നുമാണ് സ്മൃതി നാഗ്പാലിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: