നാം ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പുതിയ സെല്ലുകള്‍ രൂപപ്പെടുന്നതും കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ വളര്‍ച്ചയുണ്ടാകുന്നതും ഈ ഉറങ്ങുന്ന വേളയില്‍ത്തന്നെ. ശരീരത്തിന്റെ ആയാസം മാറ്റി ഒരുണര്‍വ് ഉണ്ടാകാന്‍ ഉറക്കം സഹായിക്കുന്നു.
ഉറങ്ങാത്ത വേളകളില്‍ തീരെ ചെറിയ രണ്ടോ മൂന്നോ മാസമായ കുട്ടികള്‍ പോലും കാലും കൈയും ഇട്ടിളക്കിക്കൊണ്ടിരിക്കും. കുറേക്കൂടി വലുതാവുമ്പോള്‍ ഇഴയാനും ഇരിക്കാനും നില്‍ക്കാനും നടക്കാനും ഓടാനുമൊക്കെ തുടങ്ങും.
എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയെന്നതാണ് സാധാരണ കുട്ടികളുടെ പ്രകൃതം. നാം വികൃതി എന്നു പറയുമെങ്കിലും അതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യ ലക്ഷണം. അനങ്ങാതെയിരിക്കുന്ന കുട്ടിയെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ ജോലിക്കാരോ ആയമാരോ ടീച്ചര്മാരോ ഭയപ്പെടുത്തിയിട്ടാവാം കുഞ്ഞ് ഒന്നിനും പോകാതിരിക്കുന്നത്. അത് ആരോഗ്യലക്ഷണവുമല്ല. കുട്ടികളെ നാം ആവശ്യത്തിലേറെ അടക്കിപ്പിടിച്ചിരുത്തരുത്. നമ്മുടെ സൗകര്യത്തിനോ സമാധാനത്തിനോ വേണ്ടി അവരെ ഓടാനും ചാടാനും അനുവദിക്കാതിരിക്കുകയും കഴിക്കാന്‍ വിടാതിരിക്കുകയും ചെയ്യരുത്. അല്പസ്വല്പം വീഴ്ചയോ മുറിവോ ഒക്കെ ഉണ്ടായാലും കൂട്ടുകാരോടൊത്തുള്ള കളി തടസ്സപ്പെടുത്തരുത്. മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് അത് അത്യാവശ്യമാണ്.
ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞ വൃദ്ധര്‍ക്ക് പ്രത്യേകിച്ച് ഒരു പ്രതീക്ഷയോ ആകാംക്ഷയോ ഉണ്ടാവില്ല. അവരുടെ ശരീരത്തില്‍ വളര്‍ച്ചയല്ല. പലപ്പോഴും തളര്‍ച്ചയാണ് ഉണ്ടാവുക. ഭാരിച്ച ജോലികള്‍ ചെയ്യാനോ ആലോചിച്ച് ഓരോന്ന് കണ്ടുപിടിക്കാനോ അവര്‍ക്ക് താല്പര്യം ഉണ്ടാവില്ല. ഭാവിയിലേക്ക് പ്രതീക്ഷയുള്ളവര്ക്കേ അങ്ങനെ കഷ്ടപ്പെടാനാകൂ.
വൃദ്ധര്‍ക്ക് വിശ്രമമാണ് ആഹാരം. ആഹാരം എത്രയും കുറച്ചുകഴിച്ചാല്‍ മതിയാകും. ഇഷ്ടമുള്ളവതന്നെ വൃദ്ധര്‍ക്ക് ആഹാരമായി കൊടുക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും മക്കളേയോ മരുമക്കളേയോ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതി പലരും സ്വന്തം ആഗ്രഹങ്ങള്‍ പറയാറില്ല. നാം അവരുടെ ഇഷ്ടങ്ങള്‍ അറിഞ്ഞുചെയ്യണം.
വൃദ്ധരോടുള്ള കാട്ടുന്ന കരുണ എന്റെ പൂജതന്നെയാണ് എന്ന് സാക്ഷാല്‍ പരമശിവന് തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ മനസ്സിന്റെ തൃപ്തി അനുഗ്രഹമായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: