തിരുവനന്തപുരം: കെപിഎംഎസിന്റെ രാജ്ഭവന്‍ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി. ഹരിയാനയിലെ ദളിത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചതില്‍ പ്രതിഷേധിച്ചും സംവരണതത്ത്വം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് കെപിഎംഎസിന്റെ പുന്നല ശ്രീകുമാര്‍ വിഭാഗം രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ പോലീസ് സംവിധാനങ്ങളൊരുക്കിയെങ്കിലും പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. രാവിലെ 11 മുതല്‍ അഞ്ചുമണിക്കൂറാണ് നഗരത്തിലെ ഗതാഗതസംവിധാനം തകര്‍ന്നത്. വലിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ കാല്‍നട യാത്ര പോലും നഗരത്തില്‍ അസംഭവ്യമായി. കിഴക്കേകോട്ടയിലെ വെട്ടിമുറിച്ച കോട്ടയ്‌ക്കുള്ളില്‍ നിന്നുമാണ് കെപിഎംഎസിന്റെ മാര്‍ച്ച് ആരംഭിച്ചത്. അവിടെ നിന്ന് രാജ്ഭവന്‍ വരെയുള്ള രാജവീഥി സമ്പൂര്‍ണമായും കെപിഎംഎസ് പ്രവര്‍ത്തകര്‍ കൈക്കലാക്കി. ഒരു വാഹനങ്ങളെയും കടന്നുപോകാന്‍ മാര്‍ച്ചിന്റെ വോളന്റിയര്‍മാര്‍ അനുവദിച്ചില്ല. പോലീസാകട്ടെ എല്ലായിടത്തും കൈയ്യുംകെട്ടി നോക്കി നിന്നു.
എംസി റോഡ്, തമ്പാനൂര്‍-കരമന ദേശീയപാത, സെക്രട്ടേറിയറ്റിന് സമീപമുള്ള പ്രസ് റോഡ്, ബേക്കറി ജംഗ്ഷന്‍, വഴുതയ്‌ക്കാട്, ശാസ്തമംഗലം, കവടിയാര്‍, അമ്പലമുക്ക്, പേരൂര്‍ക്കട, കുറവന്‍കോണം, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, മെഡിക്കല്‍കോളേജ്, കണ്ണമ്മൂല, ജനറല്‍ ആശുപത്രി, വഞ്ചിയൂര്‍, കൈതമുക്ക്, ശ്രീവരാഹം, അട്ടക്കുളങ്ങര, ചാല, വലിയശാല തുടങ്ങി നഗരത്തിന്റെ നാലുവശവും അടഞ്ഞു. താറുമാറായ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ മാര്‍ച്ചിന്റെ അവസാന ആളും പോയ ശേഷമാണ് പോലീസ് ശ്രമമാരംഭിച്ചത്. അപ്പോഴേക്കും നഗരത്തിലേക്കുള്ള സകലമാന റോഡുകളും കിലോമീറ്ററുകളോളം സ്തംഭിച്ചു. നഗരത്തിന് പുറത്തുനിന്ന് വന്ന വാഹനങ്ങളും നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വാഹനങ്ങളും കുടുങ്ങിക്കിടന്നു.
രാവിലെ മുതല്‍ക്കു തന്നെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസ് സംവിധാനങ്ങളേര്‍പ്പെടുത്തിയെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്തവരുടെ നിസ്സഹകരണം മൂലം ഒന്നുപോലും നടപ്പായില്ല. അവസാനം പോലീസ് നിസ്സഹായതയോടെ മാര്‍ച്ച് കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. തീവണ്ടികളിലും ദീര്‍ഘദൂര ബസ്സുകളിലും വന്നവര്‍ റെയില്‍വെ-ബസ് സ്റ്റേഷനുകളില്‍ കുടുങ്ങി. ദീര്‍ഘദൂര വണ്ടികളില്‍ പോകേണ്ടവര്‍ക്ക് സ്റ്റേഷനുകളിലെത്താനുമായില്ല. നിരവധിപേര്‍ക്കാണ് മാര്‍ച്ച് മൂലം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്താനാകാതെ പോയത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലായിരുന്നു കെപിഎംഎസ് പുന്നല വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക