തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സിമി ജ്യോതിഷ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി-അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷയായി ചുമതലയേറ്റു. നീണ്ട 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. 1993-94 വര്‍ഷത്തിലാണ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി ബിജെപി കൗണ്‍സിലറും നഗരസഭാ പാര്‍ട്ടി ലീഡറുമായ എം.എസ്. കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എം.പി. പദ്മനാഭനായിരുന്നു അന്ന് മേയര്‍. പിന്നീട് നഗരപാലികാ-പഞ്ചായത്ത് ആക്ട് അനുസരിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വിജിയച്ചിരുന്നെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ 35 കൗണ്‍സിലര്‍മാര്‍ ബിജെപിക്ക് തിരു
വനന്തപുരം നഗരസഭയിലുണ്ട്. ഇവരുടെ പിന്തുണയോടെയാണ് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റും മണക്കാട് വാര്‍ഡ് കൗണ്‍സിലറും കൂടിയായ സിമി ജ്യോതിഷ് നികുതി-അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ്കമ്മറ്റി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ കാലയളവില്‍ എബിവിപിയിലൂടെ കടന്നുവന്ന് പിന്നീട് മഹിളാമോര്ച്ചയിലെത്തിയ സിമിജ്യോതിഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 781 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കോര്‍പ്പറേഷനിലേക്ക് 1988ല്‍ പൂജപ്പുര വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുത്ത ആദ്യ വനിതാ ബിജെപി കൗണ്‍സിലര്‍ രാധമ്മാ ശശിധരന്റെ മകളാണ്. ബാലഗോകുലത്തിന്റെ ജില്ലാ ഭഗിനി പ്രമുഖായിരുന്നു. ഇപ്പോള്‍ രണ്ട് സന്നദ്ധസംഘടനകളുടെ പ്രധാനചുമതലയും വഹിക്കുന്നു. നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള സിമിക്ക് പൊതുതെരഞ്ഞെടുപ്പില്‍ ഇതു കന്നിയങ്കമാണ്. പൊതുപ്രവര്‍ത്തനത്തിന് സര്‍വപിന്തുണയുമായി ഭര്‍ത്താവ് ജ്യോതിഷും ഒപ്പമുണ്ട്.
മറ്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്മാര്: വഞ്ചിയൂര്‍ പി. ബാബു (വികസനം), കെ. ശ്രീകുമാര്‍ (ആരോഗ്യം), ആര്. ഗീതാഗോപാല്‍ (ക്ഷേമം), അഡ്വ ആര്. സതീഷ്കുമാര്‍ (നഗരാസൂത്രണം), എസ്. ഉണ്ണികൃഷ്ണന് (വിദ്യാഭ്യാസം), എസ്. സഫീറബീഗം (പൊതുമരാമത്ത്) എന്നിവരാണ് ഇന്നലെ ചുമതലയേറ്റത്. ധനകാര്യത്തിന്റെ അധ്യക്ഷ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറാണ്. സ്റ്റാന്‍ഡിംഗ്കമ്മറ്റി അധ്യക്ഷന്മാര് ചുമതലയേല്‍ക്കുന്ന കൗണ്‍സിലില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടറാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. അതോടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ അതത് സ്ഥാനങ്ങളില്‍ ഇരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: