ശബരിമല: അയ്യപ്പനു മുന്പില് പാരമ്പര്യ അനുഷ്ഠാനമായ തെയ്യം സമര്‍പ്പിച്ച് വടകര കുട്ടോത്ത് ദൃശ്യകലാകേന്ദ്രം. കേരള പോലീസിലെ പത്തുപേരടങ്ങുന്ന കളരിപയറ്റ് സംഘത്തോടൊപ്പമാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്.
അഞ്ചുവര്‍ഷമായി ഇവര്‍ അയ്യപ്പന് മുന്പില് തെയ്യം അവതരിപ്പിക്കുന്നു. തെയ്യം ജീവിതത്തോടൊപ്പം ചേര്‍ത്ത ഫോക്ലോര് അവാര്‍ഡ് ജേതാവ് സി.കെ. ആണ്ടിപ്പണിക്കര്‍ (87) നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ തെയ്യം അവതരിപ്പിച്ചിരുന്നത്. ഇക്കുറി പ്രായാധിക്യത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ മകന് ശിവാനന്ദന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എത്തിയത്.
വട്ടോടി ഗവ. എച്ച്എസ്എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അഭിഷേക്, അഖിലേഷ്, ആക്ഷയദാസ്, വിജയന് മണിയൂര്‍, രാജന്, ചന്ദ്രന് എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍. വിഷ്ണുമൂര്‍ത്തി, മാളികപ്പുറത്തമ്മ (ഭഗവതി) തെയ്യങ്ങളാണ് അവതരിപ്പിച്ചത്.
സങ്കീര്‍ണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള രക്തവര്‍ണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴല്‍, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: