ചെറുപ്പം മുതലേ സിനിമയിലേക്കൊരു വഴി തേടിയ ചെറുപ്പക്കാരന്, കുടുംബം പുലര്‍ത്താന്‍ മറ്റൊരു തൊഴില്‍ അനിവാര്യമായിരുന്നിട്ടും സിനിമയെ ഉപേക്ഷിക്കാന്‍ കഴിയാത്ത മനസ്സുമായി അവന് നടന്നു. ഒടുവില്‍ സിനിമയില്‍ത്തന്നെ എത്തിച്ചേര്‍ന്നു, അസിസ്റ്റന്റ് ഡയറക്ടറായി. ഇപ്പോഴിതാ ആ മനസ്സില്‍ രൂപംകൊണ്ട കഥ സിനിമയും ആയിരിക്കുന്നു. ഒരു പതിനഞ്ചുവയസ്സുകാരന്റെ കഥപറയുന്ന മൈഗോഡ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നിജോ കുറ്റിക്കാട് തന്റെ സിനിമാ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നു.
സിനിമയിലേക്ക്?
ചാലക്കുടിയ്ക്കടുത്ത് കുറ്റിക്കാട് സ്വദേശിയാണ് നിജോ. എല്ലാം ഉപേക്ഷിച്ച് സിനിമയെ സ്വപ്നം കാണാന്‍ പറ്റുന്ന ചുറ്റുപാടുമായിരുന്നില്ല. ഒരു ജോലി അനിവാര്യമായിരുന്നു. നഴ്സിംഗ് കഴിഞ്ഞ് അഞ്ചുവര്‍ഷം ആതുരശുശ്രൂഷാ രംഗത്ത്. ഇടപ്പള്ളി അമൃത അശുപത്രിയിലും ജോലി നോക്കിയിരുന്നു. അപ്പോഴാണ് വേനല്‍മരത്തിന്റെ സംവിധായകന് മോഹനകൃഷ്ണനൊപ്പം സംവിധാന സഹായിയാകുന്നത്. മോഹന്‍ലാല്‍ നായകനായ ഭഗവാന്റെ സംവിധായകന് പ്രശാന്ത് മാമ്പുള്ളിയ്ക്കൊപ്പവും പ്രവര്‍ത്തിച്ചു. നഴ്സിംഗ് ജോലിയും സിനിമയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയില്ലെങ്കിലും സിനിമയെ ഉപേക്ഷിക്കാന്‍ മാനസികമായി തയ്യാറല്ലായിരുന്നു. മനസ്സിലുള്ള കഥ സ്വന്തമായി സംവിധാനം ചെയ്യുകയെന്നതാണ് ആഗ്രഹം. പക്ഷേ അത് സഫലമാകുകയെന്നത് അത്ര സുഗമമായ കാര്യമല്ല.
മൈ ഗോഡിലേക്കുള്ള വഴി
സുഹൃത്ത് ജിയോ മാത്യുവുമായി ചേര്‍ന്നാണ് മനസ്സില്‍ രൂപപ്പെട്ട കഥ തിരക്കഥാ രൂപത്തില്‍ പരുവപ്പെടുത്തിയെടുത്തത്. തിരക്കഥ പൂര്‍ത്തിയായ ശേഷമാണ് മൈ ഗോഡിന്റെ സംവിധായകന് എം.മോഹനനെ സമീപിക്കുന്നത്. അദ്ദേഹത്തോട് ആദ്യം കഥമാത്രമേ പറഞ്ഞുള്ളു. കഥ ഇഷ്ടപ്പെട്ടപ്പോള്‍ സ്ക്രിപ്റ്റുമായി വരാന്‍ പറഞ്ഞു. തിരക്കഥയില്‍ കുറച്ചുമാറ്റങ്ങള്‍ അദ്ദേഹം വരുത്തി. ആറ് മാസത്തോളം ഞങ്ങള്‍ മൂവരും കൂടി ഇരുന്ന് ശേഷമാണ് തിരക്കഥയ്ക്ക് ഒരു പൊളിച്ചെഴുത്ത് നടത്തിയത്.
സാം തോട്ടുങ്കല്‍ എന്ന പതിനഞ്ചുവയസ്സുകാരന്റെ കഥയാണ് മൈഗോഡ് പറയുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രവും ഈ കുട്ടിയാണ്. ഇന്നത്തെ കുട്ടികള്‍ സ്വന്തം കുടുംബത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയവും.
നമ്മുടെ സമൂഹത്തില്‍ത്തന്നെ കുറച്ചു കുട്ടികളെ വിശകലനം ചെയ്താല്‍ അതില്‍ ഒരാള്‍ സാം ആണെന്നുകാണാം എന്ന് നിജോ പറയുന്നു. ഓരോ കുട്ടിക്കും ഒരു സ്വപ്നം ഉണ്ടെന്ന് പറയുകയാണ് ഈ ചിത്രം. അത്തരത്തിലൊരു കുട്ടിയുടേയും ആ സ്വപ്നം മനസ്സിലാക്കാതെ സ്വന്തം സ്വപ്നം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കളുടേയും കഥയാണ് മൈഗോഡില്‍ ദൃശ്യവത്കരിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം?
ആദ്യചിത്രം തന്നെ സുരേഷ് ഗോപിയെപ്പോലൊരു മഹാനടന്റെ കൂടെ ചെയ്യാന്‍ സാധിച്ചതും ഭാഗ്യമാണ്. കഥ കേട്ടപ്പോള്‍ തന്നെ നല്ലസിനിമയായിരിക്കും സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്നതായിരിക്കും ഈ ചിത്രം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകന് തന്നെയാണ് സുരേഷ് ഗോപിയോട് കഥ പറഞ്ഞത്. സിനിമയെ കൂടുതല്‍ അടുത്തറിയാന്‍ സുരേഷ് ഗോപിയ്ക്കൊപ്പം ജോലി ചെയ്തതിലൂടെ സാധിച്ചു. നായകനേക്കാളുപരി ഈ സിനിമ ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ആളായിട്ടാണ് സുരേഷ് ഗോപിയെ കാണുന്നത്. സിനിമയിലെത്തിയ പുതിയ ആളുകള്‍ എന്ന ചിന്തയൊന്നും ഇല്ലാതെയാണ് അദ്ദേഹം പെരുമാറിയത്.
തിരക്കഥാ രചനയിലെ കൂട്ട്
തിരക്കഥ ഒറ്റയ്ക്ക് എഴുതുന്നതിനേക്കാള്‍ രണ്ടോ മൂന്നോ പേര് ചേര്‍ന്നെഴുതുന്നതാണ് നല്ലത്. കൂടുതല്‍ ആശയങ്ങള്‍ അപ്പോള്‍ ഉണ്ടാകും.ജിയോയെ നാട്ടുകാരന് എന്ന നിലയില്‍ മുന്നേതന്നെ പരിചയമുണ്ട്. ജിയോയുമായും സഹകരിച്ചാണ് തുടര്‍ന്നും മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നത്. ജിയോ ഓസ്ട്രേലിയയില്‍ ഭാര്യ ശ്രീജയ്ക്കും മകനുമൊപ്പം സ്ഥിരതാമസമാണ്. തിരക്കഥാ രചനയില്‍ത്തന്നെ ഒതുങ്ങിക്കൂടുകയെന്നതല്ല ഞങ്ങളുടെ ലക്ഷ്യം.
എന്തുകൊണ്ട് എം.മോഹനന്?
അദ്ദേഹത്തിന്റെ കഥപറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ സമൂഹത്തിന് ഒരു സന്ദേശം പകര്‍ന്നുനല്‍കിയ ചിത്രങ്ങളായിരുന്നു. മൈ ഗോഡില്‍ പ്രതിപാദിക്കുന്ന വിഷയം ആരോട് പറയണം എന്ന് ചിന്തിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് എം.മോഹനന്റെ പേരാണ്. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനാണ് അദ്ദേഹം. എനിക്ക് സമൂഹത്തോട് പറയണം എന്ന് ആഗ്രഹിച്ച കാര്യമാണ് ഈ കഥയിലൂടെ നിങ്ങള്‍ പറയുന്നത് എന്നാണ് അദ്ദേഹം കഥ കേട്ടപ്പോള്‍ പറഞ്ഞത്. മറ്റൊരു പ്രൊജക്ട് മാറ്റിവച്ചിട്ടാണ് മൈ ഗോഡ് ചെയ്യാന്‍ തയ്യാറായത്.
മൈ ഗോഡിന്റെ കൂടുതല്‍ വിശേഷങ്ങള്‍
ഹണി റോസാണ് ചിത്രത്തില്‍ നായിക. ഐടി കമ്പനിയിലെ സിഇഒ ആയ ആദിരാജ ഭട്ടതിരിപ്പാടായി സുരേഷി ഗോപിയും ആദിരാജയുടെ ഭാര്യയും ചൈല്‍ഡ് സൈക്കോളജിസ്റ്റുമായ ആരതി ഭട്ടതിരിപ്പാടായി ഹണി റോസും എത്തുന്നു. ഫാദര്‍ വടക്കന്‍ എന്ന കഥാപാത്രത്തെ ശ്രീനിവാസനും അവതരിപ്പിക്കുന്നു. സാം തോട്ടുങ്കലായി എത്തുന്നത് മാസ്റ്റര്‍ ആദര്‍ശാണ്. 2000 ത്തോളം പേരെ ഓഡിഷന് നടത്തിയതില്‍ നിന്നുമാണ് ആദര്‍ശിനെ സാം ആയി തെരഞ്ഞെടുത്തത്. ജോയ് മാത്യു സാമിന്റെ അച്ഛനായും രേഖ അമ്മയായും അഭിനയിക്കുന്നു. ലെന, ശ്രീജിത് രവി, ഇന്ദ്രന്‍സ്, തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷന്‍. ഏതൊരു സിനിമ എടുക്കുമ്പോഴും ഉള്ള സ്വാഭാവികമായ തടസ്സങ്ങളും ഈ ചിത്രമെടുത്തപ്പോഴും നേരിട്ടിരുന്നു.
സ്കൂള്‍ കുട്ടികള്‍ക്കായി മൈ ഡ്രീം കോണ്ടസ്റ്റ് എന്ന പേരില്‍ ഒരു രചനാമത്സരവും സംഘടിപ്പിക്കുന്നുണ്ട്. കുട്ടകള്‍ക്ക് അവര്‍ ആരായി തീരണം എന്നതുസംബന്ധിച്ചാണ് മത്സരം. ഈ മാസം 31 വരെ അപേക്ഷിക്കാം. മൈ ഗോഡ് തീര്‍ച്ചയായും കുട്ടികളുടെ ഭാഗത്തുനിന്നും സംസാരിക്കുന്ന പക്ക കുടുംബ ചിത്രമാണ്.
സിനിമയോടുള്ള സമീപനം
സിനിമ ശരിക്കുമൊരു പാഷനാണ്. അതുകൊണ്ടാണ് ജോലി ഉപേക്ഷിച്ചും ഇതിലേക്ക് വീണ്ടും എത്തപ്പെട്ടത്. പൂര്‍ണമായും സിനിമയ്ക്കുവേണ്ടി സമയം മാറ്റിവയ്ക്കുകയാണ്. അത്യാവശ്യം വായനയും നിരീക്ഷണവുമൊക്കെയുണ്ട്. പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കണ്ടാണ് സിനിമയോട് ഇഷ്ടം കൂടുന്നത്. അദ്ദേഹം ചെയ്തപോലുള്ള എന്റര്‍ടെയിന്‍മെന്റ് ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം. പത്മരാജനേയും ലോഹിതദാസിനേയും ഭരതനേയും പോലുള്ളവര്‍ ചലച്ചിത്രലോകത്തെ ഇതിഹാസങ്ങളാണ്. അവര്‍ നില്ക്കുന്ന തലം മറ്റൊന്നാണ്. പത്മരാജന്റേയും മറ്റും ചിത്രങ്ങള്‍ കാലഘട്ടത്തിനും അതീതമായി നില്ക്കുന്നവയാണ്. ആ തലത്തിലൊന്നും എത്താന്‍ സാധിക്കില്ലെങ്കിലും സിനിമയില്‍ ഒരിടം നേടണം.
കുടുംബം
ചാലക്കുടി കുറ്റിക്കാട് ചെമ്മാശേരി വീട്ടില്‍ ജോസും ആനിയുമാണ് മാതാപിതാക്കള്‍. ഭാര്യ അഞ്ജു ബെംഗളൂരുവില്‍ നഴ്സാണ്. മകള്‍ ഒന്നരവയസുകാരി ആഞ്ജലീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: