തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന് ലോകപൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം സമ്മാനിച്ചു. ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ യുനെസ്കോ പ്രതിനിധിയായെത്തിയ മോഷിബ പുരസ്കാരസമര്‍പ്പണം നടത്തി. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്കരന്‍നായര്‍ പുരസ്കാരം ഏറ്റുവാങ്ങി. ഇതാദ്യമായാണ് ഒരു ഹിന്ദു ക്ഷേത്രത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.
ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും പുരാതനമായ നിര്‍മ്മിതികളെ അതേ രീതിയില്‍ തനിമയോടെ സംരക്ഷിക്കുന്നതിന് നല്കുന്ന പുരസ്കാരമാണിത്. കേരള വാസ്തു ശില്പ മാതൃകക്ക് ലോകത്തില്‍ തന്നെ ശ്രദ്ധനേടിയതാണ് വടക്കുന്നാഥ ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്പങ്ങളും ഗോപുരങ്ങളും ചുമര് ചിത്രങ്ങളും അതേ തനിമയോടെ ഇപ്പോഴും സംരക്ഷിക്കുന്നു. ഭാരതത്തില്‍ മൂന്ന് തവണ മാത്രമാണ് ഇതിന് മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. ദക്ഷിണഭാരതത്തില്‍ ഇതാദ്യമായാണ് ഈ പുരസ്കാരം എത്തുന്നത്.
ആദിശങ്കരാചാര്യരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് വടക്കുന്നാഥ ക്ഷേത്രവും ഇവിടുത്തെ ആചാരനുഷ്ഠാനവും. ശങ്കരാചാര്യരുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. പതിനാല് ഏക്കര്‍ വിസ്തൃതിയിലുള്ള ചുറ്റമ്പലവും 64 ഏക്കര്‍ വരുന്ന ക്ഷേത്രഭൂമിയും ഉള്‍പ്പെട്ട വടക്കുന്നാഥ ക്ഷേത്രസമുച്ചയം ലോകത്തെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. പരശുരാമകഥകളിലും പുരാണങ്ങളിലും ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ തൃശൂര്‍ പൂരം അരങ്ങേറുന്നതും വടക്കുന്നാഥന്റെ മുന്നിലാണ്. ശങ്കരാചാര്യ ജയന്തിയോടനുബന്ധിച്ച് എല്ലാവര്‍ഷവും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളും നടക്കും.
ക്ഷേത്രത്തിലെ ഗോപുരങ്ങളും ശില്പങ്ങളും ചുമര്‍ചിത്രങ്ങളും പരമ്പരാഗത തനിമയോടെ പുനര്‍നിര്‍മ്മിച്ചത് ടിവിഎസ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ്. തെക്കെമഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ അജിത ജയരാജന്, സി.എന്‍.ജയദേവന് എംപി, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, കോര്പ്പറേഷന് കൗണ്‍സിലര്‍ സംപൂര്‍ണ്ണ വൈദ്യനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വടക്കുന്നാഥ ക്ഷേത്രം പോലെതന്നെ തൃശൂര്‍ നഗരവും സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് യുനെസ്കോ പ്രതിനിധിയായ മോഷിബ ചടങ്ങില്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: