ശ്രീരാമമന്ത്രധ്വനികളുടെ ഉറവിടമെന്ന് ഖ്യാതി നേടിയ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഡിസംബര്‍ 7-നാണ്. വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണിവിടെ ആഘോഷിക്കുക. കൂടാതെ മീനമാസത്തില്‍ പ്രസിദ്ധമായ പൂരംപുറപ്പാടും പ്രധാന ആഘോഷമാണ്.
തൃപ്രയാര്‍ തേവരെന്ന നാമധേയത്തിലറിയപ്പെടുന്ന ശ്രീരാമ ഭഗവാനെ ഉളളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് ഭക്തജന വിശ്വാസം. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദാരിദ്ര്യദുഃഖങ്ങളില്‍ നിന്നും അകറ്റി ആധിവ്യാധികളില്‍ നിന്ന് രക്ഷാകവചമാണിവിടത്തെ ശ്രീരാമ പുണ്യ ദര്‍ശനം. ശരണാഗതര്‍ക്ക് കാമധേനുവായും ദുഃഖത്താല്‍ വേദനിക്കുന്നവര്‍ക്ക് കല്പവൃക്ഷമായും മോക്ഷാര്‍ത്ഥികള്‍ക്ക് മോക്ഷമായും ഭക്തര്‍ക്ക് സാന്ത്വനവുമായി ലക്ഷ്മീഭൂമി സമേതനായി ഭഗവാന് ശ്രീരാമചന്ദ്രന് ഇവിടെ പരിലസിക്കുന്നു.
ഏകാദശി എഴുന്നള്ളിപ്പിന് സ്വര്‍ണ്ണനിര്‍മ്മിതമായിട്ടുള്ള കോലത്തിന്മേല് പതിച്ചിട്ടുള്ള രൂപം സാക്ഷാല്‍ മഹാവിഷ്ണുവിന്റേതാണ്. ഈ ക്ഷേത്രത്തിന്റെ കാലപ്പഴക്കം പ്രവചനാതീതമാണ്. ലോകൈക നാഥനായ ശ്രീകൃഷ്ണഭഗവാന് ദ്വാരകാപുരിയില്‍ കുടിവെച്ച് ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം. ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുത്തെന്ന വിഷ്ണു ഭാഗവതം സാക്ഷ്യപ്പെടുത്തുന്നു. ഭഗവാന് കൃഷ്ണന് പൂജിച്ചിരുന്ന വിഗ്രഹം വരുണനേറ്റെടുത്തു. നൂറ്റാണ്ടുകള്‍ക്കുശേഷം ഒരു ദിവസം കടലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ മുക്കുവന്മാരുടെ വലയില്‍ കുടുങ്ങിയത് മത്സ്യങ്ങള്‍ക്കുപകരം നാലു വിഗ്രഹങ്ങളായിരുന്നു.
മുക്കുവന്മാര് ഭക്ത്യാദരപൂര്‍വ്വം വിഗ്രഹങ്ങള്‍ കരയ്ക്കെത്തിക്കുകയും, പിന്നീട് നാല് അജ്ഞന വിഗ്രഹങ്ങളും നാടു വാഴിയുടെ തിരുമുന്നിലെത്തിച്ചു. നാടുവാഴി ഉടനെതന്നെ അന്നത്തെ പേരുകേട്ട പ്രാശ്നികരെയും താന്ത്രികപ്രമുഖരെയും ക്ഷണിച്ചു വരുത്തി പ്രതിഷ്ഠകളുടെ നിജസ്ഥിതി അന്വേഷിച്ചു. ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്നന്മാരുടേതാണ് പ്രതിഷ്ഠയെന്നും ദ്വാരകാധിപനായ വാസുദേവന്‍ പൂജിച്ചാരാധിച്ചിരുന്ന പുണ്യ വിഗ്രഹങ്ങളാണിവയെന്നും പ്രശ്ന ചിന്തയില്‍ നിന്ന് മനസ്സിലായി. രാമനാമമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ പ്രാശ്നികന്മാരും താന്ത്രികളും ചര്‍ച്ചകളിലൂടെ പ്രതിഷ്ഠയ്ക്കുള്ള സ്ഥാനങ്ങള്‍ കണ്ടെത്തി.
തൃപ്രയാറില്‍ ശ്രീരാമ വിഗ്രഹവും ഇരിഞ്ഞാലക്കുടയില്‍ ഭരത വിഗ്രഹവും മൂഴിക്കുളത്ത് ലക്ഷ്മണവിഗ്രഹവും പായമ്മേല്‍ ശത്രുഘ്നവിഗ്രഹവും സ്ഥാപിക്കാമെന്ന് അവര്‍ തീര്‍പ്പു കല്പ്പിച്ചു. വേദ മന്ത്രങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ മംഗളവാദ്യധ്യാനങ്ങളില്‍ മുഴുകിയ അന്തരീക്ഷത്തില്‍ തൃപ്രയാറില്‍ പ്രതിഷ്ഠ നടന്നു. ഈ സമയത്ത് ആകാശത്ത് മയില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഈ മായാമയൂരം പ്രത്യക്ഷപ്പെട്ടതിന് നേരെ താഴെ വലിയ ബലിക്കല്ല് സ്ഥാപിക്കുവാന്‍ തീരുമാനമായി. അതിനാല്‍ പ്രധാന പ്രതിഷ്ഠയുടെ മഹത്വം ഇപ്പോഴും ബലിക്കല്ലിന് നല്കിവരുന്നു. ശ്രീകൃഷ്ണ ഭക്താഗ്രേസരനായ വില്വമംഗലം സ്വാമിയാര് ഭഗവദ് ദര്‍ശനത്തിനായി ഒരുനാള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഭഗവാന്റെ പുണ്യവിഗ്രഹം ധ്യാനിച്ചു നില്ക്കുമ്പോള് അദ്ദേഹം ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. ശ്രീദേവിയും ഭൂമിദേവിയും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടം വഴി ഭഗവാനെ പൂജിക്കാന്‍ വരുന്നതായിരുന്നു ആ കാഴ്ച അദ്ദേഹം ശ്രീഭൂമിദേവിമാരുടെ സാന്നിദ്ധ്യം നന്നായിരിക്കുമെന്ന് കരുതി ആ ദേവിമാരെ ഭഗവാന്റെ വലത്തും ഇടത്തും പ്രതിഷ്ഠിച്ച് പശ്ചിമകവാടം അടപ്പിക്കുകയും ചെയ്തുവത്രേ. ഇപ്പോഴും ആ കവാടം അടഞ്ഞുകിടക്കുന്നതായി കാണാം സ്വാമിയാര്‍ക്ക് ഇവിടെനിന്ന് ശ്രീകൃഷ്ണ ദര്‍ശനവും ലഭിക്കുകയുണ്ടായത്രെ.
ചാതുര്‍ബാഹുവാണ് ഭഗവാന്. ദക്ഷിണ ഹസ്തങ്ങളില്‍ കോദണ്ഡവും അക്ഷമാലയും വാമകരങ്ങളില്‍ ചക്രവും ശങ്കും ധരിച്ചിരിക്കുന്നു. വലതുഭാഗത്ത് ലക്ഷ്മിയും ഇടതുഭാഗത്ത് ഭൂമിയും കുടികൊള്ളുന്നു.
ഭൂമിദേവിയുടെ കയ്യില്‍ താമരപ്പൂവുണ്ട്. പഞ്ചലോഹനിര്‍മ്മിതമായ ഗോളകയാല്‍ ഈ പ്രതിഷ്ഠ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ ശ്രീരാമവിഗ്രഹം മാറ്റുവാനായി ഒരിക്കല്‍ ദേവപ്രശ്നം വെച്ചു നോക്കിയപ്പോള്‍ ആ ചിരപുരാതന വിഗ്രഹം മാറ്റുവാന്‍ ദേവന് താല്പര്യമില്ലെന്നും തെളിഞ്ഞുകണ്ടു. ആയതിനാല്‍ പഞ്ചലോഹംകൊണ്ട് ഗോളക വാര്‍ത്ത് പഴയ വിഗ്രഹത്തില്‍ ഉറപ്പിക്കുകയാണുണ്ടായത്.
ശ്രീകോവിലിനകത്ത് തെക്കോട്ട് ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വീരപരാക്രമിയും ശ്രീരാമചന്ദ്രന്റെ പരമ ഭക്തനുമായ ശ്രീ ഹനുമാന് സ്വാമിക്ക് ഇവിടെ പ്രതിഷ്ഠ ഇല്ലെങ്കിലും മുഖമണ്ഡപത്തില്‍ അദ്ദേഹം കുടികൊള്ളുന്നുവെന്ന് സങ്കല്‍പ്പമുണ്ട്. ആഞ്ജനേയന് ക്ഷേത്രാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.
ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്കി അത്ഭുതകരമായ പ്രവൃത്തികളാല്‍ ഇവിടെ കുടികൊള്ളുന്ന ശ്രീവിഷ്ണുമായ സ്വാമി (ശ്രീ ചാത്തന്‍സ്വാമി) ക്ഷേത്രത്തില്‍ നിറഞ്ഞുനില്ക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ഭജിക്കുന്നവര്‍ക്ക് ഈ രണ്ടു ശക്തികളായിരിക്കും രക്ഷകരായി എത്തുക.
മതില്‍ക്കെട്ടിനകത്ത് തെക്കുവശത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്.
കൂടാതെ ഗണപതിയുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ഗോശാലകൃഷ്ണന് ഉപദേവനല്ലെന്നും പ്രധാന പ്രതിഷ്ഠയുടെ മഹത്വം കൃഷ്ണനുണ്ടെന്നും 1171 മിഥുനത്തില് നടന്ന ദേവപ്രശ്നത്തില്‍ തെളിഞ്ഞുവരുകയുണ്ടായി. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടത്തുന്നതിന് മുമ്പേ തന്നെ ഇവിടെ ശാസ്താവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രശ്നത്തില്‍ കണ്ടിരുന്നുവത്രേ.
ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകള്‍. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു. ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
വൃശ്ചികം 1 മുതല്‍ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങള്‍ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദര്‍ശനം സര്‍വ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു. വെടി, അവല്, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവല് ശ്രീ ഹനുമാന് സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തന്‍സ്വാമിക്ക് യഥാശക്തിക്ക് ചേര്‍ന്ന തുക ഭണ്ഡാരത്തിലിട്ടാല്‍ സര്‍വ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.
വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തര്‍ ഇവിടെ നടത്താറുണ്ട്. ഭഗവാന്റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാല്‍ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് നടത്തിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ജ്യോതിഷത്തില്‍ ശ്രീരാമ ചന്ദ്രഭഗവാനെ ബുധനായി കണക്കാക്കുന്നു. രേഖാ സംബന്ധമായ തടസങ്ങള്‍ മാറ്റുവാനും ഉന്നമനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഭക്തമനസ്സുകളില്‍ ഇന്നും കെടാവിളക്കായി തെളിഞ്ഞു നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: