ബത്തേരി: ദക്ഷിണേഷ്യയില്‍ ഏറ്റവും അധികം കടുവകളുളള മേഖലയാണ് വയനാട് ഉള്‍പ്പെടുന്ന നീലഗിരി ജൈവ മണ്ഡലമെന്ന നിഗമനം ശരി വയ്ക്കപ്പെടും വിധം കടുവകളുടെ സാന്നിദ്ധ്യം വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലും ഏറി വരികയാണ്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ബത്തേരി താലൂക്കിലെ വനമേഖലയിലെ ഗ്രാമങ്ങളില്‍ മാത്രം പത്ത് തവണയിലേറെ കടുവകള്‍ കാടിറങ്ങിയ സംഭവങ്ങളുണ്ട്. ഇതില്‍ ഏറെയും ബത്തേരിയുടെ ചുറ്റുവട്ടത്താണ്.ബീനാച്ചി,കൃഷ്ണഗിരി, ഓടപ്പളളം,മൂടക്കൊല്ലി, കല്ലൂര്‍, മൂലങ്കാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവകളിറങ്ങിയത്. ഇതില്‍ മൂലങ്കാവില്‍ കടുവയെ മയക്കുവെടി വെച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിനടയില്‍ അത് കൊല്ലപ്പെട്ടതും ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കി.ഇതുമായി ബന്ധപ്പെട്ട് ബത്തേരി തഹസില്‍ദാര്‍ക്കും പൂതാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകനും സാരമായി പരിക്കേറ്റു ..ഇവര്‍ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആഴ്ചകളോളം ചികില്‍സതേടുകയും ചെയ്തു. മൂടക്കൊല്ലിയിലും കടുവയുടെ ആക്രമണത്തില്‍ രണ്ട് വനവാസികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതും ഇക്കാലത്താണ്.ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുവരുന്ന കടുവ അടക്കമുളള വനജീവികളുടെ എണ്ണം അടുത്തകാലത്തായി അസാധാരണമാംവിധം പെരുകുന്നു എന്ന് തന്നെയാണ് ഇതെല്ലാം ഓര്‍മ്മപ്പെടുത്തുന്നത്.മനുഷ്യരും വനജീവികളും തമ്മിലുളള സംഘര്‍ഷവും പെരുകുന്നു എന്നത് പുതിയ രാഷ്ട്രീയ വിഷയമാവുകയാണ്. കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായ വരള്‍ച്ചയും വിലതകര്‍ച്ചയും വിള നാശവുമെല്ലാം കര്‍ഷ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമാക്കി വയനാടിനെ മാറ്റിയെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ മുഖ്യ അജണ്ടയായി വനജീവികളുടെ രൂക്ഷമാകുന്ന ആക്രമണം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: