മാനന്തവാടി : ഒരിടവേളയ്ക്കുശേഷം വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ രണ്ടാമതും ആയുധ ധാരികളായ മാവോവാദികളെത്തി. രൂപേഷിന്റെ പിന്‍ഗാമി ജയണ്ണയുടെ നേതൃത്വത്തില്‍ ആറംഗസംഘമാണ് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തൊഴിലാളികളായ കമ്പമല തേയിലതോട്ടത്തില്‍ എത്തിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുമുണ്ട്. അര മണിക്കൂറോളം തൊഴിലാളികളുമായി സംസാരിച്ചതിനുശേഷമാണ് സംഘം മടങ്ങിയത്.
മാവോവാദികള്‍ തോട്ടത്തിലെ മരങ്ങളിലും വൈദ്യുതി തൂണുകളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം അവസാനിപ്പിക്കുക, തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ച് പാടികളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ലോക്കല്‍ തൊഴിലാളികള്‍ക്ക് പണി നല്‍കുക തുടങ്ങിയവയാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
സംഭവത്തെതുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പി എ.ആര്.പ്രേംകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. തൊഴിലാളികളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ജയണ്ണയുടെ നേതൃത്വത്തിലുള്ള പാലക്കാട്ടുകാരി അനു, സി.പി.മൊയ്തീന് തുടങ്ങിയവരടങ്ങിയവരും സംഘത്തിലുണ്ടെന്നാണ് നിഗമനം. സംഘമാണ് എത്തിയതെന്നാണ് പോലീസ് നിഗമനം. മാസങ്ങള്‍ക്കുമുന്‍പ് തൊട്ടടുത്ത പ്രദേശമായ മക്കിമല, മേലെ തലപ്പുഴ കോളനിയില്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മാവോയിസ്റ്റ് സംഘവും എത്തിയിരുന്നു.കാട്ടു തീയുടെ ലഘുലേഖകളും സ്ഥലത്ത് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: