പള്ളിക്കല്‍: വര്‍ഷങ്ങള്‍ പഴക്കമുള്ളതും ധാരാളം ജനങ്ങള്‍ ആശ്രയിക്കുന്നതുമായ കാട്ടുകുളം സംരക്ഷിക്കമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ അഴിഞ്ഞിലിശ്ശേരി വയലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പൊതുകുളമാണ് ആരും നോക്കാനില്ലാതെ അന്യാധീനപ്പെട്ടുപോകുന്നത്. 2009-10 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയെങ്കിലും പദ്ധതി നടപ്പായില്ല. നാട്ടുകാര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധികൃതര്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ഈ കുളം എത്രയും വേഗം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് വ്യക്തിപരമായി ചില പ്രസ്താവനകള്‍ സമീപകാലത്ത് നടത്തിയതൊഴിച്ചാല്‍ 15 വര്‍ഷമായി ഈ കുളത്തെപ്പറ്റി ഒരു ചര്‍ച്ചയും നടന്നട്ടില്ല. നാലുവശങ്ങളിലും കുറ്റിക്കാടുകള്‍ നിറഞ്ഞ അവസ്ഥയിലാണ് കുളം. ഇടക്കിടെ നാട്ടുകാര്‍ വൃത്തിയാക്കുന്നുണ്ട്. നീന്തല്‍ പഠിക്കാനും മത്സരങ്ങള്‍ നടത്താനും കഴിയുന്ന ഇത്രയും വലിയ കുളം സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കാട്ടുകുളത്തോട് ഇനിയും അധികൃതര്‍ അവഗണന തുടര്‍ന്നാല്‍ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: