ശബരിമല: ശബരീശ സന്നിധിയില്‍ ശരണം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് ആശ്രയമായി അഖില ഭാരത അയ്യപ്പസേവാസമാജം. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി 106 സേവന കേന്ദ്രങ്ങളുമായി ഭക്ഷണ വിതരണം, കുടിവെള്ള വിതരണം, വിശ്രമകേന്ദ്രങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നീ നിലയിലാണ് സേവാകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 30 കേന്ദ്രങ്ങളില്‍ 24 മണിക്കൂറും ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു.
കേരളത്തില്‍ 76 കേന്ദ്രങ്ങളും കുമളി റൂട്ടില്‍ തമിഴ്നാട്ടില്‍ മുപ്പത് കേന്ദ്രങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്. മകരവിളക്കിന് മുന്‍പായി കേരളത്തില്‍ 15 കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് അയ്യപ്പ സേവാസമാജം ആഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇറോഡ്.എന്‍. രാജന് പറഞ്ഞു.
ഇതോടൊപ്പം എല്ലാവര്‍ഷവും ആരോഗ്യഭാരതിയുമായി ചേര്‍ന്ന് പരമ്പരാഗത കാനനപാതയില്‍ കാളകെട്ടിയിലും അഴുതയിലും ജനുവരി ഒന്നുമുതല്‍ 15 വരെ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തുന്നു.
അയ്യപ്പ ഭക്തര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുക എന്ന ലക്ഷ്യവുമായി ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, പാണ്ടിത്താവളത്തിലും രോഗബാധിതര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കത്തക്ക രീതിയില്‍ സ്ട്രെക്ചര്‍ സംവിധാനം ആടുത്ത ആഴ്ചമുതല്‍ ആരംഭിക്കും. ഇതിനായി പത്ത് സ്ടെക്ചറുകളും അറുപത് വളന്റിയര്‍മാരും തയ്യാറായിക്കഴിഞ്ഞു.
ദേവസ്വം ബോര്‍ഡ് അനുവദിച്ചാല്‍ അയ്യപ്പന്മാരെ ഭക്ഷണത്തിന്റെ പേരില്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ പമ്പമുതല്‍ സന്നിധാനം വരെ മുപ്പത് സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും സേവാസമാജം ഭാരവാഹികള്‍ അറിയിച്ചു.
ശബരിമലയില്‍ നടതുറക്കുന്ന എല്ലാ ദിവസങ്ങളിലും അന്നദാനം നല്കുന്ന ഏക സംഘടനയാണ് അയ്യപ്പസേവാസമാജം.
സംസ്ഥാന സെക്രട്ടറി കെ.കെ. മൂര്ത്തിസ്വാമി, സൗത്ത് തമിഴ്നാട് പ്രസിഡന്റ് ദുരൈസ്വാമി, ജോ. സെക്രട്ടറി ഭരണീധരന്‍ എന്നിവര്‍ സന്നിധാനത്തും ഉത്തരതമിഴ്നാട് സംസ്ഥാന സംഘടനാ സെക്രട്ടറി ശിവരാമന്, കേരള സംസ്ഥാന സെക്രട്ടറി മനോജ് എന്നിവര്‍ എരുമേലിയിലും നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: