കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു. വര്‍ഷങ്ങളായി കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നും നഗരസഭ മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്നതാണ് നിറുത്തലാക്കുന്നത്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണമെന്നതാണ് നഗരസഭയുടെ നിലപാടെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദുജോസ് പറഞ്ഞു. പൊതുജനങ്ങളെയും വ്യാപാരികളെയും ബോധവത്ക്കരിച്ച ശേഷം പൂര്‍ണമായും മാലിന്യ നീക്കം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 12ന് നഗരസഭാ ഓഫീസില്‍ നഗരസഭാ അധികൃതരും ജീവനക്കാരും യോഗം ചേരും. വീടുകളും വിവിധ സ്ഥാപനങ്ങളുമാണ് മാലിന്യങ്ങളുടെ ഉറവിടങ്ങള്‍. ഇവിടങ്ങളില്‍ നിന്നുള്ള മാലിന്യം പൊതു സ്ഥലത്ത് കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇത് നഗരസഭയാണ് നീക്കം ചെയ്യുന്നത്. ഇനിമുതല്‍ വീടുകളും സ്ഥാപനങ്ങളും സ്വന്തമായി മാലിന്യ സംസ്ക്കാരണത്തിന് സംവിധാനമൊരുക്കണം. ടൗണില്‍ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കാനായി നഗരസഭ സ്ഥാപിച്ചിട്ടുള്ള വീപ്പകള്‍ സാവധാനം എടുത്തുമാറ്റുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വ്യാപാരികളുടെ യോഗം വിളിക്കുകയും അവര്‍ക്ക് നോട്ടീസ് കൊടുക്കുന്നതടക്കമുള്ള നടപടികളും നഗരസഭ ഉദേശിക്കുന്നുണ്ട്. ടൗണില്‍ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂട്ടിയിടുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. നിലവില്‍ ദിവസവും രാവിലെ നഗരസഭ മാലിന്യം നീക്കം ചെയ്യുന്നുണ്ട്. അതിനു ശേഷം രാത്രിയിലും പകലുമായി മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും തെരുവ് നായ്ക്കളുടെ ശല്യത്തിന് കാരണമാകുന്നതായും കല്‍പ്പറ്റയിലെ ഒരു സ്കൂള്‍ അധികൃതര്‍ നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ചെയര്‍പേഴ്സണ്‍ ബിന്ദുജോസ് പറഞ്ഞു. മാലിന്യം കൂട്ടിയിടുന്ന സ്ഥലത്ത് നിലവില്‍ നഗരസഭാ ജീവനക്കാരെ അധികൃതര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരുടെയും അവര്‍ എത്തുന്ന വാഹനങ്ങളുടെയും വിവരങ്ങള്‍ കുറിച്ച് വെച്ച് കേസെടുക്കുമെന്നാണ് ജീവനക്കാരുടെ ഭീഷണി. ഇതിനിടെ നഗരസഭയുടെ പുതിയ തീരുമാനത്തില്‍ ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി നഗരസഭ തുടരുന്ന മാലിന്യ നീക്കം നിറുത്തുന്നത് ശക്തമായ പ്രതിഷേധത്തിനാണ് വഴിതെളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: