തുറവൂര്‍: വായ്‌പയെടുത്ത തുകയുടെ മൂന്നിരട്ടി അടച്ചു തീര്‍ത്തിട്ടും പ്രമാണം തിരിച്ചു നല്‍കാതെ ഹൗസിങ് സഹകരണ സംഘം കബളിപ്പിക്കുന്നതായി പരാതി.
വീടു നിര്‍മ്മിക്കാന്‍ എഴുപതിനായിരം രൂപ വായ്‌പയെടുത്ത വളമംഗലം വടക്ക് കുന്നത്തു കാവില്‍ രഘു പലിശയടക്കം രണ്ടു ലക്ഷത്തിമുപ്പത്തെണ്ണായിരത്തി നാന്നൂറ്റി ഇരുപത്തേഴു രൂപ തിരിച്ചടച്ചിട്ടും ഈടുവച്ച പ്രമാണം മടക്കി നല്കുന്നില്ലെന്നാണ് പരാതി. കുത്തിയതോട് റൂറല്‍ ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് അടച്ചുതീര്‍ത്ത ലോണിന്റെ പേരില്‍ ജപ്തി നോട്ടീസയച്ചും മറ്റും ഗുണഭോക്താവിനെ പീഡിപ്പിക്കുന്നത്.
ഒരിളവും നല്‍കാതെ സംഘം ആവശ്യപ്പെട്ട മുഴുവന്‍ തുകയും അടച്ചു തീര്‍ത്തിട്ടും പ്രമാണം തിരിച്ചു നല്കാന്‍ തയ്യറാകുന്നില്ല. പ്രമാണം കാണുന്നില്ലെന്നാണ് സംഘം അധികൃതരുടെ ഭാഷ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സഹകരണമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, വിജിലന്‍സ് ഡയറക്ടര്‍,വിജിലന്‍സ് സഹകരണ രജിസ്ട്രാര്‍ എന്നിവര്‍ക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലത്രെ.
















