ശബരിമല: ശരണമന്ത്രങ്ങള്‍ കൈപിടിച്ചു നടത്തിയപ്പോള്‍ എണ്‍പത്തഞ്ചിലും പാറുക്കുട്ടിയമ്മയ്ക്ക് യുവത്വത്തിന്റെ ഊര്‍ജ്ജം. വാര്‍ദ്ധക്യത്തിന്റെ അവശതകളെ ഭഗവാങ്കല്‍ സമര്‍പ്പിച്ചാണ് ഈ ഭക്ത മല കയറിയത്. തൃശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോട് സ്വദേശി പാറുക്കുട്ടിയമ്മയാണ് തുടര്‍ച്ചയായി ഇരുപതാം വര്‍ഷവും മലകയറി ശബരീശ സന്നിധിയില്‍ എത്തിയത്.
രണ്ടു ബസ്സുകളില്‍ 100 പേരടങ്ങുന്ന സംഘത്തില്‍ മകന് ഉണ്ണികൃഷ്ണനോടൊപ്പമാണ് പാറുക്കുട്ടിയമ്മ ഇന്നലെ രാവിലെ ഒന്‍പതരയോടെ സന്നിധാനത്ത് എത്തിയത്. നടപ്പന്തലില്‍ ചെറിയ ക്യൂ ഉണ്ടായിരുന്നെങ്കിലും ഇരുമുടിക്കെട്ടേന്തി ശരണം വിളിയോടെ എത്തിയ മുതിര്‍ന്ന മാളികപ്പുറത്തെ കണ്ടപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കും മനസ്സലിഞ്ഞു. ക്യൂ നിര്‍ത്താതെ മാളികപ്പുറത്തെ പതിനെട്ടാംപടിയുടെ താഴെയെത്തിച്ച് പടിചവിട്ടിച്ചു.
ഇത്തവണ മലകയറി അയ്യപ്പനെ കാണാന്‍ എത്താമെന്ന് കരുതിയിരുന്നില്ലെന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു. മൂന്നുമാസം മുന്‍പ് കാലിനു വേദനയായിരുന്നു. മനമുരുകി ഭഗവാനോട് പ്രാര്‍ത്ഥിച്ചു. വൃശ്ചികമാസം എത്തിയതോടെ മാലയണിഞ്ഞു. മലകയറ്റത്തില്‍ വലിയ അവശതയൊന്നും അനുഭവപ്പെട്ടില്ല, മനസ്സറിഞ്ഞ് ശരണം വിളിച്ചാല്‍ ക്ഷീണം അകലുമെന്നും ഭഗവാന് കടാക്ഷിച്ചാല് ഇനിയും സന്നിധിയില്‍ എത്തുമെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: