ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എന്‍എസ്എസ് വാളന്റിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്ക് നല്കുന്ന രീതി സംസ്ഥാനത്തും നടപ്പാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പടുന്നു. നാലിന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച ശുപാര്‍ശ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കുന്ന തമിഴ്നാട് നിലപാട് മാതൃകാപരമാണ്. നിലവില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ശബരിമലയില്‍ സേവനത്തിനെത്തുന്നില്ല. തമിഴ്നാട് സര്‍ക്കാരിന്റെ മാതൃകയില്‍ കേരളസര്‍ക്കാരും ഗ്രേസ്മാര്ക്കുനല്കിയാല് ഓക്സിജന്‍ പാര്ലറുകളിലടക്കം വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കാനാകും.സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍എസ്എസ് വാളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കി മാര്‍ക്കു നല്‍കുന്നതിനെ കുറിച്ചാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളില്‍ സേവന മനസ്ഥിതി വര്‍ദ്ധിപ്പിക്കുമെന്നും ശബരിമലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ കൂടി പങ്കാളികളാക്കാന്‍ സാധിക്കും.
പമ്പയില്‍ നിന്നും സന്നിധാനത്തിലേക്കുള്ള പാതയില്‍ ഓക്സിജന്‍ പാര്‍ലറുകളിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സേവനം അനുഷ്ഠിക്കുന്നത്. പത്തു ദിവസം നില്‍ക്കുന്നതിന് അഞ്ച് മാര്‍ക്കാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥിസംഘത്തെ നിയന്ത്രിക്കുന്നതിന് അദ്ധ്യാപകരും ഒപ്പമുണ്ട്. എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: