സതീഷ് ചെറിയനാട്
ശബരിമല: ഒന്നരവര്‍ഷമായി അയ്യപ്പ സോപാനത്ത് പൂജാവേളകളില്‍ ഭഗവത് കീര്‍ത്തനങ്ങള്‍ ആലപിക്കാനുള്ള സൗഭാഗ്യവുമായി എം.ജി. രാമചന്ദ്രമാരാര്‍. ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹവും അയ്യപ്പസ്വാമിയുടെ കടാക്ഷവും കൊണ്ടുമാത്രമാണ് അയ്യപ്പ സന്നിധിയില്‍ എത്തിച്ചേരാന്‍ സാധിച്ചതെന്ന് രാമചന്ദ്രമാരാര്‍ വിശ്വസിക്കുന്നു.
ഒന്നരവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ രാമാചന്ദ്രമാരാര്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നീണ്ട ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി എത്തിയ ഉടന്‍ അയ്യപ്പസന്നിധിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത് അയ്യപ്പനെ അകമഴിഞ്ഞു വിളിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.
സോപാന സംഗീതത്തിനു പുറമെ ശബരിമലയില്‍ അനുഷ്ഠാന വാദ്യമായ മരപ്പാണികൊട്ടുന്നതും പഞ്ചവാദ്യവും ചെണ്ടമേളവും അവതരിപ്പിച്ചു വരുന്നു. സോപാന സംഗീതം, അഷ്ടപദി, ചെണ്ട, പഞ്ചവാദ്യം, കളമെഴുത്തുംപാട്ടും, പാണി കുറുങ്കുഴല്‍ എന്നിവ വൈക്കം കലാപീഠത്തില്‍ നിന്നുമാണ് അഭ്യസിച്ചത്. 2014ലെ ക്ഷേത്രശ്രീ പുരസ്ക്കാരം നേടിയിട്ടുണ്ട്.
അച്ഛന് കുറിച്ചിത്താനം ഗോവിന്ദമാരാരുടെ ശിക്ഷണത്തിലാണ് വാദ്യഉപകരണങ്ങളില്‍ പഠനം ആരംഭിച്ചത്. പാഴൂര്‍ ദാമോദരമാരാര്‍, സദനം ദിവാകരമാരാര്‍, വെച്ചൂര്‍ രാഘവക്കുറുപ്പ്, കലാനിലയം പുലിപ്രകൃഷ്ണന്കുട്ടി മാരാര്‍, ശങ്കരമണി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു തുടര്‍ പഠനം. 29 വര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ ജോലി നോക്കിവരുന്നു. ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, തിടനാട് മഹാക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്.
ജോലിയെക്കാള്‍ ഉപരി ഇതൊരു നിയോഗമായി വിശ്വസിക്കുന്ന രാമചന്ദ്രമാരാര്ക്ക് ഏറ്റുമാനൂരപ്പന്റെ മുന്നില്‍ വാദ്യസംഗീതം അവതരിപ്പിക്കുമ്പോള്‍ പ്രത്യേക അനുഭവമാണെന്നും പറഞ്ഞു. അമ്മ പരേതയായ ജാനകിയമ്മ. 2014 സുവര്‍ണ്ണമുദ്ര പുരസ്ക്കാരം ലഭിച്ച കരിമണ്ണൂര്‍ മാധവക്കുറുപ്പിന്റെ മകള്‍ രമയാണ് ഭാര്യ. മകന് യദുകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: