ശബരിമല: സന്നിധാനത്ത് താത്ക്കാലികമായി ജോലി നോക്കുന്ന പലവേല ജീവനക്കാര്‍ക്ക് ഒരു മാസം പിന്നിട്ടിട്ടും തിരിച്ചറിയല്‍ രേഖ നല്‍കിയില്ല. 66 ജീവനക്കാരാണ് സന്നിധാനത്ത് ജോലി നോക്കുന്നത്. സന്നിധാനത്തുനിന്നുള്ള നെയ്യ്, അരി, നാണയതുട്ടുകള്‍ മുതലായവ നീക്കം ചെയ്യുക എന്നതാണ് ഇവരുടെ ജോലി. ഇതോടൊപ്പം കുന്നാര്‍ അണക്കെട്ടില്‍ ജോലി നോക്കുന്ന പോലീസുകാര്‍ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങളും എത്തിക്കണം.
നവംബര്‍ പത്തിനാണ് ജോലിക്കായി ഇവര്‍ സന്നിധാനത്ത് എത്തിയത്. അന്ന് തന്നെ രേഖകള്‍ ബന്ധപ്പെട്ട അധികൃതരെ ഏല്‍പ്പിച്ചിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിട്ടില്ല. ഇതിനാല്‍ പുലര്‍ച്ചെ സന്നിധാനത്ത് നെയ് നീക്കം ചെയ്യാനെത്തുമ്പോഴും സന്നിധാനത്തേക്കുള്ള വഴികളിലും പരിശോധനയുടെ ഭാഗമായി തടയുന്നെന്നും ജീവനക്കാര്‍ പറഞ്ഞു.
തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ സന്നിധാനത്ത് ജോലിക്ക് നിയോഗിക്കത്തില്ലെന്ന് പോലീസും ദേവസ്വം അധികൃതരും വ്യക്തമാക്കുമ്പോഴാണ് നടതുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: