പത്തനംതിട്ട: ഉന്നതനിലവാരത്തില്‍ ടാര്‍ ചെയ്ത റോഡ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇളകിപ്പോയി. കുമ്പഴ-വെട്ടൂര്‍- കോന്നി റോഡാണ് ടാറിംഗ് പൂര്‍ത്തിയാക്കിയതിന്റെ അടുത്തദിവസംതന്നെ മെറ്റല്‍ ഇളകി താറുമാറായത്. കുമ്പഴ ജംഗ്ഷന് മുതല്‍ കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍വരെ 7.5 കിലോമീറ്ററോളം ദൂരമാണ് കഴിഞ്ഞ രണ്ട് ആഴ്ചയായി ടാര്‍ ചെയ്തത്. 4.66 കോടി രൂപാ ചിലവിലാണ്റോഡിന്റെ പുനരുദ്ധാരണം. ആധുനിക രീതിയില്‍ ബിഎംആന്റ് ബിസി ടാറിംഗാണ് നടത്തിയത്. എന്നാല്‍ ആഞ്ഞിലിക്കുന്നുമുതല് മുരിങ്ങമംഗലം വരെയുള്ള ഭാഗത്താണ് ടാറിംഗ് ഇളകിപ്പോയത്. ഇളകിയ മെറ്റലുകള്‍ നീക്കം ചെയ്തു വീണ്ടും ടാറിംഗ് ചെയ്തെങ്കിലും അതും ഇളകിപ്പോയത് വ്യാപക പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജോലികള്‍ നടക്കുന്നടിനിടെ വാഹനങ്ങള്‍ കടന്നുപോയതാണ് ടാറിംഗ് തകരാനിടയാക്കിയതെന്നാണ് കരാറുകാരുടെ വിശദീകരണം. എന്നാല്‍ ആദ്യം പൂര്‍ത്തിയാക്കിയ ഭാഗത്ത് തകരാര്‍ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ വീതി രണ്ടുഭാഗമായി തിരിച്ചാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. ഇതിന് മുകളില്‍കൂടി അവസാനവട്ട ടാറിംഗ് നടക്കാനിരിക്കെയാണ് ആദ്യഘട്ടത്തിലെ മെറ്റലുകള്‍ ഇളകിപ്പോയത്. കടമ്പനാട്ടുള്ള ടാര്‍മിക്സിംഗ് പ്ലാന്റില്‍ നിന്നുമാണ് റോഡു നിര്‍മ്മാണത്തിന് മിശ്രിതം എത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: