മലയാളക്കരയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് വയനാട്ടിലെ പുല്‍പ്പളളി സീതാ-ലവകുശ ക്ഷേത്രം. ത്രേതാ യുഗത്തെ കുളിരും കണ്ണീരുമണിയിച്ച രാമായണ കഥകളാല്‍ സമ്പന്നവുമാണ് ഈ സഹ്യാദ്രി നിരകള്‍. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും വയനാടന്‍ ഗോത്ര നാഗരികതയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുളളതെന്ന് അവരുടെ കലാരൂപങ്ങളും അനുഷ്ഠാന ചടങ്ങുകളും വിളിച്ചോതുന്നുണ്ട്. ദര്‍ഭ വിരിച്ച മെത്ത എന്ന അര്‍ത്ഥത്തിലാണ് പുല്‍പ്പള്ളി എന്ന പേരുതന്നെ.
വയനാടന്‍ വനവാസി സമൂഹങ്ങളെകൊണ്ട് രാമായണ ശീലുകള്‍ പാടിച്ച പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നാണ് പുല്‍പ്പളളി സീതാ- ലവകുശ ക്ഷേത്രം. ലോകാപവാദം ഭയന്ന് ശ്രീരാമനുപേക്ഷിച്ച ഗര്‍ഭിണിയായ സീതാദേവി എത്തിപ്പെട്ട വനമേഖലയാണിതെന്നാണ് വിശ്വാസം. വാല്മീകി ശിഷ്യന്മാര് പണികഴിച്ച പുല്‍കുടിലില്‍ ആണ് സീത ലവ-കുശന്മാര്‍ക്ക് ജന്മം നല്‍കിയത്. പുല്‍ക്കുടിലില്‍ സീതാദേവിയും മക്കളും പള്ളികൊണ്ടതുകൊണ്ടാണ് ഈ സ്ഥലത്തിന് പുല്‍പ്പള്ളിയെന്ന് പേര് സിദ്ധിച്ചതെന്നും പഴമൊഴി.
ആദി കവിയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന ആശ്രമക്കൊല്ലിയും മുനികുമാരന്മാര് കളിച്ചു വളര്‍ന്നതെന്ന് കരുതുന്ന ശിശുമലയും ഇവിടെ അടുത്താണ്. രാമന്റെ യാഗാശ്വത്തെ മുനികുമാരന്മാര് ബന്ധിച്ചതറിഞ്ഞ് ഇവിടെ എത്തിയ ശ്രീരാമന് ദേവിയെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചുവെന്നും ദുഖിതയായ അവര്‍ ഭൂമീദേവിയെ മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭൂമി സ്വയം പിളര്‍ന്ന് ദേവി അന്തര്‍ധാനം ചെയ്തുവെന്ന് വിശ്വസിക്കുന്ന ജഡയറ്റ കാവും ഇവിടെയാണ്. പുല്‍പ്പളളി സീതാ- ലവകുശക്ഷേത്രത്തിന്റെ മൂലസ്ഥാനം കൂടിയാണിത്. ജഡയറ്റ കാവിലമ്മയാണ് കാലാന്തരത്തില്‍ ചേടാറ്റിലമ്മയായി അറിയപ്പെടുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല ബ്രിട്ടീഷ് വിരുദ്ധ സായുധ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നുമാണ് ഈക്ഷേത്രം. വീര പഴശ്ശിരാജയുടെ ഇഷ്ട ക്ഷേത്രവും ഇതാണ്. ഇക്കാരണത്താല്‍ തന്നെ നവംബര്‍ മാസം പുല്പ്പളളിയെ സംബന്ധിച്ച് സമരസ്മരണകള്‍ ഉണരുന്ന നാളുകളുമാണ്. രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് വയനാടന്‍ വനാന്തരങ്ങളെ താവളമാക്കി വനവാസികളുടെ സഹായത്താല്‍ കണ്ണൂര്‍ കോട്ടയം രാജവംശത്തിലെ ഇളംമുറക്കാരനായിരുന്ന കേരളവര്‍മ്മ പഴശ്ശിരാജ നടത്തിയ പോരാട്ടം വനവാസികളുടെ വാമൊഴികളില്‍ ഇന്നും ഒളിമങ്ങാത്ത വീര ഇതിഹാസമാണ്. പലപ്പോഴും ആ സമരത്തിന്റെ സിരാകേന്ദ്രവും ഈക്ഷേത്രാങ്കണമായിരുന്നു.
ഇതുകൂടാതെ സീതമാതാവിന്റെ അശ്രിതവല്‍സലനായ ഹനുമാന്റെ സങ്കല്‍പ്പസ്ഥാനവും പുല്‍പ്പള്ളിയിലുണ്ട്. 14,000 ഏക്കറിലധികം ഭൂവിസ്തൃതിയുണ്ടായിരുന്ന പുല്‍പ്പള്ളി ദേവസ്വത്തിന് ആനപിടുത്തകേന്ദ്രങ്ങളും ആനപ്പന്തികളും നിരവധി ആനകളും ഉണ്ടായിരുന്നു. ക്ഷേത്രസ്വത്ത് കണ്ട് ആക്രമണത്തിനെത്തിയ ടിപ്പുവിനെ ദിഗ്ഭ്രമം വരുത്തി സീതാദേവി ക്ഷേത്രകുളത്തിനടുത്തുനിന്നും തിരിച്ചയച്ചതായുള്ള കഥകളും പ്രചരിക്കുന്നുണ്ട്. ഒരുകാലത്തും ഇവിടെ അട്ടകള്‍ ഉണ്ടായിരുന്നില്ല എന്നതും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ദേവി മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെയും ക്ഷുദ്രജീവികളെയും അകറ്റിനിര്ത്തുന്നുണ്ടെന്നാണ് വിശ്വാസം.
ഇവിടെ നിന്നും വിളിപ്പാടകലെ കേരള- കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ മാവിലാം തോടിന്റെ കരയിലാണ് വെളളക്കാരുമായുളള ഏറ്റുമുട്ടലില്‍ വീര പഴശ്ശിരാജ വരമൃത്യു വരിച്ചതും അതോടെ ആ പോരാട്ടത്തിന്റെ കൊട്ടിക്കലാശം നടന്നതും. 1805 നവംമ്പര്‍ 30ന് ആയിരുന്നു അത്. പഴശ്ശി തന്റെ അവസാന നാളുകള്‍ ചെലവഴിച്ചതും ഈ കാനന ക്ഷേത്രത്തിലും പരിസരങ്ങളിലുമായിരുന്നു. വനവാസികളായ സമരപോരാളികളുടെ ആയോധന പരിശീലന കേന്ദ്രവും പ്രധാന ആരാധനാലയും ഈ വൈദേഹീ ക്ഷേത്രമായിരുന്നു. ഇഷ്ടദേവതയെ സാക്ഷിയാക്കി പരമ്പരാഗതമായ അനുഷ്ഠാനങ്ങള്‍ക്ക് ശേഷമായിരുന്നു പഴശ്ശിയും സംഘവും പോരാട്ടത്തിന് പുറപ്പെട്ടിരുന്നത്.
വിദേശ ഭരണത്തിനെതിരെ അന്തിമ പോരാട്ടത്തിന് തയ്യാറാകാന്‍ പഴശ്ശി പോരാളികളില്‍ പ്രമുഖനായിരുന്ന എടച്ചെന കുങ്കന് 1802 ഒക്ടോബര്‍ രണ്ടിന് പനമരം മുരിക്കന്മാര് ക്ഷേത്രത്തില്‍ നിന്നും ആഹ്വാനം പുപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂവായിരത്തോളം കുറിച്ച്യ പടയാളികള്‍ അമ്പും വില്ലുമേന്തി അന്നത്തെ പ്രമുഖ ജനപഥമായിരുന്ന കുറിച്ച്യാടു നിന്ന് കൊടും വനത്തിലൂടെ ഈ ക്ഷേത്രാങ്കണത്തില്‍ സംഗമിച്ചതായി ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ കളക്ടറായിരുന്ന വില്ല്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതോടെ ഉണ്ടായ സ്പാനിഷ് അധിനിവേശത്തിനെതിരെ മെക്സിക്കോയിലെ മായന്മാരും തെക്കേ അമേരിക്കയിലെ ഇങ്കോകളും നടത്തിയ സായുധ ചെറുത്തു നില്‍പ്പുകള്‍ക്ക് സമാനമായിരുന്നു വയനാട്ടിലെ വനവാസികളുടെ പോരാട്ടവും. തീ തുപ്പുന്ന പീരങ്കികളുമായി കടന്നുവന്ന വെള്ളക്കാര്‍ക്കെതിരെ മായന്മാര് അവരുടെ തിയോക്കലി ക്ഷേത്രമുറ്റത്ത് നടത്തിയ പ്രതിരോധത്തിന്റെ തനിയാവര്‍ത്തനമാണ് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം പഴശ്ശി പോരാളികള്‍ ഇവിടെയും നിര്‍വ്വഹിച്ചത്. രാമ- രാവണ യുദ്ധത്തില്‍ രാമന് സഹായികളായ വാനരപ്പടയ്ക്ക് സമാനമായി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ കണ്ണൂര്‍ കോട്ടയം രാജവംശത്തിലെ ഇളംമുറക്കാരന് നടത്തിയ സായുധ പോരാട്ടത്തിന് ആളും അര്‍ത്ഥവും നല്കി സഹായിച്ചത് വനവാസികളായിരുന്നു എന്നതും മറ്റൊരു സമാനതയാണ്.
അവസാന നിമിഷം വരെ പഴശ്ശിയെ സ്വന്തം കണ്ണിലെ ക്യഷ്ണമണിപോലെ കാത്തു സൂക്ഷിച്ച വനവാസികളുടെ ദേശസ്നേഹവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇത്രത്തോളം പങ്കാളിത്തമുളള ഒരു ക്ഷേത്രം ആ രൂപത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയത് ബോധപൂര്‍വ്വം ആയിരുന്നോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
മറ്റൊരു നവംബറില്‍ പുല്‍പ്പളളിയില്‍ നടന്ന നക്സല്‍ കലാപത്തിനും സാക്ഷിയായ ക്ഷേത്രമാണിത്. 1968 നവംമ്പര്‍ 24ന് ആക്രമണത്തിന് ഇരയായ അന്നത്തെ മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ് സ്ഥിതിചെയ്തിരുന്നതും ഈ ക്ഷേത്രത്തിന് സമീപമായിരുന്നു. ഇന്ന് ഈ കെട്ടിടം പുല്പ്പളളിക്ഷേത്രത്തിന്റെ ഊട്ടു പുരയാണ്. കുന്നിക്കല്‍ നാരായണന്,കിസ്സാന്‍ തൊമ്മന്, എ. വര്‍ഗ്ഗീസ് തുടങ്ങിയവരുടെ നേത്യത്വത്തിലായിരുന്നു ഈ കലാപം. സബ് ഇന്‍സ്പെക്ടര്‍ അല്ലപ്പനെ വകവരുത്താനെത്തിയ കലാപകാരികളുടെ രോഷത്തിന് ഇരയായി കൊല്ലപ്പെട്ടത് ഹവില്‍ദാര്‍ കുഞ്ഞിക്യഷ്ണന്‍ നായരാണ്. വന നിബിഡമായിരുന്ന പുല്‍പ്പളളിയുടെ പശ്ചാത്തല വികസനത്തിനും ആധുനിക വത്ക്കരണത്തിനും ആക്കം കൂട്ടിയ ഭരണകൂട ഇടപെടലുകള്‍ക്ക് തുടക്കമായതും ഈ സംഭവത്തോടയൊണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: