ശബരിമല: മണ്ഡല മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ബിഎസ്എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. പമ്പയിലെ ഇഒസിയില്‍ നിന്നും ശബരിമല പത്തനംതിട്ട, നിലയ്ക്കല്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിച്ച് ഹോട്ട്ലൈന്‍ സ്ഥാപിച്ചു. പമ്പയിലെ ആശുപത്രിയില്‍ നാല് ലൈനോടുകൂടിയ ഒരു എമര്‍ജന്‍സി കാള്‍ സെന്റര്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍: 04735 203232). കൂടാതെ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 100, ഫയര്‍ഫോഴ്സ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 101 എന്നിവയുടെ സേവനം ശബരിമലയിലും പമ്പയിലും സജ്ജമാക്കിയതായും സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ എസ്. കൃഷ്ണകുമാര്‍ അറിയിച്ചു.
മൊബൈല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ബിടിഎസ്സുകള് ടെലഫോണ്‍ എക്സ്ചേഞ്ചിലും ജ്യോതിനഗറിലുള്ള കസ്റ്റമര്‍ കെയര്‍ സെന്ററിലും സജ്ജീകരിച്ചു. 3ജി സംവിധാനം ലഭിക്കത്തക്ക വിധത്തിലാണ് രണ്ടിടങ്ങളിലും സജ്ജീകരിണമേര്പ്പെടുത്തിയിട്ടുള്ളത്.
ശബരിമലയിലേക്കുള്ള കാനനപാതയിലും റോഡുകളിലും പരമാവധി കവറേജ് ലഭ്യമാക്കിയതായി അദേഹം പറഞ്ഞു. പമ്പയിലേക്കുള്ള വഴിയില്‍ പ്ലാപ്പള്ളിയിലും ചാലക്കയത്തിനടുത്തും പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കവറേജ് ലഭിക്കും. കൂടാതെ നിലയ്ക്കല്‍ അട്ടത്തോട്, കെഎസ്ആര്‍ടിസി, പമ്പ എക്സ്ചേഞ്ച്, ഗസ്റ്റ്ഹൗസ് തുടങ്ങിയ ഇടങ്ങളിലും ടവര്‍ സ്ഥാപിച്ചു.
ശബരിമലയിലും പമ്പയിലുമുള്ള എസ്റ്റിഡി ബൂത്തുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ്ജില്ലാതെ ഇന്ത്യയിലെവിടേക്കും ഒരു രൂപ പള്‍സ്റേറ്റ് പ്രകാരം ഫോണ്‍ വിളിക്കാന്‍ സാധിക്കും. കൂടാതെ ഇവിടങ്ങളില്‍ സ്ഥാപിച്ച ഇന്റര്‍നെറ്റ് കിയോസ്കുകളില്‍ അയ്യപ്പന്മാര്ക്ക് ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി മണിക്കൂറിന് അഞ്ചു രൂപ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍, ഫ്ളെക്സി ചാര്‍ജ്ജിംഗ്, ഫാക്സ് തുടങ്ങിയവ ടെലികോം സെന്ററില്‍ ലഭ്യമാണ്. ശബരിമല ടെലികോം സെന്ററില്‍ പുതിയ സിംകാര്‍ഡ് എടുക്കാനും ടെലഫോണ്‍ ബില്ല് അടയ്ക്കാനും സൗകര്യമുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: