വടശേരിക്കര: മണ്ണാരക്കുളഞ്ഞി ചാലക്കയം റോഡില്‍ കല്ലാറിനു കുറുകെ പണികഴിപ്പിച്ച വടശ്ശേരിക്കര പാലത്തിന്റെ സ്പാനുകള്‍ക്കിടയില്‍ ആല്‍മരം വളരുന്നു. ഇത് പാലത്തിന്റെ ബലക്ഷയത്തിനു കാരണം ആകുന്നു. പാലത്തിന്റെ ഇരു വശങ്ങളിലുമായി നാലിടത്താണ് ആല് മരങ്ങള്‍ വളരുന്നത്. ഇതുമൂലം കൂട്ടി യോജിപ്പിച്ച സ്പാനുകള്‍ അകലാന്‍ ഇടയാകുന്നു എന്നാണ് ആക്ഷേപം. അവലോകന യോഗങ്ങളില്‍ ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും. ബന്ധപെട്ട ആര് ഡി ഒ ആല് മരങ്ങള്‍ നശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരി ക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതാണ് എന്ന് നാട്ടുകാരും സാക്ഷ്യപെടുത്തുന്നു. യാതൊരു നടപടിയും ഇത് വരെ എടുത്തില്ല.
മൂഴിയാര്‍ പവര്‍ ഹൗസിന്റെ നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ എത്തിക്കുന്നതിന് വേണ്ടി 1962 ല്‍ പണി കഴിപ്പിച്ച പാലമാണിത്. ശേഷം കാര്യമായ അറ്റ കുറ്റ പണികള്‍ ഒന്നും നടത്തിയിട്ടില്ല. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് സഞ്ചരിക്കുന്നത്. അറ്റകുറ്റപണികള്‍ നടത്താതെ ആല്മരങ്ങള് വളരാന്‍ അനുവദിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കാന്‍ കാരണമാകുമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. സമാന്തര പാലമെന്നും, കോസ് വേ എന്നും പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഇല്ല.
നിലവില്‍ അപകട സാധ്യത ഒന്നുമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എങ്കിലും ആയിരക്കണക്കിന് ഭാരമേറിയ വാഹങ്ങള്‍ കടന്നു പോകുന്നത് കൊണ്ട് ഗ്രൗട്ട് ഇട്ടു പാലം കൂടുതല്‍ ബലപെടുത്തേണ്ടതുണ്ട് എന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ശബരിമല ഉള്‍പെടെ മറ്റു മലയോര മേഖലകളെ പത്തനംതിട്ടയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഏക മാര്‍ഗ്ഗമാണ് പ്രസ്തുത പാലവും അനുബന്ധ റോഡുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: