കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ ലഭ്യമാക്കാന്‍, മുലയൂട്ടുന്ന അമ്മമാര്‍ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. സന്തുലിതമായ രീതിയിലുള്ള ഭക്ഷണക്രമം മുലപ്പാല്‍ ഉല്പാദിപ്പിക്കാന് സഹായിക്കുന്നതിനൊപ്പം, അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായതുമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുലപ്പാല്‍ നല്‍കുന്നതാണ് ഉചിതം. ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം മതിയാകും. കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
മുട്ട
മികച്ച പ്രോട്ടീനുകളുടെ ഉറവിടമായ മുട്ട അമിനോ ആസിഡുകളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തും. ഇത് അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ കരുത്തും ഊര്‍ജ്ജവും നല്‍കും. മുട്ടയുടെ മഞ്ഞക്കരു സ്വഭാവികമായ വിറ്റാമിന്‍ ഡി അടങ്ങിയ ചുരുക്കം ചില ഭക്ഷണ സാധനങ്ങളിലൊന്നാണ്. ഇത് കുഞ്ഞിന്റെ അസ്ഥികള്‍ക്ക് കരുത്ത് നല്‍കും. ദിവസം ഒന്നോ രണ്ടോ മുട്ട വീതം കഴിക്കാം. ഇവ പൊരിച്ചോ, പുഴുങ്ങി പകുതി വേവിച്ചോ, ഓംലെറ്റായോ കഴിക്കാം.
ഓട്ട്മീല്‍
മികച്ച ഒരു ലാക്ടോജെനിക് ഭക്ഷണമാണ് ഓട്ട്മീല്‍. ഈ പ്രകൃതിദത്ത ധാന്യം എളുപ്പം ദഹിക്കുന്ന ഫൈബറിനാല്‍ സമ്പന്നമാണ്. പ്രസവാനന്തരം മലബന്ധം അനുഭവപ്പെടുന്ന അമ്മമാര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ഇരുമ്പിനാല്‍ സമ്പന്നമായ ഓട്ട്മീല്‍ ഇരുമ്പ് കുറവ് മൂലമുള്ള അനീമിയ തടയും. മുലപ്പാല്‍ വര്‍ദ്ധിക്കാനും ഓട്ട്മീല്‍ അനുയോജ്യമാണ്. ഫ്രഷായി പാചകം ചെയ്ത ഓട്ട്മീലില്‍ ഒരു സ്പൂണ്‍ തേന്‍, ഏലക്ക, കുങ്കുമപ്പൂവ് അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് പോഷകമൂല്യം വര്‍ദ്ധിപ്പിക്കാം. ഒരു പാത്രം ചൂടുള്ള ഓട്ട്മീല്‍ റിലാക്സ് ചെയ്യാനും, സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കും.
ചെമ്പല്ലി
ചെമ്പല്ലി മത്സ്യത്തില്‍ ഡോകോസാഹെക്സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും. വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍ എന്നിവയും ചെമ്പല്ലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തടയാന്‍ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്. ഫ്രീസറില്‍ വെയ്ക്കാതെ ഉപയോഗിക്കുന്നതാണ് ഉത്തമം.
ഉണക്കലരി
ആരോഗ്യകരമായ, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഉണക്കലരി പോലുള്ള ധാന്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഉണക്കലരി നിങ്ങളുടെ ഊര്‍ജ്ജം ഉയര്‍ന്ന തോതിലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായും നിലനിര്‍ത്തും. പച്ചരിയിലുള്ളതിനേക്കാള്‍ ഫൈബറും, അടിസ്ഥാന പോഷകങ്ങളും ഉണക്കലരിയില് അടങ്ങിയിട്ടുണ്ട്. മുലപ്പാലിന്റെ അളവും, ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. അരി വേവിക്കുന്നതിന് മുമ്പ് ഏതാനും മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാനും എളുപ്പത്തില്‍ ദഹിക്കാനും സഹായിക്കും.
ബ്ലുബെറി
പ്രസവാനന്തരം സ്ത്രീകള്‍ തങ്ങളുടെ ആഹാരത്തില്‍ ബ്ലുബെറി ഉള്‍പ്പെടുത്തണം. ആന്റി ഓക്സിഡന്റിനാല്‍ സമ്പന്നമായ ഈ പഴം ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ നശിപ്പിക്കുകയും കുഞ്ഞിനെ പലവിധ രോഗങ്ങളില്‍ നിന്നും തടയുകയും ചെയ്യും. അമ്മമാര്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളും, മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ദിവസം രണ്ടോ അതില്‍ കൂടുതല്‍ തവണയോ ബ്ലുബെറി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ചീര
ഇലക്കറികള്‍ എല്ലാം പോഷകസമൃദ്ധമാണെങ്കിലും ചീര ഇതില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയ ചീര അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമാണ്. ചീരയിലെ ഫോളിക് ആസിഡ് പുതിയ രക്ത കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കും. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ചീര ഫലപ്രദമാണ്. ചീരയിലടങ്ങിയ മാംഗനീസ് അസ്ഥി, കൊലാജന്‍, തരുണാസ്ഥി എന്നിവയുടെ വികാസത്തിന് സഹായിക്കും. പാലില്‍ നിന്നല്ലാതെ കാല്‍സ്യം ലഭ്യമാക്കുന്ന ചീരയില്‍ വിറ്റാമിന്‍ സിയും, ഇരുമ്പും അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: