വയനാട് തൊണ്ടര്‍നാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗം. റവന്യൂ വകുപ്പ് മന്ത്രി അടൂര്‍പ്രകാശ്, പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവര്‍ സമീപം.
വയനാട് ജില്ലയിലെ തൊണ്ടര്‍നാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ ജോര്‍ജിന്റെ കുടുംബത്തിന് അനുകൂലമായി കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
1967ല്‍ ജന്മതീറാധാരപ്രകാരം കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെയും സഹോദരന് ജോസിന്റെയും കൈവശം ഉണ്ടായിരുന്ന 12 ഏക്കര്‍ ഭൂമി 1977ല്‍ നിക്ഷിപ്ത വനഭൂമിയായി വനംവകുപ്പ് വിജ്ഞാപനംചെയ്തിരുന്നു. തുടര്‍ന്ന് ഇങ്ങോട്ട് പതിറ്റാണ്ടുകളായി ജോര്‍ജിന്റെ കുടുംബം നിയമപോരാട്ടം നടത്തിവരികയാണ്. ഇതിനിടെ 2006ല്‍ മന്ത്രിസഭാ യോഗതീരുമാനപ്രകാരം 2007ല്‍ സര്‍ക്കാര്‍ 12 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനം എടുത്തു. എന്നാല്‍ ഈ ഉത്തരവിനെതിരെ വണ്‍ലൈഫ്, വണ്‍ എര്‍ത്ത് എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്.
2013ല്‍ ഹൈക്കോടതിയില്‍ ഒരു റിട്ട് ഹരജിയും റിവിഷന്‍ ഹരജിയും നിലവിലുള്ളപ്പോള്‍ വനംവകുപ്പ് വീണ്ടും ഈ ഭൂമി പിടിച്ചെടുത്ത് വിജ്ഞാപനം ഇറക്കി. കഴിഞ്ഞ 130 ദിവസമായി വയനാട് കളക്ടറേറ്റിനു മുമ്പില്‍ ജോര്‍ജിന്റെ കുടുംബം സത്യാഗ്രഹ സമരത്തിലാണ്. സമരത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ കുടുംബാംഗങ്ങളെ ചര്‍ച്ചക്ക് വിളിച്ചത്.
ഹൈക്കോടതിയില്‍ കുടുംബാംഗങ്ങള്‍ക്ക് അനുകൂലമായി അഫിഡവിറ്റ് സമര്‍പ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയെക്കൂടാതെ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍പ്രകാശ്, പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ്, അഡീഷണല്‍ ചീഫ് സെക്രട്ടറി (വനം) മാരാപാണ്ഡ്യന്‍, ഫോറസ്റ്റ് ചീഫ് ഡോ. ബി.എസ്. കോറി, റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി റീച്ചല്‍ വര്‍ഗ്ഗീസ്, അണ്ടര്‍ സെക്രട്ടറി എച്ച്. നജീബ്, സമരസഹായ സമിതി ഭാരവാഹികളായ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എല്‍. പൗലോസ്, വയനാട് പ്രസ്ക്ലബ്ബ് പ്രസിഡന്റ് ബിനു ജോര്‍ജ്, ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം ആനന്ദകുമാര്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, ജോസ് കുര്യന് എന്നിവരും കുടുംബാംഗങ്ങളായ ജെയിംസ്, തോമസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: