മാനന്തവാടി : ചൂട്ടക്കടവിലെ ഹിന്ദു ശ്മശാനത്തിന്റെ നവീകരണത്തിന്റെ പേരില്‍ മുന്‍ ഭരണസമിതി നടത്തിയ അഴിമതി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ശ്മശാനത്തില്‍ ഗ്യാസ് ഉപയോഗിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിനുവേണ്ടി 2012-13ല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗ്ലാഡിസ് ചെറിയാനും വൈസ് പ്രസിഡണ്ട് പി.വി.ജോര്‍ജും അടങ്ങുന്ന ഭരണസമിതി തീരുമാനമെടുത്തിരുന്നു. ഇതിലേക്ക് ഇരുപത് ലക്ഷം രൂപ വകയിരുത്തി. ഇത്തരം സംവിധാനം പ്രവര്‍ത്തിക്കുന്ന വടകര സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും വിദഗ്ദ്ധരായ ആളുകലെ കണ്ടെത്താനും സര്വ്വകക്ഷിനേതാക്കളെ പിന്നീട് വന്ന പഞ്ചായത്ത് പ്രസിഡണ്ട് സില്‍വി തോമസും വൈസ് പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ ഇവര്‍ സര്‍വ്വകക്ഷി നേതാക്കളെ അറിയിക്കാതെ തന്നിഷ്ടപ്രകാരം വടകരയില്‍ പോവുകയും പദ്ധതിക്ക് സാങ്കേതിക അനുമതി പോലും വാങ്ങാതെ തൃശ്ശൂരുള്ള സ്വകാര്യ കമ്പനിക്ക് ലക്ഷങ്ങള്‍ കോഴ കൈപ്പറ്റി കരാറുറപ്പിച്ചു. 2013-2014 ല്‍ കമ്പനിക്ക് പത്ത് ലക്ഷം രൂപ കൈമാറിയെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ശ്മാശനത്തിന്റെ നവീകരണമൊന്നും നടന്നില്ല. ഹിന്ദുക്കള്‍ക്ക് മൃതദേഹം മറവ് ചെയ്യാനുള്ള ഏക ശ്മശാനമാണിത്. ഹിന്ദു ആചാരപ്രകാരം മൃതദേഹങ്ങള്‍ മറവ് ചെയ്തിടത്ത് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കവും മുന്‍ ഭരണസമിതി നടത്തി. ശ്മശാന നവീകരണത്തിന്റെ പേരില്‍ മുന്‍ ഭരണസമിതി നടത്തിയ അഴിമതിയെകുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് പുനത്തില്‍ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍സെക്രട്ടറി കെ.മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വേണുഗോപാലന്‍, കെ.രാധാകൃഷ്ണന്, എന്‍.ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: