വിളപ്പില്‍: പാഠശാലകളില്‍ അറിവും അഗ്‌നിച്ചിറകും സമ്മാനിച്ച് മജീദിന്റെ ഒറ്റയാള്‍ പോരാട്ടം. ഭാരതജനതയെ സ്വപ്‌നംകാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിന്തകളും ജീവിതദര്‍ശനങ്ങളും കുരുന്നു മനസുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമലേശ്വരം സ്വദേശി അബ്ദുള്‍ മജീദ് (66) വിശ്രമമില്ലാതെ സഞ്ചരിക്കുന്നത്. കുട്ടികള്‍ക്ക് കലാം ഒരു മാര്‍ഗരേഖ, യുവാക്കള്‍ക്ക് ദിശാബോധം എന്ന സന്ദേശം പകര്‍ന്നാണ് മജീദ് അക്ഷരമുറ്റങ്ങള്‍ തോറും കയറിയിറങ്ങുന്നത്.
അറിവിനും വായനയ്‌ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആശ്രയിക്കുന്ന പുതുതലമുറയ്‌ക്കിടയിലേക്കാണ് അബ്ദുള്‍ കലാമിന്റെ അഗ്‌നിച്ചിറകുകള്‍ എന്നപുസ്തകം മജീദ് പരിചയപ്പെടുത്താനെത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 300 ഓളം സ്‌കൂളുകളില്‍ വായനയുടെ മഹത്വം വിളമ്പി, ദേശീയതയുടെ ശബ്ദം ജ്വലിപ്പിച്ച് മജീദ് കടന്നുചെന്നു. സ്വന്തം അദ്ധ്വാനത്തില്‍ നിന്നു സ്വരുക്കൂട്ടിവച്ച സമ്പാദ്യം കൊണ്ട് കലാമിന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകളുടെ പതിപ്പുകള്‍ എല്ലായിടത്തും വാങ്ങി നല്‍കിയാണ് മജീദ് മാതൃകയാകുന്നത്. ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഡോ എ.പി.ജെ. അബ്ദുള്‍ കലാം വിഎസ്എസ്‌സിയിലുണ്ടായിരുന്ന കാലത്ത് പത്തുവര്‍ഷത്തോളം അവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1983ല്‍ ഉദ്യോഗം രാജിവച്ച് മജീദ് ഗള്‍ഫിലേക്ക് പോയി.
യുഎഇയിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നീണ്ട 23 വര്‍ഷം ജോലി ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോകം മുഴുവന്‍ ആരാധിക്കുന്ന മിസൈല്‍മാനെ വരുംതലമുറയ്‌ക്ക് പരിചയപ്പെടുത്താന്‍ ശിഷ്ടകാലം ചെലവഴിക്കാന്‍ തീരുമാനിച്ചത്. ഭാര്യ ലൈലയും അമേരിക്കന്‍ കമ്പനിയില്‍ എഞ്ചിനീയറയ മകന്‍ സമീറും ദുബായിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകള്‍ യെക്കീമയും പിന്തുണ അറിയിച്ചതോടെ മജീദ് തന്റെ കര്‍മ്മപഥത്തില്‍ സജീവമാവുകയായിരുന്നു.
വടക്കുപോകും റെയില്‍ ചൂളം വിളിക്കുമ്പോള്‍ ഓര്‍ക്കും ഞാനെന്റെ ബിജെപി സര്‍ക്കാരിനെ, സീനിയര്‍ സിറ്റിസണ്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ ഓര്‍ക്കും ഞാനെന്റെ രാജേട്ടനെ..”എന്ന നാലുവരി സ്വന്തം കവിത ചൊല്ലിയാണ് മജീദ് തന്റെ മനസിനെ കീഴടക്കിയ വാജ്‌പേയി സര്‍ക്കാരിനെ കുറിച്ചും ഒ. രാജഗോപാലിനെ കുറിച്ചും വാചാലനാകുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യം ഭരിച്ചില്ലായിരുന്നെങ്കില്‍ കലാമെന്ന ശാസ്ത്രജ്ഞനെ മാത്രമെ ലോകം അറിയുമായിരുന്നുള്ളു. ഭാരതത്തിന്റെ രാഷ്‌ട്രപതിയായി അദ്ദേഹത്തെ അവരോധിച്ചതോടെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയെ ബിജെപി സര്‍ക്കാര്‍ ലോകത്തിന് സംഭാവന ചെയ്യുകയായിരുന്നെന്ന് മജീദ് പറയുന്നു. ഭാരതത്തിന്റെ പരമോന്നത പദവിയിലേക്ക് ഉയര്‍ന്നിട്ടും ലളിതജീവിതം നയിച്ച് ജനകോടികള്‍ക്ക് മാതൃകയായ കലാമിനെ വരുംതലമുറയുടെ റോള്‍മോഡലാക്കാ ന്‍പ്രേരിപ്പിക്കുന്ന ചെറുശ്രമമാണ് താന്‍ നടത്തുന്നതെന്നും ഓര്‍മിപ്പിച്ച് വിനയാന്വിതനാവുകയാണ് അബ്ദുള്‍ മജീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: