തിരുവനന്തപുരം/കിളിമാനൂര്‍: ആക്കുളം കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച മൂന്നുപേരില്‍ അമ്മയും കുഞ്ഞും മരിച്ചു. അമ്മൂമ്മയെ അത്യാസന്ന നിലയില്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് കഴക്കൂട്ടം-ചാക്ക ബൈപ്പാസില്‍ ആക്കുളം പാലത്തില്‍ നിന്നാണ് മൂന്നുപേര്‍ കായലിലേക്ക് ചാടിയത്. ഇവരോടൊപ്പം വന്നിട്ടും കായലിലേക്ക് ചാടാതെ ഭയന്നുനിന്ന രണ്ട് ആണ്‍കുട്ടികളെ അതുവഴി വന്ന ഓട്ടോഡ്രൈവറും ബൈക്ക് യാത്രികനും ചേര്‍ന്ന് രക്ഷിച്ചു.
കിളിമാനൂര്‍ ഗവ. എച്ച്എസ്എസിന് സമീപം ജാസ്മി മന്‍സിലില്‍ താമസിക്കുന്ന ജാസ്മി(32), മകള്‍ ഫാത്തിമ(മൂന്നര) എന്നിവരാണ് മരിച്ചത്. അമ്മൂമ്മ സോബിദയെ(49)യാണ് പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവര്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സംഘത്തോടൊപ്പം എത്തിയ ജാസ്മിയുടെ മക്കളായ റംസിന്(10), റയാന്(7) എന്നിവരെയാണ് ഓട്ടോ ഡ്രൈവര്‍ കുളത്തൂര്‍ സ്വദേശിയായ വിനായകനും പൗണ്ടുകടവ് സ്വദേശിയായ ബൈക്ക് യാത്രികന് സുധീഷും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇരുവരും കായലിലേക്ക് ചാടാതെ ഭയന്ന് അറച്ചുനില്‍ക്കുകയായിരുന്നു.
പോലീസ് നല്കുന്ന വിവരം ഇങ്ങനെ: ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് തിരിച്ച സംഘം വൈകീട്ട് ഏഴുമണിയോടെ ബൈപ്പാസിലെ ആക്കുളം പാലത്തിന് സമീപം എത്തുകയായിരുന്നു. കെഎല്‍ 16 എഫ് 6868 ഹുണ്ടായികാറില് കഴക്കൂട്ടം ഭാഗത്തു നിന്നുവന്ന കുടുംബം പാലത്തിന് തൊട്ടുമുമ്പായി കാര്‍ പാര്‍ക്ക് ചെയ്തശേഷം മുന്നോട്ടു നടന്നു പോയി. ഏതാണ്ട് പാലത്തിന്റെ മധ്യഭാഗത്തു നിന്ന് മകള്‍ ഫാത്തിമയെയും എടുത്ത് ജാസ്മിയും സോബിദയും കായലിലേക്ക് ചാടി. ആണ്മക്കളോടും ജാസ്മി ചാടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഭയപ്പെട്ട് അറച്ചുനില്‍ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന ഓട്ടോഡ്രൈവര്‍ വിനായകനും ബൈക്ക് യാത്രികന് സുധീഷും ഓടിയെത്തി കുട്ടികളെ തടഞ്ഞ് രക്ഷിച്ചു. ഇവര്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
ഖത്തറില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി റഹിമാണ് ജാസ്മിയുടെ ഭര്‍ത്താവ്. സൈനുദ്ദീന്‍-സോബിദ ദമ്പതികളുടെ മകളാണ് ജാസ്മി. ഫാത്തിമ കിളിമാനൂര്‍ എംജിഎം സ്കൂളിലെ പ്ലേ ക്ലാസ് വിദ്യാര്‍ഥിനിയാണ്. കിളിമാനൂരിലെ വീട്ടിലുണ്ടായിരുന്ന സൈനുദ്ദീനെ കിളിമാനൂര്‍ പോലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.
സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡിസിപി സഞ്ജയ് കുമാര്‍, ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ഡ് എന്നിവരടങ്ങുന്ന പോലീസ് സംഘം എത്തിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിഐഎസ്എഫ്, വിഎസ്എസ്സി, ഫയര്‍ഫോഴ്സ് എന്നിവരുടെ സംയുക്തസേനയാണ് കായലില്‍ ബോട്ടിറക്കി മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയത്. സോബിദയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ജാസ്മിയുടെയും ഏറെ തിരച്ചിലിനൊടുവില്‍ ഫാത്തിമയുടെയും ജഡം കണ്ടെടുക്കുകയായിരുന്നു. റംസിനെയും റയാനെയും പോലീസ് ഉടന്‍ തന്നെ സ്ഥലത്തു നിന്ന് മാറ്റി അനുനയിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അത്യാസന്നനിലയില്‍ കഴിയുന്ന സോബിദയ്ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസി റജി ജേക്കബ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: