പത്തനംതിട്ട: റവന്യൂ ജില്ല സ്കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ പരാതികളേറെ. മേള നടക്കുന്നത് പത്തനംതിട്ട സബ്ജില്ലയില് ആണെങ്കിലും ഒഫീഷ്യലുകളില്‍ സിംഹഭാഗം പേരും മറ്റു സബ്ജില്ലകളില്‍ നിന്നുള്ളവരാണ്. ഇത് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി. കഴിഞ്ഞ കാലങ്ങളിലെ കീഴ്വഴക്കം അനുസരിച്ച് റവന്യു ജില്ലാ സെക്രട്ടറി ആണ് മീറ്റ് മാനേജര്‍ ആകേണ്ടിയിരുന്നത്. മേള നടത്തപെടുന്ന സബ്ജില്ലയിലെ സ്പോര്‍ട്സ് സെക്ക്രട്ടറി അസിസ്റ്റന്റ് മാനേജരും ആകേണ്ടതാണ്. എന്നാല്‍ ഇത്തവണ ഈ കീഴ്വഴക്കം പാലിച്ചില്ല.
ടെക്നിക്കല്‍ മാനേജര്‍ ആണ് ചാമ്പ്യന്‍ ഷിപ്പിന്റെ നടത്തിപ്പുകളെല്ലാം ഏറ്റെടുക്കേണ്ടത്. ഐ.എ.എ.എഫ് കൊമ്പെറ്റീഷന്‍ റൂള്‍സ് 123 ല്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കേരള സ്റ്റേറ്റ് അമെച്യുര് അത് ലെറ്റിക് അസോസിയേഷന്റെ ടെക്നിക്കല്‍ ഒഫീഷ്യലുകള്‍ ലഭ്യമാണെങ്കില്‍ അവരെ വേണം ടെക്നിക്കല്‍ മാനേജര്‍ആയി പരിഗണിക്കേണ്ടത് . പത്തനംതിട്ട സബ്ജില്ലയില് മൂന്നോളം കായികാദ്ധ്യാപകര്‍ക്ക് ഈ അംഗീകാരം ഉണ്ടത്രേ.എന്നാല്‍ അവരിലൊരാളും സബ് കമ്മിറ്റികളില്‍ പോലും ഉള്‍പെട്ടിട്ടില്ല.
കൊടും ചൂടില്‍ വിശ്രമിക്കാന്‍ ആവശ്യമായ തണല്‍ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഹര്‍ഡില്‍സിലും മറ്റും മത്സര സാമഗ്രികള്‍ ഒരുക്കുന്നതില്‍ വീഴ്ച പറ്റി. ഉച്ചഭാഷിണി മൈതാനത്തിന്റെ എല്ലാ ഭാഗത്തും ക്രമീകരിച്ചില്ല. 200 മീറ്റര്‍ തുടങ്ങിയ മത്സരങ്ങളില്‍ ശരിയായി ട്രാക്ക് വരക്കാതെയാണ് മത്സരം ആരംഭിച്ചത്. മുള വടികളാണ് ഇത്തവണയും പോള്‍ വോള്ട്ടിന് ഒരുക്കിയത്.
പരിക്കേല്‍ക്കുന്ന കുട്ടികളെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിക്കുന്നതില്‍ ഒഫീഷ്യലുകളുടെ പങ്ക് അപര്യാപ്തമായിരുന്നു. ഡ്യൂട്ടിക്ക് നിയോഗിക്കപെട്ട അധ്യാപകരില്‍ നല്ലൊരു ശതമാനം മൈതാനത്ത് എത്തിയിരുന്നില്ല എന്ന പരാതി വ്യാപകമാണ്. മത്സരങ്ങള്‍ പലപ്പോഴും ക്രമം തെറ്റിയും, വൈകിയുമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: