പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. വേലിയമ്പം ചുള്ളിക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചന്ദ്രന് (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കോളനിയിലേക്ക് സുഹൃത്തിനോടൊപ്പം മടങ്ങുകയായിരുന്ന ചന്ദ്രനെ സമീപത്തെ കാട്ടില്‍ നിന്നിറങ്ങിയ ആന ആക്രമിക്കുകയായിരുന്നു. ചന്ദ്രനെ ചവിട്ടുകയും കുത്തുകയും ചെയ്തു. സുഹൃത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസര വാസികള്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ചന്ദ്രനെ പുല്‍പ്പള്ളി ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു. മാര്‍ഗ്ഗമധ്യേ മരണം സംഭവിച്ചു. ശാന്തയാണ് ഭാര്യ. ബാബു, മിനി, ജിത്തു, അമ്മു, ഉണ്ണികൃഷ്ണന്, അഭിലാഷ്, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.
50 ഓളം കുടുംബങ്ങളാണ് വനത്തിലെ ചുള്ളിക്കാട് കോളനിയിലുള്ളത്. ചന്ദ്രന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോളനിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: