ബത്തേരി: ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ (ഞായറാഴ്ച)വടക്കനാടാണ് കടുവ ഭീതി പരത്തിയത്. പച്ചാടി കല്ലിയാടിക്കല് ടോമിയുടെ മൂരിക്കുട്ടനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇത് നാലാം തവണയാണ് വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെ കടുവയുടെ ആക്രമണം. കഴിഞ്ഞ ദിവസം കുപ്പാടി പുത്തന്‍പുരയില്‍ വര്‍ഗീസിന്റെ കെട്ടിയിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. നാല് പ്രാവശ്യവും മൃഗങ്ങളെ ആക്രമിച്ചത് ഒരു കടുവയാണെന്നാണ് വനംപാലകരുടെ നിഗമനം. ഇന്നലെ രാവിലെ മുതല്‍ വടക്കനാട് ഭാഗത്ത് കടുവയെ കണ്ടുവന്ന വാര്‍ത്ത പരന്നിരുന്നു. ഇതേ തുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടാനായി വനപാലകര്‍ ശ്രമം ആരംഭിച്ചു.
വെറ്ററിനറി സര്ജന്മാരായ ഡോ. ജയകുമാര്‍, ഡോ. ജിജിമോന് എന്നിവരുടെ നേതൃത്വത്തില്‍ പച്ചാടിയില്‍ ക്യാമ്പ് ചെയ്താണ് കടുവയെ പിടികൂടാനുള്ള നീക്കം നടത്തിയത്. അതിനിടയിലാണ് മൂരിക്കുട്ടനെ കടുവ കൊന്നത്. കടുവയെ പിടികൂടാനായി മൂന്നിടങ്ങളില്‍ കൂടും സ്ഥാപിച്ചു. ഒന്നാം മൈല്‍, മൂന്നാം മൈല്‍, പച്ചാടി എന്നിവിടങ്ങളിലാണ് കൂടുകള്‍ സ്ഥാപിച്ചത്. അടിക്കടിയുള്ള കടുവയുടെ ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് നില്ക്കുന്ന ഗ്രാമങ്ങളില്‍ വന്യമൃഗ ശല്യം അടുത്തിടെ രൂക്ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: