ശബരിമല: തീര്‍ത്ഥാടകര്‍ നിക്ഷേപിക്കുന്ന തുണികള്‍ പമ്പയില്‍നിന്നും നീക്കംചെയ്യാനായി വീണ്ടും കരാര്നല്കാനുള്ള നീക്കം ദേവസ്വംബോര്‍ഡ് ആരംഭിച്ചതായി സൂചന. ഇതിനായി ചെന്നൈ സ്വദേശിയായ ഒരു കരാറുകാരനെ ബോര്‍ഡ് അധികൃതര്‍ ബന്ധപ്പെട്ടതായാണ് രഹസ്യവിവരം. ഭക്തജനങ്ങള്‍ പമ്പയില്‍ തുണികള്‍ ഒഴുക്കുന്നത് നിരുത്സാഹപ്പെടുത്തണം എന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീര്‍ത്ഥാടനകാലത്ത് തുണികള്‍ നീക്കംചെയ്യാന്‍ കരാര്നല്കാതിരുന്നത്.
പമ്പയില്‍ തുണികള്‍ ഒഴുക്കുന്ന അയ്യപ്പന്മാര്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശവും ഉണ്ടായിരുന്നു. പക്ഷേ തീര്‍ത്ഥാടകര്‍ നദിയില്‍ നിക്ഷേപിക്കുന്ന തുണികള്‍ എന്തുചെയ്യണമെന്ന് കോടതി പരാമര്‍ശിച്ചുമില്ല. ഈ സ്ഥിതി മുതലെടുത്താണ് പുതിയനീക്കത്തിന് ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നത്.
തുണി നീക്കം ചെയ്യുന്നതിന് വീണ്ടും കരാര്നല്കിയാല് ഭക്തര്‍ക്ക് ഇത് പ്രേരണയാകും എന്നതിനാലാണ് ഇത്തവണ കരാര്‍ നല്‍കാതിരുന്നത്. ഭ ക്തജനങ്ങളെ ബോധവത്കരിച്ച് ഈ പ്രവര്‍ത്തിയില്‍നിന്നും പിന്തിരിപ്പിക്കാനായിരുന്നു ആലോചന. പക്ഷേ ഇതിനായി വീണ്ടും കരാര്നല്കാനായി ദേവസ്വംബോര്‍ഡ് നടത്തുന്ന നീക്കം ഭക്തരെ തുണിനിക്ഷേപിത്തിന് പ്രേരിപ്പിക്കും എന്നാണ് പൊതു അഭിപ്രായം. കൂടുതല്‍ ശേഖരത്തിനായി കരാറുകാരനും ഭക്തര്‍ക്കിടയില്‍ ഇതിന് പ്രേരണ നല്‍കാനും സാദ്ധ്യതയുണ്ട്.
ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ പമ്പാനദിയിലേക്ക് ഭക്തര്‍ വലിച്ചെറിയുന്ന തുണികള്‍ പഴയ കരാറുകാരന്റെ തൊഴിലാളികളെ ഉപയോഗിച്ച് ദേവസ്വംബോര്‍ഡ് നേരിട്ട് നീക്കംചെയ്തിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്യുന്ന തുണികള്‍ എന്തുചെയ്യണം എന്നറിയാതെ ഉദ്യോഗസ്ഥരെ വിഷമവൃത്തത്തിലാക്കിയിരുന്നു.
ഇത് ദേവസ്വം ബോര്‍ഡിന് കൂടുതല്‍ ചിലവ് ഉണ്ടാക്കുമെന്നതാണ് പുതിയനീക്കത്തിന് വഴിയൊരുക്കിയത്. കരാറുകാരന് നീക്കംചെയ്യുന്ന തുണികള്‍ വീണ്ടും വൃത്തിയാക്കി കളറുകള്മുക്കി പുതിയ ഉത്പന്നമായി വിപണിയില്‍ എത്തിയിരുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും കുറഞ്ഞ വിലയ്ക്ക് ഈ തുണികള്‍ പിന്നീട് ലഭിക്കും.
ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലുള്ള വന്‍കിട വ്യാപാരികള്‍ക്കാണ് കരാറുകാരന് തുണികള്‍ നല്‍കിയിരുന്നത്. ഒരുതവണമാത്രം ഉപയോഗിച്ചിട്ടുള്ള തുണികള്‍ക്ക് വ്യാപാരികള്‍ ന്യായമായ വിലയും നല്‍കിയിരുന്നു. ഇതുകൊണ്ടുതന്നെ കരാറുകാരന് വന്‍ലാഭമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം 36ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: