കേരളം ആന്താരാഷ്ട്രീയ തലത്തില്‍ സ്ഥാനം പിടിക്കാന്‍ കാരണം നമ്മുടെ കലാ സാംസ്കാരിക പൈതൃകമാണ്. സംഗീത മേളങ്ങളുടേയും ചമയ വിധാനങ്ങളുമുള്ള മലയാളനാടിനെ, ലോകം സ്വര്‍ഗ്ഗതുല്യമായ ഭൂമിയായാണ് വിലയിരുത്തുന്നത്. പാരമ്പര്യ കലകള്‍ വളര്‍ത്തുന്നതില്‍ തൃശ്ശൂരിലെ ചെറുതുരുത്തി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന കേരള കലാമണ്ഡലത്തിന്റെ സ്ഥാനം വളരെ വലുതാണ്. കേരളീയ രംഗ- അനുഷ്ഠാന കലകളുടെ ഈറ്റില്ലമായാണ് ഇതിനെ കരുതപ്പെടുന്നത്. കലയെ സ്നേഹിക്കുന്നവര്‍ക്ക് ഇത് വിദ്യാഭ്യാസ സ്ഥാപനമായല്ല മറിച്ച് കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യ പ്രൗഢി വിളിച്ചോതുന്ന ഒന്നുകൂടിയാണ് കലാമണ്ഡലം.
കേരളത്തിന്റെ തനത് കലകളെ അഭ്യസിപ്പിക്കുന്നതിനായി രൂപം കൊണ്ട കലാക്ഷേത്രമാണ് കേരളകലാമണ്ഡലം. വിദേശീയരും സ്വദേശികളും ഉള്‍പ്പടെ ഒട്ടനേകം പേരാണ് ഇവിടെ ഇന്ന് പഠനത്തിനായി എത്തുന്നത്. പ്രാചീന കാലത്ത് നിലനിന്നിരുന്ന ഗുരുകുല സമ്പ്രദായങ്ങളും കൂത്തമ്പലങ്ങളും ഇപ്പോഴും തുടരുന്നതാണ് ഇവരെ ഈ കലാക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കാനുള്ള മുഖ്യ കാരണം.
അരക്ഷിതമായിത്തീര്‍ന്ന കഥകളിയെയും മോഹിനിയാട്ടത്തെയും സമുദ്ധരിക്കുന്നതിനായി ഒരു ‘പൊതുസ്ഥാപനം’ ആവശ്യമാണെന്ന മഹാകവി വള്ളത്തോളിന്റേയും അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന മണക്കുളം മുകുന്ദരാജയുടേയും നിഗമനമാണ് കേരള കലാമണ്ഡലം യാഥാര്‍ത്ഥ്യമായത്. കഥകളിപോലെ കുറച്ചുപേര്‍ മാത്രം ആരാധകരായുള്ള കലകളുടെ രക്ഷയ്ക്ക് പൊതുസ്ഥാപനമെന്ന ഇവരുടെ ആശയത്തോട് യോജിക്കുന്നവരേക്കാള്‍ വിയോജിപ്പുള്ളവരായിരുന്നു കൂടുതല്‍. അനവധി പേരുടെ ആട്ടുംതുപ്പും ഏറ്റുവാങ്ങിയിട്ടും തളരാതെ മുന്നേറി ഈ രണ്ടു മഹാനുഭാവന്മാരും. ചിലയിടങ്ങളില്‍നിന്ന് പ്രതീക്ഷിക്കാത്ത പ്രോത്സാഹനവും പിന്തുണയും ഇവര്‍ക്കു ലഭിച്ചു. സ്ഥാപനം തുടങ്ങാനുള്ള മൂലധനം സ്വരൂപിക്കലായിരുന്നു ഇവരുടെ മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ടിക്കറ്റുവെച്ച് വിവിധ സ്ഥലങ്ങളില്‍ കഥകളി സംഘടിപ്പിക്കലായിരുന്നു ഈ വിഷയത്തില്‍ പ്രാഥമികമായി ഇവര്‍ നടത്തിയ നീക്കങ്ങളിലൊന്ന്. ഇതില്‍ കൈവരിച്ച വിജയം വള്ളത്തോളിനും മുകുന്ദരാജയ്ക്കും വലിയ പ്രചോദനമായി.
1927 ഡിസംബര്‍ 20ന് ‘കേരള കലാമണ്ഡലം’ എന്ന ഒരു യോഗം കോഴിക്കോട് രജിസ്റ്റര്‍ ചെയ്തു. രണ്ടുലക്ഷം ഉറുപ്പിക എന്ന മൂലധനം സ്വരൂപിക്കുന്നതിനായി ഇവര്‍ ഒരു ഭാഗ്യക്കുറി വിഭാവനം ചെയ്തു. സര് സി. പി. രാമസ്വാമി അയ്യരുടെ നിശ്ചയദാര്‍ഢ്യവും അനുഭാവവുമാണ് അനുമതി ലഭിക്കാന്‍ കാരണമായത്. നറുക്കെടുപ്പിനോടനുബന്ധിച്ച് നടത്തിയ നാലുദിവസത്തെ കഥകളി ആസ്വാദകലോകത്തിന് മികച്ച അനുഭവമായി.
ചെലവ് കഴിച്ചു കിട്ടിയ 75,000/- രൂപ കൊണ്ടാണ് 1930 നവംബര്‍ ഒമ്പതിന് കക്കാട് കാരണവപ്പാടായ കുഞ്ഞുണ്ണിത്തമ്പുരാന്റെ വസതിയായ മഠപ്പാട്ടിലെ തെക്കിനിയില്‍ കേരള കലാമണ്ഡലം എന്ന കലാവിദ്യാലയം കളിവിളക്ക് തെളിയിച്ച് മഹാകവി വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തത്. നാടിന്റെ പല ഭാഗത്തുനിന്നും ഉദാരമതികളായ വ്യക്തികള്‍ മഹാകവിയുടെയും മുകുന്ദരാജയുടെയും ഉദ്യമത്തെ പിന്തുണച്ചു.
പല നിലയ്ക്കും മഠപ്പാടിനകത്തെ കലാമണ്ഡലത്തിന്റെ ജീവിതം പ്രയാസമേറിയതായി. കഷ്ടിച്ച് അഞ്ചുമാസത്തിനുശേഷം സ്ഥാപനത്തിന്റെ ആസ്ഥാനം തൃശൂരിനടുത്ത് മുളങ്കുന്നത്തുകാവിനോട് ചേര്‍ന്ന അമ്പലപുരം ഗ്രാമത്തിലേയ്ക്ക് മാറി. മുകുന്ദരാജയുടെ ‘ശ്രീനിവാസം’ ബംഗ്ലാവ് നൃത്തവും നൃത്യവും ഗീത-വാദ്യങ്ങളുംകൊണ്ട് മുഖരിതമായി. കഥകളിയുടെ സാരസര്വസ്വമായിരുന്ന പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോന് ഏറെത്താമസിയാതെ കലാമണ്ഡലത്തിലെ കഥകളി വിഭാഗത്തില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റു.
19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ മിക്കവാറും അസ്തമയത്തിലെത്തിയ മോഹിനിയാട്ടം എന്ന കൈരളിയുടെ ലാസ്യമനോഹരനൃത്തരൂപം മഹാകവി വള്ളത്തോളിന് എന്നും പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമഫലമായി 1932 ല്‍ മോഹിനിയാട്ടം കലാമണ്ഡലത്തില്‍ പഠനവിഷയമായി. ആദ്യത്തെ ഗുരുനാഥയായി കല്യാണി അമ്മയും എത്തിച്ചേര്‍ന്നു. ആദ്യ വിദ്യാര്‍ത്ഥിയായി അമ്പലപുരത്തുകാരിയായ തങ്കമണിയും. 1950 ല്‍ തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിനിയായ തോട്ടാശ്ശേരി ചിന്നമ്മു അമ്മ കലാമണ്ഡലത്തില്‍ മോഹിനിയാട്ടം അദ്ധ്യാപികയാതോടെയാണ് മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലി സുപ്രതിഷ്ഠിതവും സാര്‍വലൗകികവുമായി മാറിയത്.
1936 ല്‍ കലാമണ്ഡലത്തിന്റെ ആസ്ഥാനം അമ്പലപുരത്തുനിന്ന് ചെറുതുരുത്തിയിലെ ഭാരതപ്പുഴക്കരയില്‍ സ്വന്തമായി വാങ്ങിയ ഭൂമിയിലേക്ക് മാറി. പേരാറിന്റെ തീരത്ത് ഉചിതമായൊരു പ്രദേശം കണ്ടെത്തിയ വള്ളത്തോളും മുകുന്ദരാജയും കലാമണ്ഡലത്തിന് നിലനിന്നുപോരാന്‍ ഭൂമി വേണമെന്നപേക്ഷിച്ച് കൊച്ചി സര്‍ക്കാരിനെ സമീപിച്ചു. ചെറുതുരുത്തിയിലെ പുഴവക്കത്ത് സസ്യശ്യാമളകോമളമായ രണ്ടു ചെറുവളപ്പുകള് സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്ത് കുറച്ചു പുറമ്പോക്ക് നിലവും കൂടി കൂട്ടി ആകെ ആറേക്കര്‍ സ്ഥലം കലാമണ്ഡലത്തിന് പതിച്ചുകൊടുത്തു.
അനുദിനം ഏറിവരുന്ന ചെലവുകള്‍ കലാമണ്ഡലത്തിന്റെ നടത്തിപ്പിനെച്ചൊല്ലി വള്ളത്തോളിലും മുകുന്ദരാജയിലും നിലയ്ക്കാത്ത ഉത്കണ്ഠയ്ക്ക് കാരണമായി. ഗത്യന്തരമില്ലാതെ വള്ളത്തോള്‍ കലാമണ്ഡലത്തിന്റെ ഭരണം 1941 ല്‍ കൊച്ചി സര്‍ക്കാരിനെ ഏല്‍പ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുകുന്ദരാജ തന്റെ കാര്യദര്‍ശിസ്ഥാനം രാജിവെച്ചൊഴിഞ്ഞു.
1951 മുതല്ക്കാണ് കലാമണ്ഡലത്തില്‍ ഭരതനാട്യം ഒരു പാഠ്യവിഷയമായത്. അങ്ങനെ മോഹിനിയാട്ടത്തോടൊപ്പം വിദ്യാര്‍ത്ഥിനികള്‍ ഭരതനാട്യത്തിലും സാരമായ പരിശീലനം നേടി. 1965 കേരള കലാമണ്ഡലത്തെ സംബന്ധിച്ചിടത്തോളം പല നിലയ്ക്കും സുപ്രധാനമാണ്. ചരിത്രത്തിലാദ്യമായി സംസ്കൃതപ്രസ്ഥാനമായ കൂടിയാട്ടം കലാമണ്ഡലത്തിലെ പഠനവിഷയങ്ങളിലൊന്നായി മാറിയ വര്‍ഷം. കൂടിയാട്ട വിഭാഗത്തിന്റെ അധ്യക്ഷനായത്. ഇതോടെ ചാക്യാര്‍-നമ്പ്യാര്‍ കുടുംബങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കൂത്തും കൂടിയാട്ടവും വാസനയും ആഭിമുഖ്യമുള്ളവര്‍ക്കെല്ലാം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യാവുന്ന കലകളായി. ക്ഷേത്രാധിഷ്ഠിതമായി മാത്രം പുലര്‍ന്നുപോന്ന ഇവയുടെ ജാതിബദ്ധമായ ആചാരങ്ങള്‍ക്ക് അറുതി വന്നു. ഇതേ വര്‍ഷം തന്നെയാണ് അന്നമനട പരമേശ്വരമാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം പ്രത്യേക പഠനവിഭാഗമായി കലാമണ്ഡലത്തില്‍ നിശ്ചയിക്കപ്പെട്ടത്. ചാക്യാരുടെ പ്രാമാണ്യത്തില്‍ കൂത്ത്-കൂടിയാട്ടങ്ങളും മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കലാമണ്ഡലത്തിന്റെ ശക്തിയും സൗന്ദര്യവുമായി.
കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, പഞ്ചവാദ്യം എന്നിവയോടൊപ്പം കലാമണ്ഡലത്തില്‍ സ്ഥാനമുറപ്പിച്ച കലയാണ് തുള്ളല്‍. തുള്ളല്‍ സാമ്രാട്ടായിരുന്ന മലബാര്‍ രാമന്‍നായരും മഹാകവി വള്ളത്തോളും തമ്മിലുള്ള ഗാഢമായ സ്നേഹബന്ധം മൂലം രാമന്നായര് അല്‍പ്പകാലം കലാമണ്ഡലത്തില്‍ തുള്ളല്‍ അദ്ധ്യാപകനായെങ്കിലും പരിപാടിയുടെ ബാഹുല്യം മൂലം അദ്ദേഹം ഈ നിലയില്‍ അധികം തുടര്‍ന്നില്ല. പകരം മലബാറില്‍നിന്നുതന്നെ ഈ രംഗത്തെത്തിയ അനുഗൃഹീതനായ കണ്ണന് നായരാണ് കലാമണ്ഡലത്തില്‍ തുള്ളലിന്റെ അദ്ധ്യാപകനായത്.
സ്ഥാപിതമായതില്പ്പിന്നെ എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ട കേരള കലാമണ്ഡലം സംഭവബഹുലമായ എത്രയോ ഘട്ടങ്ങളിലൂടെ കടന്നുപോയി. സമ്പ്രദായശുദ്ധമായ കഥകളിയും സൗന്ദര്യവര്‍ധകമായ കൂടിയാട്ടവും സരളവും ഭാവനിര്മലവുമായ മോഹിനിയാട്ടവും ലയപ്പകിട്ടാര്ന്ന തുള്ളലും ക്രിയാസമൃദ്ധങ്ങളായ വാദ്യഘോഷങ്ങളും വായ്പാട്ടും ചുട്ടി-ചമയങ്ങളും ചേര്‍ന്ന കേരള കലാമണ്ഡലം എന്ന സംജ്ഞ വിശ്വകലാസംസ്കൃതിയുടെ ഈടുവെയ്പുകളിലൊന്നായി. പ്രതിഭാധനരായ എത്രയെത്ര കലാകാരന്മാരും കലാകാരികളും കലാമണ്ഡലത്തിന്റെ പതാകവാഹകരായി ലോകമെങ്ങും വിലസി.
കളരിയും പൊതുവിദ്യാഭ്യാസവും
1930 മുതല്‍ ആറു പതിറ്റാണ്ടിലധികം കലാമണ്ഡലത്തില്‍ കലാവിഷയങ്ങള്‍ മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. കളരികളിലെ ഗുരുകുലക്ലിഷ്ടമായ അഭ്യാസത്തിനു പുറമെ സാഹിത്യക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നു. സംസ്കൃത പണ്ഡിതനും വിമര്ശനപ്രതിഭയുമായിരുന്ന കുട്ടികൃഷ്ണമാരാരായിരുന്നു കലാമണ്ഡലത്തിന്റെ ആദ്യകാല സാഹിത്യാധ്യാപകന്‍. സര്‍ട്ടിഫിക്കറ്റ് കോഴ്സായും തുടര്‍ന്ന് ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സായും പതിനാലോളം കലാവിഷയങ്ങള്‍ കലാമണ്ഡലത്തില്‍ പഠിപ്പിച്ചുപോന്നു. 1990ല്‍ കേരള സര്‍ക്കാര്‍ കലാമണ്ഡലത്തിന് ഹൈസ്കൂള്‍ വിദ്യാഭ്യാസം അനുവദിച്ചു. ഏഴാം ക്ലാസ് പാസ്സായി. അഭിമുഖപരീക്ഷയിലൂടെ പ്രവേശനം നേടിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായി. തുടര്‍ വര്‍ഷങ്ങളില്‍ കലാമണ്ഡലത്തില്‍ ബിരുദപഠനവും ആരംഭിച്ചു.
കല്‍പ്പിത സര്‍വകലാശാല
കലാമണ്ഡലത്തിന് സര്‍വകലാശാല പദവി എന്ന സ്വപ്നം മഹാകവിയ്ക്കും പണ്ടേയുണ്ടായിരുന്നു. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറുമായുണ്ടായ അടുപ്പം വള്ളത്തോളിന്റെ ആഗ്രഹത്തിന് കൂടുതല്‍ വ്യാപ്തി നല്കി. സാമ്പ്രദായിക രീതിയിലുള്ള സര്‍വകലാശാലയാണോ സാംസ്കാരിക സര്‍വകലാശാലയാണോ അഭികാമ്യം എന്ന നിലയില്‍ നീണ്ടുനീണ്ടു പോയ ചര്‍ച്ചകള്‍ക്കൊടുവില്‍ ‘കല്‍പ്പിത സര്‍വകലാശാല’ എന്ന ആശയം പ്രബലമായി. 2006 ല്‍ ഇതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാവുകയും 2007 ല്‍ സര്‍ക്കാര്‍ കേരള കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയായി പ്രഖ്യാപിക്കുകയും ചെയ്തു.
കല്‍പ്പിത സര്‍വകലാശാലയായതോടെ കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം എന്നീ വിഷയങ്ങളില്‍ ബിരുദ കോഴ്സുകള്‍ക്ക് തുടക്കമിട്ടു. പിന്നീട് കര്‍ണാടകസംഗീതം, കഥകളിച്ചെണ്ട, മൃദംഗം എന്നീ കലാവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനവും ആരംഭിച്ചു. കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ 14 കലാവിഷയങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങുകയുണ്ടായി.
ഭരണം
വള്ളത്തോളിന്റെയും മുകുന്ദരാജയുടെയും മാനസപുത്രിയായ കേരള കലാമണ്ഡലം അവരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നു മാറി ഒരു പൊതുസ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതികളിലേക്ക് പരിവര്‍ത്തനപ്പെടുന്നത് 1941 ലാണ്. സാംസ്കാരിക വകുപ്പ് രൂപീകൃതമായതോടെ കലാമണ്ഡലം അതിന്റെ കീഴില്‍ സ്വതന്ത്ര ഭരണാധികാരസ്വഭാവമുള്ള സ്ഥാപനമായി മാറി. സര്‍ക്കാരില്‍ നിന്ന് പദ്ധതി-പദ്ധതിയേതര വിഭാഗങ്ങളില്‍ വര്‍ഷംതോറും ലഭിച്ചുവരുന്ന ഗ്രാന്റാണ് കലാമണ്ഡലത്തിന്റെ സാമ്പത്തികമായി ആസ്തി.
കൂത്തമ്പലം
ഭരതമുനിയുടെ നാട്യശാസ്ത്ര വിധി പ്രകാരം രംഗമണ്ഡപമുള്പ്പെട്ട, പ്രത്യേകം സജ്ജമാക്കപ്പെട്ട ഗൃഹമാണ് കൂത്തമ്പലം. കേരളത്തെ സംബന്ധിച്ചിടത്തോളം കൂത്തും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പാരമ്പര്യാനുസാരിയായി അവതരിപ്പിച്ചുപോരുന്ന പവിത്രസ്ഥലമാണിത്. തൃശൂര്‍ വടക്കുനാഥക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലും മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമുള്ള പാരമ്പര്യവിധികള്‍ ഉള്‍ക്കൊണ്ട് എഞ്ചിനീയറായ ഡി. അപ്പുക്കുട്ടന് നായര്‍ രൂപകല്‍പ്പന ചെയ്തതാണ് കേരള കലാമണ്ഡലത്തിന്റെ കൂത്തമ്പലം.
1976 ല്‍ പണി പൂര്‍ത്തിയായ കൂത്തമ്പലത്തിന്റെ അകവും പുറവും കളിക്കാര്‍ക്കും കാണികള്‍ക്കും വശ്യമനോഹരമായ ഒരനുഭവമാണ്. കൂത്തമ്പലത്തിനുള്ളിലെ കരിങ്കല്ത്തൂണുകളില് 108 നൃത്തകരണങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. നാട്യശാസ്ത്രത്തില്‍ അനുശാസിക്കും പ്രകാരമാണ് ഈ കരണങ്ങള്‍ രൂപം കൊടുത്തിട്ടുള്ളത്. തേക്കും ഈട്ടിയുമാണ് കൂത്തമ്പലത്തിന്റെ നിര്‍മിതിയില്‍ ഉപയോഗിച്ചിട്ടുള്ളത്. അരങ്ങിനു രണ്ട് അണിയറകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാലപ്പഴക്കംകൊണ്ട് മേല്‍ക്കൂരയിലും മറ്റുമുണ്ടായ കേടുപാടുകള്‍ തീര്‍ത്ത് അതിന്റെ പഴയ പ്രൗഢി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
ആര്‍ട്ട് ഗാലറി
കലാമണ്ഡലത്തില്‍ പഠനവിഷയങ്ങളായ പ്രധാന കലാരൂപങ്ങളുടെ പൂര്‍ണകായ ശില്പ്പങ്ങള് ഫൈബറില്‍ തയ്യാറാക്കിയത് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിനുണ്ട്. പ്രസിദ്ധ ചരിത്രകാരനായ നമ്പൂതിരിയാണ് ഫൈബറില്‍ ഈ ശില്‍പ്പങ്ങള്‍ക്ക് രൂപ-ഭാവങ്ങളും ഹസ്തമുദ്രാസ്ഥാനങ്ങളും സമ്മാനിച്ചത്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളല്‍ എന്നിവയുടെ വര്ണദീപ്തമായ ശില്‍പ്പങ്ങളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.
ലൈബ്രറി
കലാമണ്ഡലത്തിന് രണ്ട് ഗ്രന്ഥശാല കെട്ടിടങ്ങളുണ്ട്. ഒന്ന് ഭരണകാര്യാലയത്തിന് സമീപവും അടുത്തത് അതിനുപിന്നില്‍ കളരികള്‍ക്ക് നടുവിലുമാണ്. 25000ത്തില്‍പ്പരം ഗ്രന്ഥങ്ങളുള്ള കലാമണ്ഡലം ഗ്രന്ഥശാല വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. 175ലധികം താളിയോല ഗ്രന്ഥങ്ങളും അപ്പുക്കുട്ടന് നായരുടെ കൈയക്ഷരത്തിലുള്ള പ്രൗഢോജ്വലമായ ലേഖനങ്ങളും ഈ ശേഖരത്തിലുണ്ട്. കലാമണ്ഡലത്തില്‍ ക്ഷണിതാക്കളായി വന്ന് കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ച പ്രശസ്തയുടെ ആവിഷ്കാരങ്ങള്‍, ദൃശ്യാലേഖനം ചെയ്ത് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടികളുടെ ഭാഗമായി യൂറോപ്പില്‍ നിന്നും ഇതര രാജ്യങ്ങളില്‍നിന്നും കലാമണ്ഡലത്തിലെത്തുന്ന കലാഗവേഷകരും കലാപണ്ഡിതരും മറ്റും ലൈബ്രറിയിലെ ബൃഹത്തായ ജ്ഞാനശേഖരം ഉപയോഗിച്ചുവരുന്നു.
കഥകളിയിലും കൂടിയാട്ടത്തിലും മോഹിനിയാട്ടത്തിലും തുള്ളലിലും പുതിയ പ്രമേയങ്ങള്‍ പരീക്ഷിക്കാനും ആവിഷ്കാരങ്ങളില്‍ നവനീത വരുത്താനും പ്രാപ്തരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു നിര കലാമണ്ഡലത്തില്‍ കര്‍മോത്സുകരാണ്. കാലം ആവശ്യപ്പെടുന്ന വലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സ്വന്തം അനന്യത നിലനിര്‍ത്താനും ഇച്ഛാശക്തിയോടെ മുന്നേറാനും മഹാകവി വള്ളത്തോളിന്റെ സ്വപ്നസാക്ഷാത്കാരമായ ഈ കലാവിദ്യാലയത്തിന് സാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: