പത്തനംതിട്ട: ആരോമല്‍ ദേവും, അമല്‍ ദേവും ഇരട്ടകളാണ്. എങ്കിലും അമലിനെയാണ് ജ്യേഷ്ഠന് എന്ന് വിളിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പത്തനംതിട്ട ജില്ലാ സ്കൂള്‍ കായിക മത്സരങ്ങളില്‍ അവര്‍ പങ്കെടുക്കുന്ന വിഭാഗത്തില്‍ പോള്‍ വോള്‍ട്ട് ഇനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇവര്‍ തന്നെ പങ്കിടുന്നു.
ഇത്തവണ ഒന്നാം സ്ഥാനം അനുജനായ ആരോമല്‍ ദേവിനാണ്. രണ്ടാം സ്ഥാനം അമലിനും. ആരോമല്‍ പഠിക്കുന്നത് കാവും ഭാഗം ദേവസ്വം ബോര്‍ഡ് ഹയെര് സെക്കണ്ടറി സ്കൂളിലും ആരോമല്‍ പഠിക്കുന്നത് കവിയൂര്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഹയര്‍ സെക്കണ്ടറി സ്കൂളിലും. രണ്ടു പേരും പ്ലസ് വണ്ണിന്.
ഇരവിപേരൂര്‍ കാരുമല ചെങ്ങരൂര്‍ വീട്ടില്‍, ചെത്ത് തൊഴിലാളിയായ ഹരീഷ് കുമാറിന്റയും വീട്ടമ്മയായ ഗിരിജയുടെയും മക്കളാണ് ഇരുവരും. പതിനാലു വര്‍ഷമായി വാടക വീട്ടിലാണ് താമസം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതും, പരിശീലനത്തിന് പണം കണ്ടെത്തുന്നതും അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ്. ഇപ്പോള്‍ പരിശീലനം നല്‍കുന്നത് ഇരുവരും പത്താം ക്ലാസ് വരെ പഠിച്ച വള്ളംകുളം നാഷണല്‍ ഹൈസ്കൂളിലെ അദ്ധ്യപകനായ
രമേശാണ്.
പ്രിയ ശിഷ്യന്മാരെക്കുറിച്ച് പരിശീലകനായ രമേശിനു പ്രതീക്ഷകള്‍ ഏറെയാണ്. സംസ്ഥാന തലത്തിലും അതിനപ്പുറത്തും മെഡലുകള്‍ നേടാന്‍ രണ്ടാള്‍ക്കും കഴിയും. പക്ഷെ സാമ്പത്തിക പരാധീനതയുണ്ട് . ഒരു ഫൈബര്‍ പോളിന് 50,000 ത്തോളം രൂപയാകും. കൂടാതെ ലാന്റിംഗ് ബെഡു വേണം. ഇവരുടെ കുടുംബത്തെ സംബന്ധിച്ചു അതിനുള്ള കഴിവില്ല. ഫൈബര്‍ പോള്‍ കൊണ്ടുള്ള പരിശീലനം വലിയ മത്സരങ്ങളില്‍ മെഡല്‍ നേടാന്‍ അത്യാവശ്യമാണ്. സഹായത്തിനു വേണ്ടി ഇരവിപേരൂര്‍ പഞ്ചായത്തില്‍ അപേക്ഷ കൊടുത്തു. പൈക്കപദ്ധതിയില് ഉള്‍പെടുത്തി തുക അനുവദിക്കാമെന്നു പഞ്ചായത്ത് ഭരണ സമിതി അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ ഭരണ മാറ്റമുണ്ടായത് അല്പം കാലതാമസം വരുത്തി.
ഒരു പോള്‍ വോള്‍ട്ട് മത്സരത്തിന്റെ ടി വി സംപ്രേഷണം കണ്ടാണ് ആരോമലും അമലും അതില്‍ ആകൃഷ്ടരായത്. മുളവടി ചെത്തിയൊരുക്കി വയലില്‍ പരിശീലനം തുടങ്ങി. മെഡലുകള്‍ ഏറെ കരസ്ഥമാക്കാന്‍ കഴിഞ്ഞെങ്കിലും പരിശീലനം ഇന്നും പഴയപടി തന്നെ. ഉയരങ്ങളുടെ മത്സരങ്ങള്‍ കീഴടക്കാന്‍ സഹായ ഹസ്തവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഇരട്ടകുട്ടികള്‍. മെഡലുകള്‍ അച്ഛന് സമ്മാനിക്കണം, അത് അമ്മക്കൊത്തിരി സന്തോഷമാവും എന്നുംഅവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: