ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ മഹാവ്യക്തിത്വത്തെ ഓരോരുത്തര് അവര്‍ക്ക് വേണ്ടതരത്തില്‍ വ്യാഖ്യാനിച്ച് ഒരു വഴിക്കാക്കുന്നുണ്ട്. മനുഷ്യജാതിയും സ്നേഹമതവും വിശ്വാസദൈവവും ചേര്‍ന്ന് മുന്നോട്ടുപോയാല്‍ പരസ്പരം ആക്രമിക്കാനോ, പാരപണിയാനോ ഒരാള്‍ക്കും സമയമുണ്ടാവില്ല. അങ്ങനെ വരുമ്പോള്‍ രാജ്യം താനെ നന്നാവും. അതിന് ഒരു മിശിഹായും വേണമെന്നില്ല.
ഓരോരുത്തര്‍ക്കും സ്വയം തോന്നിയാല്‍ മതി. അതിന് പക്ഷേ, സാഹചര്യം ഇല്ല എന്നതാണവസ്ഥ. രാഷ്ട്രീയമായി, ജാതീയമായി, സാംസ്കാരികമായി ഓരോരുത്തരെയും പൊതിഞ്ഞിരിക്കുന്ന കവചത്തില്‍ നിന്ന് പുറത്തു വരാനാകാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അങ്ങനെ പുറത്തുവരണമെങ്കില്‍ ~ഒരു ചെറിയകാര്യം ചെയ്യുകയത്രേ വേണ്ടത്. അത് പരസ്പരം സ്നേഹിക്കലാണ്. ഇത് വളരെ എളുപ്പം, ഒരു പൂവ് വിടരുന്നത്ര ലാഘവത്തോടെ നടക്കാവുന്നതേയുള്ളൂ. പക്ഷേ, സംഭവിക്കുന്നില്ല. എന്താ കാരണം. അതിനെക്കുറിച്ചാണ് നമുക്കു ചിന്തിക്കേണ്ടത്.
കേരളത്തെ അറിയാനും അറിയിക്കാനും ഒരു യാത്ര നടത്തണമെന്ന് തോന്നിയാല്‍ ആര്‍ക്കും ആയത് നടത്താവുന്നതേയുള്ളൂ. അതിന് പ്രത്യേക അനുവാദം (ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ മാത്രം മതിയല്ലോ അത്) വാങ്ങിക്കേണ്ട കാര്യമില്ല. അങ്ങനെ വേണമെന്നുണ്ടെങ്കില്‍ ഇത് പ്രബുദ്ധ കേരളമാവില്ലല്ലോ. പ്രക്ഷുബ്ധകേരളമല്ലേ ആവുക. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശന വ്യാപ്തി എത്രമാത്രമുണ്ടെന്ന് ഗവേഷണം നടത്തി ആരും കണ്ടുപിടിച്ചിട്ടില്ല. സാധാരണഗതിയില്‍ ഒരു ഗവേഷണത്തിലൂടെ അറിയാനും സാധിക്കാത്തതാണത്.
തങ്ങള്‍ പറയുന്നതാണ് ഗുരുദേവന്റെ കാഴ്ചപ്പാട് എന്ന നിലയിലേക്ക് താഴ്ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രാഷ്ട്രീയത്തിന്റെ ഇത്തിക്കണ്ണിസംസ്കാരം ചോരയില്‍ കലര്‍ന്നവര്‍ക്ക് അവര്‍ പറയുന്നതരത്തില്‍ നാട്ടുകാര്‍ നടന്നില്ലെങ്കില്‍ അവരെ സകലവിധത്തിലും ആക്രമിച്ച് നശിപ്പിക്കുകയെന്നതത്രേ നടപ്പുരീതി. ഈ രീതിയില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വിദ്വാനുണ്ട്. സ്വന്തം നേട്ടത്തിന് എന്തും എങ്ങനെയും ഉപയോഗിക്കാന്‍ കഴുകന്റെ മാനസികാവസ്ഥയുമായി പാറപ്പുറത്ത് കയറിയിരിക്കുകയാണ് വിദ്വാന്. പാര്‍ട്ടിക്കു വേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് അതിവിദഗ്ധമായി തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവ് ടിയാന് ജന്മസിദ്ധമത്രെ.
ഇപ്പറഞ്ഞ വിദ്വാന് ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം മനസ്സിലാക്കിയതും അത് മറ്റുള്ളവര്‍ക്കായി വ്യാഖ്യാനിച്ചുകൊടുക്കുന്നതും എങ്ങനെയാണെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ മതി. ഇതാ നോക്കൂ, ഒരു ജാതി ഒരു മതം ഒരു ദൈവം എന്നല്ലേ. എന്നാല്‍ ഈ വിദ്വാന് മനസ്സിലാക്കിയത് അങ്ങനെയല്ല. ഒരു ജാതി, ഒരു മതം, ഒരു നേതാവ് എന്ന തരത്തിലാണ്. ഒന്നുകൂടി പിന്നോട്ടു പോയാല്‍ ആ നേതാവ് താന്‍ തന്നെയെന്നും. എന്നു വെച്ചാല്‍ തന്റെ സമുദായത്തില്‍ താനല്ലാതെ മറ്റൊരു നേതാവു വേണ്ട. അത് വളരെ കൃത്യമായും കണിശമായും നടപ്പാക്കാന്‍ വിദ്വാന് ചിലപ്പോള്‍ പാര്‍ട്ടിയുടെ വഴി സ്വീകരിക്കും.
മറ്റു ചിലപ്പോള്‍ ജനങ്ങളുടെ ഒപ്പമെന്ന് വരുത്തി അവരുടെ വഴിയിലൂടെ പോകും. എങ്ങനെ വീണാലും നാലുകാലില്‍ എന്ന മാര്‍ജാര നീതിയാണ് വിദ്വാന്റെ അടിസ്ഥാന സ്വഭാവം. അതിനിനി എന്തെങ്കിലും മാറ്റം വരുമെന്ന് കരുതിയെങ്കില്‍ തെറ്റി. പാര്‍ട്ടിയില്‍ വടക്കന്‍ നേതാവിന് അപ്രമാദിത്വം കിട്ടുന്നു എന്നു വന്നപ്പോള്‍ ജനങ്ങളെ കൂട്ടിപ്പിടിച്ച് അത് തകര്‍ക്കാന്‍ ശ്രമിച്ചു, ഇപ്പോഴും ആ പ്രയത്നത്തില്‍ തന്നെ. എന്നു വെച്ചാല്‍ സമുദായത്തില്‍ താനല്ലാതെ മറ്റൊരാള്‍ നേതൃനിരയില്‍ വേണ്ട. എത്ര വിദഗ്ധമായി അതിന് കരുക്കള്‍ നീക്കിയെന്ന് ഓരോരോ സംഭവങ്ങള്‍ എടുത്ത് വിശകലനം ചെയ്തു നോക്കൂ.
മറ്റൊന്ന്, ശ്രീനാരയണ ധര്‍മ്മ പരിപാലന യോഗത്തിന്റെ വഴിയാണ്. ആ വഴിയില്‍ അനിഷേധ്യനേതാവായി ഒരാള്‍ അങ്ങനെ വാഴുന്നത് വേലിക്കകത്തിരുന്ന് എത്രയോ കാലമായി അസ്വസ്ഥതയോടെ നോക്കിക്കാണുകയാണ്. ആ നേതാവിന്റെ ഊട്ടുപുരയിലും അത്താഴപ്പുരയിലും എത്ര തവണ ചെന്നിരിക്കുന്നു. വേണ്ടത്ര സംഗതികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. സഹായങ്ങള്‍ വാങ്ങിയിരിക്കുന്നു. അപ്പോഴും പക്ഷേ, ഒരസ്വസ്ഥത മനസ്സിന്റെ ഏതൊക്കയോ കോണില്‍ ചുരമാന്തിയിരുന്നു. പക്ഷേ, അത് പ്രകടിപ്പിക്കാനായിരുന്നില്ല. സമുദായത്തില്‍ അനിഷേധ്യസ്ഥാനമുള്ള ഒരു നേതാവിനെതിരെ എങ്ങനെ പെട്ടെന്ന് വാളെടുക്കും. അങ്ങനെയിരിക്കെയാണ് സമത്വമുന്നേറ്റയാത്ര കേരളത്തിന്റെ അഭിമാനമായി മാറിയത്. ആ അഭിമാനത്തിന് വല്ലാത്തൊരു ശക്തിയും കരുത്തുമുണ്ട്. അത് പ്രസ്ഫുരിപ്പിക്കുന്ന ഊര്‍ജത്തിന് ശതകോടി സൂര്യന്മാരുടെ പ്രഭാവമുണ്ട്.
എല്ലാ അനുഭവിക്കപ്പെടാന്‍ മാത്രമേ അവകാശമുള്ളൂ എന്നു കരുതുന്ന ഒരു ജനതയുടെ സ്വത്വാത്മക സ്ഥൈര്യത്തിന്റെ മുഖശോഭ അതിനുണ്ട്. അതുകൊണ്ടുതന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. തിരുവനന്തപുരത്തെ ശംഖുമുഖത്ത് ആ യാത്രയ്ക്ക് പരിസമാപ്തിയാവുമ്പോള്‍ നേരത്തെ സൂചിപ്പിച്ച വിദ്വാന് ഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥ വരും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ വരാതിരിക്കണമെങ്കില്‍ അതിനുള്ള ശകുനിപ്പണി ചെയ്തേ തീരൂ. എന്നും മനസ്സില്‍ മുഴങ്ങുന്നുണ്ട്, ഒരു ജാതി ഒരു മതം ഒരു നേതാവ്. സ്വസമുദായത്തില്‍ താനല്ലാതെ മറ്റൊരു നേതാവു വേണ്ട.
മൃഗാധിപത്യമായിരുന്നെങ്കില്‍ ഒന്നൊന്നായി കൊന്നൊടുക്കി തിന്നു തീര്‍ക്കാമായിരുന്നു. ഇവിടെ അതു പറ്റില്ല. അതിന് പണി വേറെ വേണം. ഇവിടെ മാനസികമായി കൊന്നു തിന്നണം. വേലിക്കകത്തുനിന്ന് ഇതൊക്കെ കൃത്യമായി പഠിച്ചിട്ടുണ്ട്. എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് കൈവശപ്പെടുത്തിയതെന്നും മുഖ്യമന്ത്രിക്കുപ്പായം എടുത്തണിഞ്ഞതെന്നും നോക്കിയാല്‍ മതി കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റും. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില എന്നൊരു ന്യായമുണ്ട്. വെള്ളാപ്പള്ളി നടേശനെ വേലിക്കകത്തെ വിദ്വാന് എന്നും അങ്ങനെയെ കണ്ടിട്ടുള്ളൂ.
ഇതു തിരിച്ചറിഞ്ഞ വെള്ളാപ്പള്ളി വഴിയൊന്ന് മാറ്റിയപ്പോഴാണ് സ്വസമുദായത്തില്‍ നിന്ന് മറ്റൊരു നേതാവ് ഉയര്‍ന്നു വരുന്നതിന്റെ അസ്വസ്ഥത തീര്‍ക്കാന്‍ വേലിക്കകത്തെ വിദ്വാന് സകല ആയുധങ്ങളുമായി ഉറഞ്ഞുതുള്ളിത്തുടങ്ങിയത്. എന്നും കുപ്രചാരണവും കലാപവുമായി നാടുകത്തിക്കുന്ന പാര്‍ട്ടിയുടെ നേതാവിന് തന്ത്രങ്ങള്‍ മെനയാനാണോ പ്രയാസം. സമത്വ മുന്നേറ്റയാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാണുണ്ടാവുകയെന്ന് വേലിക്കകന്‍ പറയുന്നത് വെറുതെയല്ല. വടക്കന്‍ നഗരങ്ങളില്‍ ചെയ്യാന്‍ കഴിയാത്ത പലതിനും സ്കോപ്പുണ്ട് എന്നൊരു ഭീഷണി ആ വാക്കുകളിലുണ്ട്. സ്വന്തം അപ്രമാദിത്വം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നം (വിഡ്രൊവല്‍സിംമ്റ്റം) അതിന്റെ വിശ്വരൂപം കാണിച്ചുതുടങ്ങുകയാണ്. അത് എങ്ങനെയൊക്കെ ഏതൊക്കെ രീതിയില്‍ സംഭവിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
ഏതായാലും ഒരു ജാതി ഒരു മതം ഒരു നേതാവ് എന്നാണ് ഗുരുദേവദര്‍ശനത്തില്‍ നിന്ന് നമ്മുടെ വേലിക്കകന്‍ മനസ്സിലാക്കിയിരിക്കുന്നത് എന്നത് വ്യക്തമാണല്ലോ. അതിനാല്‍ തന്നെ പുതിയ പുതിയ ശൈലികള്‍, പദങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവയൊക്കെ നമ്മുടെ മുമ്പിലേക്കുവരും. അതിലൊക്കെ, അത് ഞമ്മളാ എന്ന തരത്തില്‍ ഒരു വേലിക്കകന്‍ പ്രയോഗം പൂഴിക്കടകനായി ഉണ്ടാവും. ഏതായാലും കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്തും ഒരു പിണറായിക്കാരന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്കൂളില്‍ ഒരലക്ക് അലക്കിയിട്ടുണ്ട്. നടേശനല്ല ഭീഷണിയെന്ന് ശരിക്കറിഞ്ഞെങ്കില്‍ പണി പാളുന്നതിനു മുമ്പ് കാര്യങ്ങള്‍ക്കൊരു കണക്കുണ്ടാക്കിയാല്‍ കൊള്ളാം എന്നേ കാലികവട്ടത്തിന് പറയാനുള്ളൂ. ഗുരുവചനത്തില്‍ നിന്ന് വ്യതിചലിക്കാത്തയാളാണെന്ന് മഹാഭൂരിപക്ഷം കരുതുന്ന നടേശന് അദ്ദേഹത്തിന്റെ വഴിക്കു പോകട്ടെ. അതുമായി പുലബന്ധമില്ലാത്ത വിദ്വാന് കളി തുടങ്ങിയത് ഓര്‍ത്ത് പെരുമാറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: