കൊയിലാണ്ടി: മകരജ്യോതി ദര്‍ശനത്തിനായി സേതുമാധവന് ഇക്കൊല്ലവും ശബരിമലയിലേക്ക് പുറപ്പെട്ടു. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും യാതൊരു മുടക്കവും വരുത്താറില്ല 67 കാരനായ സേതുമാധവന്.
മണ്ഡലകാലമായാല്‍ അയ്യപ്പ ദര്‍ശനത്തിന് വേണ്ടി ഏതുപ്രതിസന്ധിയും നേരിടുവാനുള്ള മനക്കരുത്ത് സ്വായത്തമാക്കിയാണ് തന്റെ ശാരീരിക വൈകല്യങ്ങളോട് പൊരുതി യാത്രപുറപ്പെടുന്നത്. ഒമ്പതാമത്തെ വയസ്സില്‍ വീടിനടുത്തുള്ള പുഴയില്‍ വീണ് ഗുരുതരമായപരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്നുപോയ സേതുമാധവന് കഴിഞ്ഞ 18 വര്‍ഷമായി ചിട്ടതെറ്റിക്കാതെ അയ്യപ്പദര്‍ശനം നടത്തുന്നുണ്ട്. യാത്രയ്ക്കാവശ്യമായ പണം കണ്ടെത്തുന്നത് ഭക്തജനങ്ങളുടേയും വഴിയാത്രക്കാരുടേയും സഹായത്തിലൂടെയാണ്. യാത്രക്കിടയില്‍ മറ്റ് പ്രധാനക്ഷേത്രങ്ങളിലും ദര്‍ശനം നടത്തും. രാത്രിയായാല്‍ ക്ഷേത്രങ്ങളിലുറങ്ങി പുലര്‍ച്ചെ വീണ്ടും യാത്ര ആരംഭിക്കും.
കഴിഞ്ഞ തവണ 18 വര്‍ഷം പൂര്‍ത്തിയാക്കി ദേവസന്നിധിയില് തൈവെച്ച് മടങ്ങിയ ഈ ഭക്തന് ഇത്തവണയും തന്റെ ട്രോളിയും തള്ളി ദര്‍ശനത്തിനായി പയ്യന്നൂരിലെ ഏഴിലോട്ട് നിന്ന് യാത്രയാരംഭിച്ചിരിക്കുകയാണ്. ഇന്നലെയാണ് കൊയിലാണ്ടിയിലെത്തിയത്. 40-45 ദിവസത്തെ ദീര്‍ഘയാത്രയ്ക്കൊടുവില്‍ പമ്പയില്‍ എത്തും. അവിടെ നിന്ന് ഇരുമുടിയേന്തി നീലിമലയേറും ട്രോളിതാഴെവെച്ച് 18-ാം പടിചവിട്ടും. ദര്‍ശനത്തിന് ശേഷം തിരിച്ച് ഡോളിയില്‍ പമ്പയില്‍ വന്ന് മകരജ്യോതിസ്സ് മനംനിറയെ ദര്‍ശിക്കും. പയ്യന്നൂരില്‍ ആക്രികച്ചവടക്കാരനാണ് സേതുമാധവന്.
അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി ജോലിചെയത് മിച്ചമുള്ളത് മക്കള്‍ക്കും കുടുംബത്തിനും നല്‍കും. മരണം വരെ തന്റെ ഈ ചിട്ട തുടരാന്‍ കഴിയണമെന്നാണ് സേതുമാധവന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: