കല്‍പ്പറ്റ:വയനാട്ടില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുപ്പിച്ച ഉത്തരവിനെ പരിസ്ഥിതി സംഘടനകള്‍ കോടതിയില്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന പരിസ്ഥിതി-രാഷ്ട്രീയ സംഘടനകളുടെ ഏകോപന സമിതി യോഗത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനം.
ജില്ലയില്‍ ബഹുനില കെട്ടിട നിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ വി.കേശവേന്ദ്രകുമാര്‍ ജൂണ്‍ 30ന് ഉത്തരവായിരുന്നു. ഇത് ഹൈക്കോടതി ശരിവെക്കുകയുമുണ്ടായി. എന്നിരിക്കെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുതിയ ഉത്തരവിറക്കിയത്. ഇത് ജില്ലാ അതോറിറ്റി ചെയര്‍മാന്റെ ഉത്തരവ് മരവിപ്പിക്കുന്നതിനും മന്ത്രിസഭയിലെ ചിലരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുമാണെന്ന് ഏകോപന സമിതി വിലയിരുത്തി. ജില്ലയിലെ പ്രകൃതിദുരന്ത സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ഇതിലെ വ്യവസ്ഥകളെ നിക്ഷിപ്ത താത്പര്യക്കാര്‍ ഒഴികെ ജനങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്തതാണ്. നിയമം നടപ്പിലാക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനു സര്‍ക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്-യോഗം അഭിപ്രായപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സി.എസ്.ധര്‍മരാജ്, ഔവര്‍ ഓണ്‍ നേച്ചര്‍), വര്‍ഗീസ് വട്ടേക്കാട്ടില്‍(പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി), അബു പൂക്കോട്(ഗ്രീന്‍ ക്രോസ്), സാം.പി.മാത്യു(ജില്ലാ സെക്രട്ടറി, സി.പി.ഐ(എം.എല്‍), സണ്ണി പടിഞ്ഞാറെത്തറ(ബാണാസുര പ്രകൃതി സംരക്ഷണ സമിതി), ഡോ.പി.ജി.ഹരി(മനുഷ്യാവകാശ സാംസ്കാരിക വേദി) എന്നിവര്‍ പ്രസംഗിച്ചു. ഏകോപന സമിതി കണ്‍വീനര്‍ തോമസ് അമ്പലവയല്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: